പാരീസ്: ടോക്യോയ്ക്കു പിന്നാലെ പാരീസിലും ഒളിമ്പിക്‌സ് വില്ലേജില്‍ എത്തിയ താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത് കാര്‍ഡ്ബോര്‍ഡ് കട്ടിലുകള്‍. ഒളിമ്പിക് വില്ലേജിലെ മുറികളില്‍ ഒരുക്കിയിരിക്കുന്ന കാര്‍ഡ്ബോര്‍ഡ് കട്ടിലുകളുടെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ചില താരങ്ങള്‍ ഈ കട്ടിലിന്റെ ബലം പരിശോധിക്കുന്ന ദൃശ്യങ്ങളും വൈറലാണ്. റീസൈക്കിള്‍ ചെയ്ത കാര്‍ഡ്ബോര്‍ഡുകള്‍ ഉപയോഗിച്ചാണ് ഈ കട്ടിലുകള്‍ ഉണ്ടാക്കിയിരിക്കുന്നത്.

കോവിഡിന് പിന്നാലെ നടന്ന ടോക്കിയോ ഒളിംപിക്‌സില്‍ ഒളിംപിക്‌സ് വില്ലേജില്‍ കായികതാരങ്ങള്‍ അടുത്തിടപഴകുന്നത് തടയാനായി അവതരിപ്പിച്ചതായിരുന്നു ആന്റി സെക്‌സ് ബെഡുകള്‍. ഒരാളുടെ ഭാരം മാത്രം താങ്ങാന്‍ കഴിയുന്നതരത്തില്‍ കാര്‍ഡ്‌ബോര്‍ഡുകള്‍ കൊണ്ടുണ്ടാക്കിയ ബെഡുകളായിരുന്നു ഇത്. കായിക താരങ്ങള്‍ ഇതിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നെങ്കിലും പാരീസ് ഒളിംപിക്‌സിലും കായികതാരങ്ങള്‍ക്കായി ഒളിംപിക്‌സ് വില്ലേജില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് ആന്റി സെക്‌സ് ബെഡുകള്‍ തന്നെയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞ തവണ കോവിഡിന്റെ സമയത്ത് നടന്ന ടോക്യോ ഒളിമ്പിക്സിനിടെയാണ് കാര്‍ഡ്ബോര്‍ഡ് കട്ടിലുകള്‍ വൈറലാകുന്നത്. ഗെയിംസിനെത്തുന്ന താരങ്ങള്‍ തമ്മിലുള്ള ശാരീരിക ബന്ധം ഒഴിവാക്കാനാണ് സംഘാടകര്‍ ഇത്തരത്തിലുള്ള കട്ടിലുകള്‍ ഒരുക്കിയിരിക്കുന്നതെന്ന് ഒരു താരം ആരോപിച്ചതോടെയാണ് ഇത് ശ്രദ്ധ നേടുന്നത്. പിന്നാലെ ഇതിന് 'ആന്റി സെക്സ് കാര്‍ഡ്ബോര്‍ഡ് ബെഡ് ' പേരും ലഭിച്ചിരുന്നു.

എന്നാല്‍ അത്ര ബലക്കുറവുള്ളവയല്ല കട്ടിലുകള്‍. ഇവ 100 ശതമാനം ഉറപ്പുള്ളവയാണെന്നും ഫ്രാന്‍സില്‍ തന്നെ നിര്‍മിച്ചതാണെന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒളിമ്പിക്സിനെത്തിയ നിരവധി കായികതാരങ്ങള്‍ ഇവയുടെ ബലം പരീക്ഷിക്കുന്ന വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാമിലും മറ്റും പങ്കുവെച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ടെന്നീസ് താരങ്ങളായ ഡാരിയ സാവില്ലെയും എലന്‍ പെരസും കാര്‍ഡ്ബോര്‍ഡ് കട്ടിലിനു മുകളിലേക്ക് ചാടുന്നതിന്റെയും പരിശീലിക്കുന്നതിന്റെയും വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

ബെഡില്‍ വോളി പരിശീലനവും സ്‌ക്വാട് ജംപും സ്റ്റെപ്പ് അപ്പുമെല്ലാം ഇവര്‍ ചെയ്തിട്ടും കിടക്കകള്‍ക്ക് യാതൊരു കുലുക്കവുമില്ലെന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിറില്‍ പറയുന്നു. ഓസീസ് താരങ്ങള്‍ക്ക് പുറമെ ഐറിഷ് ജിംനാസ്റ്റിക് താരമായ റൈസ് മക്ലനാഗനും തന്റെ കിടക്കയില്‍ ശക്തിപരീക്ഷണം നടത്തിയശേഷം ഇത് ആന്റി സെക്‌സ് ബെഡല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു.

ഇതിനെ ആന്റി സെക്സ് ബെഡ് എന്ന് വിളിക്കാനാകില്ലെന്നും റൈസ് കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷ് ഡൈവര്‍ ടോം ഡാലെയും ഈ കാര്‍ഡ്ബോര്‍ഡ് കട്ടിലിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഈ കട്ടിലുകള്‍ അത്ര സുഖകരമല്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

നേരത്തേ കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ടാണ് ടോക്യോ ഒളിമ്പിക്‌സില്‍ കായികതാരങ്ങള്‍ക്കായി കാര്‍ഡ്ബോര്‍ഡ് കട്ടിലുകള്‍ ഒരുക്കിയതെന്നായിരുന്നു സംഘാടകരുടെ പക്ഷം. ഒരാളുടെ ഭാരം താങ്ങാവുന്ന തരത്തിലുള്ളതാണ് ഈ കാര്‍ഡ് ബോര്‍ഡ് കട്ടിലുകള്‍. 18000-ത്തോളം കട്ടിലുകളാണ് ഇത്തരത്തില്‍ കഴിഞ്ഞ ഒളിമ്പിക്സിന് തയ്യാറാക്കിയിരുന്നത്. ജൂലൈ 26നാണ് ഒളിംപിക്‌സിന് ദീപശിഖ ഉണരുക. 117 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്.