- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഡ്മിന്റന്‍ കോര്‍ട്ടിലും ഇന്ത്യക്ക് നിരാശ; ചിരാഗ് - സാത്വിക് സഖ്യം ക്വാര്‍ട്ടറില്‍ പുറത്ത്; പ്രതീക്ഷയോടെ പി വി സിന്ധുവും ലക്ഷ്യയും പ്രണോയിയും
പാരിസ്: ഷൂട്ടിങ് വേദിയിലെ മെഡല്‍ നേട്ടമൊഴിച്ചുനിര്ത്തിയാല് പാരിസ് ഒളിംപിക്സിന്റെ ആറാം ദിനം ഇന്ത്യക്കു നിരാശ. പുരുഷ ഹോക്കിയിലും ബോക്സിങ്ങിലും തോല്‍വി വഴങ്ങിയതിന് പിന്നാലെ ബാഡ്മിന്റന്‍ കോര്‍ട്ടിലും തിരിച്ചടി നേരിട്ടു. പുരുഷ വിഭാഗം ഡബിള്‍സില്‍ ലോക അഞ്ചാം നമ്പര്‍ സഖ്യമായ ചിരാഗ് ഷെട്ടി സാത്വിക് സായ്രാജ് സഖ്യം കടുത്ത പോരാട്ടത്തിനൊടുവില്‍ ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി.
ലോക റാങ്കിങ്ങില്‍ ഏഴാമതുള്ള മലേഷ്യയുടെ ആരോണ്‍ ചിയ സോ വൂയി യിക് സഖ്യമാണ് ഇന്ത്യന്‍ സഖ്യത്തെ വീഴ്ത്തിയത്. ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യന്‍ സഖ്യം തോല്‍വി വഴങ്ങിയത്. സ്കോര്‍: 13- 21, 21- 14, 21-16. നേരത്തെ, പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സില്‍ സ്വപ്നില്‍ കുസാലെയാണ് ഇന്ത്യയ്ക്കായി പാരിസില്‍ മൂന്നാം വെങ്കലം സ്വന്തമാക്കിയത്. പാരിസില്‍ ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ച മൂന്നു മെഡലുകളും ഷൂട്ടിങ്ങില്‍ നിന്നാണ്. ഒറ്റ ഒളിംപിക്സില്‍ ഇന്ത്യ ഷൂട്ടിങ്ങില്‍ മൂന്നു മെഡലുകള്‍ നേടുന്നതും ഇതാദ്യം.
അതേസമയം, വനിതാ വിഭാഗം ഷൂട്ടിങ്ങില്‍ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സില്‍ സിഫ്റ്റ് സമ്റയും അന്‍ജും മൗദ്ഗില്ലും ഫൈനല്‍ കാണാതെ പുറത്തായി. യോഗ്യതാ റൗണ്ടില്‍ അന്‍ജും 584 പോയിന്റോടെ 18ാം സ്ഥാനത്തും സിഫ്റ്റ് 575 പോയിന്റോടെ 31ാം സ്ഥാനത്തുമായി. പുരുഷ ഹോക്കിയില്‍ ഇന്ത്യ ലോക ഒന്നാം നമ്പര്‍ ടീമായ ബല്‍ജിയത്തോടു തോറ്റു. ഒരു ഗോളിന്റെ ലീഡ് നേടിയ ശേഷമാണ് നിലവിലെ ചാംപ്യന്മാര്ക്കെതിരെ ഇന്ത്യ തോല്‍വി വഴങ്ങിയത്. തോറ്റെങ്കിലും ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്.
ഇനി വെള്ളിയാഴ്ച നടക്കുന്ന അടുത്ത മത്സരത്തില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. വനിതാ ബോക്സിങ്ങില്‍ 50 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന നിഖാത് സരീന് പ്രീക്വാര്‍ട്ടറില്‍ തോറ്റു. ലോക ചാംപ്യനായ ചൈനയുടെ വുയുവിനോട് 05 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം തോറ്റത്. പുരുഷന്മാരുടെ അമ്പെയ്ത്ത് വ്യക്തിഗത എലിമിനേഷനില്‍ ഇന്ത്യന്‍ താരം പ്രവീണ്‍ ജാദവും തോറ്റു. വനിതകളുടെ 20 കിലോ മീറ്റര്‍ റേസ് വോക്കില്‍ ഇന്ത്യന്‍ താരം പ്രിയങ്ക ഗോസ്വാമി നിരാശപ്പെടുത്തി.
45 താരങ്ങള്‍ മത്സരിച്ച ഇനത്തില്‍ 41ാം സ്ഥാനത്താണ് പ്രിയങ്ക ഫിനിഷ് ചെയ്തത്. പുരുഷ വിഭാഗം 20 കിലോമീറ്റര്‍ നടത്തത്തില്‍ അക്ഷദീപ് സിങ്, വികാഷ് സിങ്, പരംജീത്ത് സിങ് ബിഷ്ത് എന്നിവരും നിരാശപ്പെടുത്തി. ടേബിള്‍ ടെന്നിസ് സിംഗിള്‍സില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന ശ്രീജ അകുല പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി
മെഡല്‍ പ്രതീക്ഷയുള്ള ബാഡ്മിന്റനില്‍ ഇനി ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍ണായക മത്സരങ്ങളുണ്ട്. വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു ഇന്ന് പ്രീക്വാര്‍ട്ടറില്‍ മത്സരിക്കും. രാത്രി പത്തിന് ചൈനീസ് താരം ഹെ ബിന്‍ജാവോയ്ക്കെതിരെയാണ് സിന്ധുവിന്റെ പോരാട്ടം. പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരങ്ങളായ എച്ച്.എസ്. പ്രണോയിയും ലക്ഷ്യ സെന്നും നേര്‍ക്കുനേര്‍ വരുന്നു. വൈകിട്ട് 5.40നാണ് മത്സരസമയം.