രണ്ട് ഗെയിമിലും ലീഡെടുത്തിട്ടും ഫൈനല്‍ ബര്‍ത്ത് കൈവിട്ട് ലക്ഷ്യ സെന്‍; ഇന്ത്യന്‍ താരത്തിന് തിരിച്ചടിയായത് എതിരാളിയുടെ ഉയരം; ഇനി ലക്ഷ്യം വെങ്കല മെഡല്‍
- Share
- Tweet
- Telegram
- LinkedIniiiii
പാരീസ്: ഒളിമ്പിക്സ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഫൈനല്‍ കാണാതെ പുറത്ത്. സെമിയില്‍ ലോകറാങ്കിങ്ങില്‍ രണ്ടാംസ്ഥാനത്തുള്ള ഡെന്മാര്ക്കിന്റെ വിക്ടര്‍ അക്സെല്‍സനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു (22 - 20, 21 - 14) ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. ടോക്യോ ഒളിമ്പിക്സില്‍ സ്വര്‍ണവും റിയോയില്‍ വെങ്കലവും നേടിയ താരമാണ് അക്സെല്സന്.
ബാഡ്മിന്റന്‍ കോര്‍ട്ടില്‍നിന്ന് ആദ്യ ഒളിംപിക്സ് സ്വര്‍ണമെന്ന ഇന്ത്യന്‍ മോഹം പാരിസിലും സഫലമാക്കാനായില്ല. ഒളിംപിക്സ് ബാഡ്മിന്റന്‍ സിംഗിള്‍സില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ലക്ഷ്യ സെന്നിന് പിഴച്ചു. ഡെന്മാര്ക്ക് താരവും നിലവിലെ ഒളിംപിക് ചാംപ്യനുമായ വിക്ടര്‍ അക്സെല്‍സനാണ് ഇന്ത്യന്‍ താരത്തെ തോല്‍പ്പിച്ചത്. സ്കോര്‍: 20-22, 21-14.
ഈ മത്സരത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും, ലക്ഷ്യ സെന്‍ ഇനി വെങ്കല മെഡല്‍ പോരാട്ടത്തില്‍ മത്സരിക്കും. ബോഡ്മിന്റനില്‍ പി.വി. സിന്ധുവും മലയാളി താരം എച്ച്.എസ്. പ്രണോയിയും ഉള്‍പ്പെടെയുള്ള മറ്റു താരങ്ങളെല്ലാം തോറ്റു പുറത്തായിരുന്നു. ഡബിള്‍സില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന ചിരാഗ് - സാത്വിക് സഖ്യവും നേരത്തേ പുറത്തായി.
ആദ്യ ഗെയിമില്‍ 5-0ന്റെ ലീഡെടുത്ത അക്സെല്‍സനെതിരേ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി ലീഡെടുത്ത ലക്ഷ്യ പക്ഷേ പിന്നീട് ആ ഗെയിം 22-20ന് തോറ്റു. രണ്ടാം ഗെയിമിന്റെ തുടക്കത്തിലും ലക്ഷ്യയായിരുന്നു മുന്നില്‍. എന്നാല്‍ മികച്ച തിരിച്ചുവരവ് നടത്തിയ ഡെന്മാര്ക്ക് താരം ഒടുവില്‍ 22-14-ന് ഗെയിം സ്വന്തമാക്കി കലാശപ്പോരിന് ടിക്കറ്റെടുത്തു.
ഇത്തവണ മികച്ച ഫോമില്‍ കളിച്ച ശേഷമാണ് ലക്ഷ്യ മടങ്ങുന്നത്. ജോനാഥന് ക്രിസ്റ്റി, എച്ച്.എസ്. പ്രണോയ്, ചൗ ടിയാന് ചെന്‍ എന്നീ വമ്പന്മാരെ കീഴടക്കിയായിരുന്നു താരത്തിന്റെ മുന്നേറ്റം.
