- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹര്‍മന്‍പ്രീതിന്റെ ഇരട്ട ഗോളുകള്‍; 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയയെ വീഴ്ത്തി; ഒളിംപിക്സ് ഹോക്കിയില്‍ ചരിത്ര വിജയവുമായി ഇന്ത്യ
പാരീസ്: ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യക്ക് ചരിത്ര വിജയം. 52 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഹര്‍മന്‍പ്രീത് സിംഗിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയെ സഹായിച്ചത്. ഒരെണ്ണം അഭിഷേകിന്റെ വകയായിരുന്നു. തോമസ് ക്രെയ്ഗ്, ബ്ലേക്ക് ഗോവേഴ്സ് എന്നിവരാണ് ഓസ്ട്രേലിയയുടെ ഗോളുകള്‍ നേടിയത്. ഗ്രൂപ്പിലെ അഞ്ച് മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഇന്ത്യ 10 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഇന്ന് അര്‍ജന്റീന, ബെല്‍ജിയത്തിനെതിരെ പരാജയപ്പെട്ടാല്‍ ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്താം.
ഇതോടെ പാരിസ് ഒളിംപിക്സില്‍ ഗോള്‍ നേടുന്ന ഏഴാമത്തെ ഓസീസ് താരമായി ക്രെയ്ഗ്. അതേസമയം, 52 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ഒളിംപിക്സില്‍ ഓസീസിനെ തോല്‍പ്പിക്കുന്നത്.
ഇന്ത്യന്‍ ഗോള്‍മുഖം വിറപ്പിച്ച ഓസീസ് നീക്കത്തിനു പിന്നാലെ നടത്തിയ കൗണ്ടര്‍ അറ്റാക്കിലാണ് ഇന്ത്യ ആദ്യ ഗോള്‍ നേടിയത്. ഇന്ത്യന്‍ പകുതിയില്‍ ഓസീസ് താരത്തിന്റെ മികച്ചൊരു ഷോട്ട് ശ്രീജേഷ് രക്ഷപ്പെടുത്തിയതിനു പിന്നാലെ അവര്‍ക്ക് അനുകൂലമായി പെനല്‍റ്റി കോര്‍ണര്‍. അതും രക്ഷപ്പെടുത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണവും ആദ്യ ഗോളും. ലളിത് ഉപധ്യായുടെ ആദ്യ ഷോട്ട് ഓസീസ് ഗോള്‍കീപ്പര്‍ തടുത്തെങ്കിലും പന്തു ലഭിച്ചത് അഭിഷേകിന്. വെട്ടിത്തിരിഞ്ഞ് അഭിഷേക് തൊടുത്ത പൊള്ളുന്ന ഷോട്ട് ഓസീസ് വലയില്‍. സ്കോര്‍ 1 - 0.
തൊട്ടുപിന്നാലെ ഇന്ത്യ ലീഡ് വര്‍ധിപ്പിച്ചു. ഇത്തവണ ഊഴം ടൂര്‍ണമെന്റില്‍ നിലവിലെ ടോപ് സകോററായ ഇന്ത്യന്‍ നായകന് ഹര്‍മന്‍പ്രീത് സിങ്ങിന്. പെനല്‍റ്റി കോര്‍ണറില്‍നിന്ന് ലഭിച്ച പന്തിനെ മറ്റൊരു ബുള്ളറ്റ് ഷോട്ടിലൂടെ ഹര്‍മന്‍പ്രീത് വലയിലെത്തിച്ചു. ആദ്യ ക്വാര്‍ട്ടറില്‍ത്തന്നെ ഇന്ത്യ 2 - 0നു മുന്നില്‍.
രണ്ടാം ക്വാര്‍ട്ടറില്‍ തോമസ് ക്രെയ്ഗിലൂടെ ഓസീസ് ഒരു ഗോള്‍ മടക്കിയെങ്കിലും, മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ മൂന്നാം ഗോള്‍ നേടി. ഇത്തവണയും ലക്ഷ്യം കണ്ടത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത്. ഇന്ത്യയ്ക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി കോര്‍ണര്‍ ഗോള്‍ലൈനിനു സമീപം ഓസീസ് താരം കാല്കൊണ്ട് തടഞ്ഞതോടെ ഇന്ത്യയ്ക്ക് അനുകൂലമായി പെനല്‍റ്റി സ്ട്രോക്ക്. ഷോട്ടെടുത്ത ഹര്‍മന്‍പ്രീത് അനായാസം ലക്ഷ്യം കണ്ടതോടെ ഇന്ത്യ 3 - 1ന് മുന്നില്‍. അവസാന ക്വാര്‍ട്ടറില്‍ ഓസീസ് രണ്ടാം ഗോളും നേടിയെങ്കിലും ഇന്ത്യ പ്രതിരോധം മറക്കാതെ വിജയത്തിലെത്തി.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലാണ് ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരായ ഓസീസിനെ ഇന്ത്യ വീഴ്ത്തിയത്. റാങ്കിങ്ങില്‍ ഏഴാം സ്ഥാനക്കാരാണ് ഇന്ത്യ. ആദ്യ 3 മത്സരങ്ങളിലായി 2 ജയവും ഒരു സമനിലയും നേടി ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്ന ഇന്ത്യയ്ക്ക്, ഈ വിജയത്തോടെ താരതമ്യേന ദുര്‍ബലരായ എതിരാളികളെ ലഭിക്കും. ആദ്യ മത്സരത്തില്‍ 3 - 2ന് ന്യൂസീലന്‍ഡിനെ വീഴ്ത്തിയ ഇന്ത്യ, രണ്ടാം മത്സരത്തില്‍ അര്‍ജന്റീനയോട് 1 - 1ന് സമനില പിടിച്ചു. അടുത്ത മത്സരത്തില്‍ അയര്‍ലന്‍ഡിനെ 2- 0ന് തോല്‍പ്പിച്ചതോടെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഒന്നാം റാങ്കുകാരും നിലവിലെ ചാംപ്യന്മാരുമായ ബല്‍ജിയത്തോടു മാത്രമാണ് ഇന്ത്യ തോറ്റത്. അവര്‍ക്കെതിരെ 1- 0ന്റെ ലീഡ് നേടിയ ശേഷം രണ്ടു ഗോള്‍ വഴങ്ങിയാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്.