പാരിസ്: വനിതാ ആര്‍ച്ചറിയില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി ദീപിക കുമാരിക്കു തോല്‍വി. ദക്ഷിണകൊറിയയുടെ നാം സു ഹ്യോനോട് 4 - 6ന് തോറ്റാണ് ഇന്ത്യന്‍ താരം പുറത്തായത്. മൂന്നാം സെറ്റ് അവസാനിച്ചപ്പോള്‍ സുഹ്യോണിനെതിരെ 4-2ന് മുന്നിലായിരുന്ന ദീപിക പ്രതീക്ഷ നല്‍കിയെങ്കിലും അവസാന രണ്ട് സെറ്റിലെ മോശം പ്രകടനത്തോടെ 4-6ന്റെ തോല്‍വി വഴങ്ങി. ജര്‍മന്‍ താരം മിഷേല്‍ ക്രോപ്പനെ വീഴ്ത്തിയാണ് ദീപിക കുമാരി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. പക്ഷേ ക്വാര്‍ട്ടറില്‍ ലക്ഷ്യം തെറ്റി.

ആദ്യ സെറ്റില്‍ 28 പോയന്റ് നേടിയ ദിപീകക്കെതിരെ സുഹ്യോണിന് 26 പോയന്റേ നേടാനായിരുന്നുള്ളു, രണ്ടാം സെറ്റില്‍ ദീപിക 25 പോയന്റിലൊതുങ്ങിയപ്പോള്‍ സുഹ്യോണ്‍ 28 പോയന്റ് നേടി തിരിച്ചടിച്ചു. എന്നാല്‍ മൂന്നാം സെറ്റില്‍ 29 പോയന്റ് നേടി ദീപിക തിരിച്ചുവന്നപ്പോള്‍ സുഹ്യോണിന് 28 പോയന്റെ നേടാനായുള്ളു. നാലാം സെറ്റില്‍ സുഹ്യോണ്‍ 29 പോയന്റ് നേടിയപ്പോള്‍ ദീപികക്ക് 27 പോയന്റേ നേടാനായുള്ളു. അഞ്ചാം സെറ്റില്‍ സുഹ്യോണ്‍ 29 പോയന്റുമായി നിര്‍ണായക മുന്നേറ്റം നടത്തിയപ്പോള്‍ ദിപികക്ക് 27 പോയന്റെ നേടാനായുള്ളു.

നേരത്തെ ജര്‍മനിയുടെ മിഖേലെ ക്രൂപ്പനെ 6-4ന് തോല്‍പ്പിച്ചാണ് ദീപി ക്വാര്‍ട്ടറില്‍ കടന്നത്. അതേസമയം അമ്പെയ്ത്തില്‍ ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന താരം ഭജന്‍ കൗര്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.ഇന്തോനേഷ്യ താരത്തോട് ഷൂട്ട് ഓഫില്‍ തോറ്റാണ് കൗര്‍ മടങ്ങിയത്. സ്‌കോര്‍ 5-5 ആയപ്പോഴാണ് മത്സരം ഷൂട്ട് ഓഫിലേക്ക് നീണ്ടത്. ഇന്ത്യന്‍ താരത്തിന്റെ സ്‌കോര്‍ 8 ആയിരുന്നു. ഇന്തോനേഷ്യന്‍ താരം 9 പോയിന്റ് നേടി.

വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഫൈനലില്‍ കടന്നെങ്കിലും മനു ഭാക്കര്‍ നാലാം സ്ഥാനത്തായി. ഷൂട്ടിങ്ങില്‍ നേരത്തേതന്നെ രണ്ടു മെഡലുകള്‍ നേടി മനു ഭാക്കര്‍ ചരിത്രം കുറിച്ചിരുന്നു. ഒളിംപിക്‌സിന്റെ എട്ടാം ദിനത്തിലും പ്രതീക്ഷ കൈവിടാതെ ഇന്ത്യ. ബോക്‌സിങ്ങില്‍ ഒരു ജയം മാത്രം അകലെയുള്ള മെഡല്‍ ഇടിച്ചിടാന്‍ ലക്ഷ്യമിട്ട് പുരുഷ വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ നിഷാന്ത് ദേവും റിങ്ങിലെത്തും. ഇന്നു ജയിച്ചാല്‍ മെഡല്‍ ഉറപ്പിക്കാം. അര്‍ധരാത്രി 12.18നാണ് മത്സരം.

ഷൂട്ടിങ്ങില്‍ വനിതാ സ്‌കീറ്റ് യോഗ്യതാ റൗണ്ടില്‍ റെയ്‌സ ദില്ലന്‍, മഹേശ്വരി ചൗഹാന്‍ എന്നിവര്‍ക്ക് മത്സരമുണ്ട്. സെയ്ലിങ്ങില്‍ പുരുഷ വിഭാഗം ഡിങ്കി റേസില്‍ വിഷ്ണു ശരവണന്‍ (ഉച്ചകഴിഞ്ഞ് 3.45), വനിതാ വിഭാഗം ഡിങ്കി റേസില്‍ നേത്ര കുമനന്‍ (വൈകിട്ട് 5.55) എന്നിവരും ഇന്നിറങ്ങും.