രണ്ടു ഗെയിമുകളിലും പലപ്പോഴും ശ്രദ്ധേയമായ ലീഡ് നേടിയ ലക്ഷ്യയ്ക്ക്, ലോക രണ്ടാം റാങ്കുകാരനായ എതിരാളിയുടെ ഉയരക്കൂടുതലാണ് ഏറ്റവും വെല്ലുവിളി സൃഷ്ടിച്ചത്. 1.94 മീറ്റര്‍ ഉയരമുള്ള അക്സെല്‍സന്റെ ബാക്ക് ഹാന്‍ഡ് സ്മാഷുകള്‍ 1.8 മീറ്റര്‍ മാത്രം ഉയരമുള്ള ലക്ഷ്യയെ മത്സരത്തിലുടനീളം പരീക്ഷിച്ചു.
റിയോ ഒളിംപിക്സില്‍ വെങ്കലവും ടോക്കിയോയില്‍ സ്വര്‍ണവും നേടിയ അക്സെല്‍സന്റെ പേരില്‍ രണ്ട് ലോക ചാംപ്യന്‍ഷിപ് നേട്ടങ്ങളുമുണ്ട്. ഇരുവരും എട്ട് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഏഴ് തവണയും ജയം അക്സെല്‍സനായിരുന്നു. എന്നാല്‍, 2022ലെ ജര്‍മന്‍ ഓപ്പണില്‍ മുപ്പതുകാരനായ അക്സെല്‍സനെ അട്ടിമറിക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ലക്ഷ്യ ഇന്ന് കോര്‍ട്ടിലെത്തിയത്.
കളത്തിലും ലക്ഷ്യ വ്യക്തമായി മേധാവിത്തം പുലര്‍ത്തിയ ഘട്ടങ്ങളുണ്ടായിരുന്നു. ആദ്യ ഗെയിമില്‍ ഒരു ഘട്ടത്തില്‍ 11 - 9നും പിന്നീട് 15 - 9നും ലീഡെടുത്ത ലക്ഷ്യ 17- 12 എന്ന നിലയിലും മുന്നിലായിരുന്നു. പിന്നീട് ശക്തമായി തിരിച്ചടിച്ച അക്സല്സന് സ്കോര്‍ 20- 20 എന്ന നിലയിലെത്തിച്ചു. പിന്നീട് 21- 20ന് ഗെയിം പോയിന്റിലേക്ക് നീങ്ങിയ താരം 22- 20ന് ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയിമിലും സ്വപ്നതുല്യമായ തുടക്കമായിരുന്നു ലക്ഷ്യയുടേത്. 50, 70, 83 എന്നിങ്ങനെ വ്യക്തമായ ലീഡോടെ മുന്നേറിയ ലക്ഷ്യയെ തൊട്ടുപിന്നാലെ അക്സല്സന് തളച്ചു. 11- 10ലേക്ക് ലക്ഷ്യയുടെ ലീഡ് താഴ്ത്തിയ ഡെന്മാര്ക്ക് താരം, പിന്നീട് ഒരു ഘട്ടത്തിലും ഇന്ത്യന്‍ താരത്തെ തിരിച്ചുവരാന്‍ അനുവദിച്ചില്ല. 15- 13നു മുന്നില്‍ക്കയറി താരം 21- 14ന് അനായാസം ഗെയിമും മത്സരവും സ്വന്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ചൈനീസ് തായ്േപയുടെ ചൗ ടിയെന്‍ ചെനിനെ (19- 21, 21- 15, 21- 12 ) തോല്പിച്ചാണ് ഒളിംപിക്സിന്റെ സെമിഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ബാഡ്മിന്റന്‍ താരം എന്ന നേട്ടം ലക്ഷ്യ സ്വന്തമാക്കിയത്. ക്വാര്‍ട്ടറില്‍ ഒഴികെ ബാക്കിയെല്ലാ മത്സരങ്ങളിലും ഒരു സെറ്റ് പോലും നഷ്ടപ്പെടാതെയാണ് ലക്ഷ്യ സെമിയില്‍ എത്തിയത്.