പാരിസ്: പാരിസ് ഒളിംപിക്സ് ബാഡ്മിന്റന്‍ പുരുഷന്‍മാരുടെ ഡബിള്‍സില്‍ ചരിത്രം കുറിച്ച് സ്വാതിക്-ചിരാഗ് സഖ്യം ക്വാര്‍ട്ടറില്‍. ഒളിംപിക്‌സ് ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ടീം എന്ന നേട്ടം സ്വാതിക് സായ്രാജും ചിരാഗ് ഷെട്ടിയും സ്വന്തമാക്കി. ഗെയിംസിന്റെ മൂന്നാം ദിനം മാര്‍വര്‍-മാര്‍ക് ജര്‍മന്‍ സഖ്യം പരിക്കേറ്റ് പുറത്തായത് സ്വാതിക്കിനും ചിരാഗിനും തുണയായി. ഇന്തോനേഷ്യന്‍ താരങ്ങള്‍ തോറ്റതും ഇന്ത്യന്‍ ടീമിന് ക്വാര്‍ട്ടര്‍ പ്രവേശനത്തിന് വഴിതെളിച്ചു.

ഇതോടെ, ചൊവ്വാഴ്ച നടക്കുന്ന ഇന്തൊനേഷ്യന്‍ ജോടിക്കെതിരായ മത്സരം, ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ വേണ്ടി മാത്രമുള്ളതായി. ഇതോടെ, ബാഡ്മിന്റനില്‍ ഒളിംപിക്‌സ് ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇന്ത്യന്‍ ജോഡികളായി ഇവര്‍ മാറി. അതേസമയം പുരുഷ അമ്പെയ്ത്തില്‍ ടീം ഇനത്തില്‍ ഇന്ത്യ പുറത്തായി. ക്വാര്‍ട്ടറില്‍ തുര്‍ക്കിയോടാണ് ഇന്ത്യന്‍ ടീമിന്റെ പരാജയം.

10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ ഇന്ത്യന്‍ വനിതാ താരം റമിതാ ജിന്‍ഡാലിനു മെഡല്‍ നേടാനാകാതെ പോയത് നിരാശയായി. ഫൈനലില്‍ ഏഴാമതായാണ് റമിത ഫിനിഷ് ചെയ്തത്. ആദ്യ റൗണ്ടിലെ അഞ്ച് ഷോട്ടുകള്‍ പിന്നിട്ടപ്പോള്‍ രമിത നാലാം സ്ഥാനത്തായിരുന്നെങ്കിലും പിന്നീടുള്ള റൗണ്ടുകളില്‍ താരം പിന്നോട്ടുപോകുകയായിരുന്നു. 2022 ലെ ഏഷ്യന്‍ ഗെയിംസില്‍ റമിത ടീം ഇനത്തില്‍ സ്വര്‍ണവും വ്യക്തിഗത ഇനത്തില്‍ വെങ്കലവും നേടിയിട്ടുണ്ട്.

വനിതാ ഡബിള്‍സ് ബാഡ്മിന്റനില്‍ ഇന്ത്യന്‍ താരങ്ങളായ അശ്വിനി പൊന്നപ്പയും ടാനിഷ ക്രാസ്റ്റോയും തോറ്റു. ജാപ്പനീസ് താരങ്ങളായ മത്‌സ്യൂമ, ഷിദ എന്നിവര്‍ 1121, 1221 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യത്തെ പരാജയപ്പെടുത്തിയത്. ചൊവ്വാഴ്ച നടക്കുന്ന ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ സഖ്യമാണ് ഇന്ത്യന്‍ താരങ്ങളുടെ എതിരാളികള്‍.

പുരുഷ ടെന്നീസ് സിംഗിള്‍സില്‍ സ്പെയിനിന്റെ റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍ പുറത്തായതും മൂന്നാം ദിനത്തിലെ ശ്രദ്ധേയ വാര്‍ത്തയാണ്. രണ്ടാം റൗണ്ടിലെ ക്ലാസിക് പോരാട്ടത്തില്‍ സെര്‍ബിയയുടെ നൊവാക് ജോകോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് നദാലിനെതിരെ ജയം സ്വന്തമാക്കി. സ്‌കോര്‍ 6-1, 6-4.