പാരിസ്: പാരിസ് ഒളിംപിക്‌സില്‍ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഷൂട്ടിങ് ഫൈനലില്‍ മനു ഭാകറാണ് ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ വെടിവച്ചിട്ടത്. ആദ്യ ഷോട്ടില്‍ തന്നെ രണ്ടാം സ്ഥാനത്തെത്താന്‍ മനുവിനു സാധിച്ചിരുന്നു. ഫൈനല്‍ പോരാട്ടത്തില്‍ നാലു താരങ്ങള്‍ പുറത്തായി നാലു പേര്‍ മാത്രം ബാക്കിയായപ്പോള്‍ ഒന്നാം സ്ഥാനത്തെത്താന്‍ മനുവിന് 1.3 പോയിന്റുകള്‍ കൂടി മതിയായിരുന്നു. എന്നാല്‍ അവസാന അവസരങ്ങളില്‍ താരം വെങ്കല മെഡലിലേക്കെത്തുകയായിരുന്നു. ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് മനു ഭാകര്‍.

തുടക്കം മുതല്‍ മികച്ചു നിന്ന മനു മെഡല്‍ പൊസിഷനില്‍ നിന്ന് പുറത്താവാതെയാണ് മുന്നേറിയത്. ആദ്യ 14 ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു താരം. പിന്നാലെ കൊറിയന്‍ താരത്തിന്റെ കടുത്ത വെല്ലുവിളി കടന്നാണ് താരം മെഡല്‍ നേടിയത്. ആദ്യ രണ്ട് സ്റ്റേജുകള്‍ക്ക് ശേഷം എലിമിനേഷന്‍ സ്റ്റേജും കടന്നാണ് താരം മെഡല്‍ നേടിയത്.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ മൂന്നാംസ്ഥാനത്തോടെയാണ് താരം ഫൈനലിന് യോഗ്യത നേടിയത്. ആറ് സീരീസുകള്‍ക്കൊടുവില്‍ 27 ഇന്നര്‍ 10 അടക്കം 580 പോയന്റ് നേടിയാണ് മനു ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്.

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ ഇനത്തില്‍ രമിത ജിന്‍ഡാള്‍ ഫൈനലില്‍ കടന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഷൂട്ടിങ്ങില്‍ മെഡല്‍ റൗണ്ടിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമാണ് രമിത. 631.5 പോയന്റോടെയാണ് രമിതയുടെ ഫൈനല്‍ പ്രവേശനം.

അതേസമയം ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന ഇളവേണില്‍ വാളറിവന്‍ ഫൈനല്‍ കാണാതെ പുറത്തായി. 630.7 പോയന്റ് നേടിയ ഇളവേണില്‍ പത്താം സ്ഥാനത്തായി. 2004-ലെ ഏതന്‍സ് ഒളിമ്പിക്സില്‍ മെഡല്‍ റൗണ്ടിലെത്തിയ സുമ ഷിരൂരിന് ശേഷം ഒളിമ്പിക്സ് മെഡല്‍ റൗണ്ടില്‍ കടക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതാ റൈഫിള്‍ ഷൂട്ടര്‍ കൂടിയാണ് രമിത. താരത്തിന്റെ പരിശീലക കൂടിയാണ് സുമ ഷിരൂര്‍ എന്നതാണ് ശ്രദ്ധേയമായ കാര്യം.

അന്ന് സ്വര്‍ണമെഡല്‍, ഇന്ന് പൊന്നിന്റെ വിലയുള്ള വെങ്കലം

ബോക്‌സര്‍മാരുടെയും ഫയല്‍വാന്‍മാരുടെയും നാടായ ഹരിയാനയില്‍ നിന്നു വന്ന ഒരു പതിനാറുകാരി ആറ് വര്‍ഷം മുമ്പ് 2018 ല്‍ ലോകകപ്പ് ഷൂട്ടിങ്ങില്‍ സ്വര്‍ണമെഡല്‍ നേടിയപ്പോള്‍ ഇന്ത്യന്‍ കായികലോകം ഒന്നാകെ കൈയടിച്ചു. അത് മനു ഭാക്കറിന്റെ വരവായിരുന്നു. പതിനാലാം വയസില്‍ മാത്രം ഷൂട്ടിങ്ങ് റേഞ്ചിലെത്തിയ മനു ഭാക്കര്‍ ഐഎസ്എസ്എഫ് ലോക ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറിയ വര്‍ഷം തന്നെ സ്വര്‍ണവുമടിച്ചാണ് മടങ്ങിയത്.

ജൂനിയര്‍ ലോകകപ്പില്‍ മത്സരിക്കേണ്ട കൊച്ചു കുട്ടി മെക്‌സിക്കോയില്‍ അന്ന് തോല്‍പ്പിച്ചവരില്‍ ഒളിമ്പിക് ചാമ്പ്യന്‍ അന്നാ കൊറകാകിയും മൂന്നു തവണ ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവായ സലിനാ ഗോബര്‍വിലെയും ഉണ്ടായിരുന്നു. തന്റെ പ്രിയ ഇനമായ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തിലും സ്വര്‍ണം നേടിയാണ് അന്ന് മനു ഭാക്കര്‍ മടങ്ങിയത്. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും മനു സ്വര്‍ണമണിഞ്ഞു.

ഫുട്ബോളിന്റെ മെക്കയില്‍, അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍, 2018 ല്‍ നടന്ന ലോക യൂത്ത് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടി വീണ്ടും മനു ഭാക്കര്‍ ചരിത്രം സൃഷ്ടിച്ചു. യൂത്ത് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി. ടോക്കിയോ ഒളിമ്പിക്‌സില്‍ മനു ഭാക്കര്‍ മൂന്ന് ഇനങ്ങളില്‍ മത്സരിച്ചിരുന്നെങ്കിലും ഒറ്റയിനത്തിലും ഫൈനല്‍ റൗണ്ടിലോ മെഡല്‍ റൗണ്ടിലോ എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് മനു ഇരുത്തം വന്ന ഷൂട്ടറാണ്.

ഈ വര്‍ഷം മികച്ച ഫോമിലാണ് മനു. ഗ്രാനഡയില്‍ നടന്ന ലോക ചാമ്പ്യന്‍ിപ്പില്‍ വെങ്കലം നേടിയ മനു ഭാക്കര്‍ എയര്‍ റൈഫിള്‍ 10 മീറ്ററില്‍ ലോകത്തെ മികച്ച മൂന്ന് താരങ്ങളിലൊരാളാണ്. പ്രതീക്ഷ തെറ്റിക്കാതെ ഇന്ത്യക്ക് വേണ്ടി പാരീസില്‍ ആദ്യ മെഡല്‍ നേടുകയാണ് മനു.