മനു ഭാകറിന് പാരീസില്‍ ഹാട്രിക് മെഡലില്ല; ചരിത്രനേട്ടം നേരിയ വ്യത്യാസത്തില്‍ നഷ്ടം; വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളില്‍ നാലാം സ്ഥാനം
- Share
- Tweet
- Telegram
- LinkedIniiiii
പാരിസ്: ഷൂട്ടിങ് റേഞ്ചില്‍നിന്ന് ഹാട്രിക് മെഡലുകളെന്ന ചരിത്രനേട്ടത്തിലേക്ക് നിറയൊഴിച്ച ഇന്ത്യന്‍ താരം മനു ഭാക്കറിന് നേട്ടത്തിലെത്താനായില്ല. മെഡല്‍ വഴിയില്‍ ഏറിയ പങ്കും മുന്നിലായിരുന്നെങ്കിലും അവസാന ഘട്ടത്തില്‍ പിഴച്ചതോടെ 25 മീറ്റര്‍ പിസ്റ്റളില്‍ നാലാം സ്ഥാനവുമായി മനു ഭാക്കറിന് മടക്കം. ഈ ഒളിംപിക്സില്‍ രണ്ട് മെഡല്‍ നേടി മനു നേരത്തേതന്നെ ചരിത്രം സൃഷ്ടിച്ചിരുന്നു. 25 മീറ്റര്‍ പിസ്റ്റളില്‍ ദക്ഷിണ കൊറിയയുടെ യാങ് ജിന്‍ സ്വര്‍ണം നേടി. ആതിഥേയ രാഷ്ട്രമായ ഫ്രാന്‍സിന്റെ കാമില്ല ജെദ്റെസ്കിയ്ക്കാണ് വെള്ളി. ഹംഗറി താരം വെറോനിക്ക മേജര്‍ വെങ്കലം നേടി.
വെങ്കല മെഡലിനുള്ള പോരാട്ടത്തില്‍ ഹംഗറിയുടെ വെറോനിക്കയോടു തോറ്റാണ് മനു ഭാക്കര്‍ നാലാം സ്ഥാനത്ത് ഒതുങ്ങിയത്. യോഗ്യതാ മത്സരത്തില്‍ ഒളിംപിക് റെക്കോര്‍ഡിന് ഒപ്പമെത്തുന്ന പ്രകടനവുമായി ഒന്നാം സ്ഥാനത്തോടെയാണ് ഹംഗേറിയന്‍ താരം വെറോനിക്ക ഫൈനലില്‍ കടന്നത്.
സ്റ്റേജ് രണ്ട് എലിമിനേഷനിലെ അവസാന സീരീസുകളിലെ മോശം പ്രകടനമാണ് താരത്തിന് തിരിച്ചടിയായത്. രണ്ടാം സ്റ്റേജിലെ നാലാം സീരിസില്‍ മൂന്നും അഞ്ചാം സീരിസില്‍ അഞ്ചും ആറാം സീരീസിലും ഏഴാം സീരീസിലും നാലു പോയന്റ് വീതവും നേടിയ മനുവിന് പക്ഷേ എട്ടാം സീരിസില്‍ പിഴച്ചു. എട്ടാം സീരീസില്‍ രണ്ട് പോയന്റ് മാത്രം നേടിയ മനുവിനെ പിന്തള്ളി ഹംഗറിയുടെ വെറോണിക്ക മേജര്‍ വെങ്കലം സ്വന്തമാക്കുകയായിരുന്നു.
യോഗ്യതാ റൗണ്ടില്‍ വെറും 2 പോയിന്റ് വ്യത്യാസത്തിലാണ് 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭാക്കര്‍ രണ്ടാമതായിപ്പോയത്. ഒന്നാമതെത്തിയത് ഹംഗറിയുടെ വെറോനിക്ക മേജര്‍ (592 പോയിന്റ്). മനു നേടിയത് 590 പോയിന്റ്. മൂന്നാമതെത്തിയത് ഇറാന്റെ ഹനിയേ റൊസ്താമിയന് (588). ഇതേയിനത്തില്‍ മത്സരിച്ച ഇന്ത്യയുടെ ഇഷാ സിങ് 581 പോയിന്റോടെ 18ാം സ്ഥാനവുമായി പുറത്തായിരുന്നു. ആദ്യ 8 സ്ഥാനക്കാര്‍ മാത്രമാണു ഫൈനലിലേക്കു കടന്നത്.
നിലവില്‍ 10 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലും 10 മീറ്റര്‍ പിസ്റ്റള്‍ മിക്സഡ് വിഭാഗത്തിലും വെങ്കലം നേടിയ മനു മൂന്നാം മെഡല്‍ സ്വപ്നം കണ്ടാണ് ഫൈനലില്‍ മത്സരിച്ചത്. യോഗ്യതാറൗണ്ടില്‍ രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്തായിരുന്നു താരത്തിന്റെ ഫൈനല്‍ പ്രവേശനം. ദക്ഷിണ കൊറിയയുടെ ജിന്‍ യാങ്ങിനാണ് സ്വര്‍ണം. ഫ്രാന്‍സിന്റെ കാമില്‍. ജെ വെള്ളി മെഡല്‍ സ്വന്തമാക്കി.