പാരിസ്: ഒളിംപിക്‌സില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ ഫൈനലില്‍ എത്താന്‍ കഴിഞ്ഞതില്‍ അഭിമാനമെന്ന് ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ റമിത ജിന്‍ഡാല്‍. ഒളിംപിക്സില്‍ വാശിയേറിയ പോരാട്ടത്തില്‍ ഭാഗമായതില്‍ സന്തോഷം. ലോസ് ആഞ്ചലസ് ഒളിംപിക്സാണ് അടുത്ത ലക്ഷ്യമെന്നും അതിനായുള്ള പരിശീലനം ഈ വര്‍ഷം തന്നെ തുടങ്ങുമെന്നും കോളേജ് വിദ്യാര്‍ഥിയായ റമിത പറയുന്നു.

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളിന്റെ ഫൈനലില്‍ റമിത ജിന്‍ഡാല്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. 145.3 പോയിന്റാണ് റമിത നേടിയത്. 251.8 പോയിന്റോടെ ദക്ഷിണ കൊറിയന്‍ താരം ബാന്‍ വാശിയേറിയ റൗണ്ടുകള്‍ക്കൊടുവില്‍ സ്വര്‍ണം നേടി. ചൈനീസ് താരം (251.8) വെള്ളിയും, സ്വിറ്റ്സര്‍ലന്‍ഡ് താരം (230.3) വെങ്കലവും സ്വന്തമാക്കി. നേരത്തെ യോഗ്യതാ റൗണ്ടില്‍ അഞ്ചാം സ്ഥാനത്തെത്തിയാണ് റമിത ഫൈനലിന് യോഗ്യത നേടിയത്.

ആദ്യ റൗണ്ടിലെ അഞ്ച് ഷോട്ടുകള്‍ പിന്നിട്ടപ്പോള്‍ രമിത നാലാം സ്ഥാനത്തായിരുന്നെങ്കിലും പിന്നീടുള്ള റൗണ്ടുകളില്‍ താരം പിന്നോട്ടുപോകുകയായിരുന്നു. 2022 ലെ ഏഷ്യന്‍ ഗെയിംസില്‍ റമിത ടീം ഇനത്തില്‍ സ്വര്‍ണവും വ്യക്തിഗത ഇനത്തില്‍ വെങ്കലവും നേടിയിട്ടുണ്ട്.

ഇന്ത്യന്‍ ഷൂട്ടിംഗിലെ ഭാവിവാഗ്ദാനങ്ങളിലൊന്നാണ് 20 വയസ് മാത്രമുള്ള റമിത ജിന്‍ഡാല്‍. 2022ലെ കെയ്റോ ലോക ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫില്‍ ജൂനിയര്‍ ഇനത്തിലും 10 മീറ്റര്‍ എയര്‍ റൈഫിള്‍ ജൂനിയര്‍ ടീം ഇനത്തിലും സ്വര്‍ണം നേടിയിരുന്നു. 2023ലെ ബാകു ലോക ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലും സ്വര്‍ണം ഉയര്‍ത്തി.

2022ലെ ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ വെള്ളി മെഡലും വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ വെങ്കലവും നേടിയ താരം കൂടിയാണ് റമിത ജിന്‍ഡാല്‍. ഐഎസ്എസ്എഫ് ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ സ്വര്‍ണവും വെള്ളിയും റമിതയുടെ പേരിനൊപ്പമുണ്ട്.