പാരീസ്: പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായി പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പോസിഷനില്‍ സ്വപ്നില്‍ കുസാലെ ഫൈനലില്‍. യോഗ്യതാ റൗണ്ടില്‍ ഏഴാമതെത്തിയാണ് സ്വപ്നില്‍ ഫൈനല്‍ റൗണ്ടിലെത്തിയത്. അതേസമയം, വനിതാ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പോസിഷനില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഐശ്വര്യ തോമര്‍ ഫൈനലിന് യോഗ്യത നേടിയില്ല. യോഗ്യതാ റൗണ്ടില്‍ പതിനൊന്നാമത് എത്താനെ ഐശ്വര്യക്കായുള്ളു.

നാളെ ഉച്ചയ്ക്ക് ഒരുമണിക്കാണ് ഫൈനല്‍ മത്സരം. യോഗ്യതാ റൗണ്ടില്‍ 590 പോയിന്റ് നേടിയാണ് സ്വപ്നില്‍ ഏഴാം സ്ഥാനത്തെത്തിയത്. 589 പോയിന്റ് നേടിയെങ്കിലും ഐശ്വരി പ്രതാപ് 11-ാം സ്ഥാനത്തായി.

വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധുവും പുരുഷ വിഭാഗം സിംഗിള്‍സില്‍ ലക്ഷ്യം സെന്നും പ്രീ ക്വാര്‍ട്ടറിലെത്തിയതാണ് ഇന്ത്യയുടെ മറ്റൊരു നേട്ടം. എസ്റ്റോണിയയുടെ ക്രിസ്റ്റിന്‍ കൂബ്ബയെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചാണ് സിന്ധു പ്രീ ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 21-5, 21-10.

ബാഡ്മിന്റണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ ലക്ഷ്യാ സെന്നും പ്രീ ക്വാര്‍ട്ടറിലെത്തി. ഇന്തോനേഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയെ നേരിട്ടുള്ള ഗെയിമുകളില്‍ മറികടന്നാണ് ലക്ഷ്യയുടെ മുന്നേറ്റം. സ്‌കോര്‍ 21-18, 21-12. ഇന്ന് രാത്രി നടക്കുന്ന മറ്റൊരു പുരുഷ സിംഗിള്‍സ് മത്സരത്തില്‍ മലയാളി താരം എച്ച് എസ് പ്രണോയ് ജയിച്ചാല്‍ ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം പാരീസില്‍ കാണാനാകും. ഇന്ത്യന്‍ സമയം രാത്രി 11ന് നടക്കുന്ന മത്സരത്തില്‍ വിയറ്റ്‌നാമിന്റെ ലെ ഡക് ഫാറ്റ് ആണ് പ്രണോയിയുടെ എതിരാളി.