- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ അത്ലറ്റുകളെ മതേതരത്വ നിയമങ്ങള്‍ ബാധിക്കില്ല; ഹിജാബ് വിലക്ക് തീരുമാനം മാറ്റി; ഫ്രാന്‍സ് താരം സുന്‍കാംബ സിലയ്ക്ക് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാം
പാരീസ്: പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങില്‍ വിദേശ അത്ലറ്റുകളടക്കം ഹിജാബ് ധരിക്കുന്നതില്‍ വിലക്കില്ല. ഫ്രാന്‍സിന്റെ റിലേ താരം സുന്‍കാംബ സിലയ്ക്ക് തൊപ്പി ധരിച്ച് പങ്കെടുക്കാന്‍ അനുമതി നല്കി. ഹിജാബ് ധരിക്കുന്നത് കാരണം സ്വന്തം രാജ്യത്ത് നടക്കുന്ന ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്തിയതായ സില വെളിപ്പെടുത്തിയതിനു പിന്നാലെ സംഭവം വിവാദമായിരുന്നു.
ഫ്രഞ്ച് ഒളിമ്പിക് കമ്മിറ്റിയാണ് താരത്തെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്. സംഭവം വിവാദമായതിനു പിന്നാലെ സിലയുമായി ഫ്രഞ്ച് ഒളിമ്പിക് കമ്മിറ്റി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇപ്പോള്‍ താരത്തിന് തൊപ്പി ധരിച്ച് പങ്കെടുക്കാന്‍ ധാരണയായത്.
ഫ്രഞ്ച് അത്ലറ്റിക് ഫെഡറേഷന്, ഫ്രഞ്ച് കായിക മന്ത്രാലയം, പാരീസ് ഒളിമ്പിക് കമ്മിറ്റി എന്നിവരുമായി കൂടിയാലോചിച്ച് സിലയുമായി ചര്‍ച്ച നടത്തിയതായി ഫ്രഞ്ച് ഒളിമ്പിക് കമ്മിറ്റി വ്യാഴാഴ്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
'നിങ്ങളുടെ രാജ്യത്ത് സംഘടിപ്പിക്കപ്പെട്ട ഒളിമ്പിക്സിലേക്ക് നിങ്ങളെ തിരഞ്ഞെടുത്തു, പക്ഷേ നിങ്ങള്‍ ശിരോവസ്ത്രം ധരിച്ചതിനാല്‍ നിങ്ങള്‍ക്ക് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ല,' എന്ന് 26-കാരിയായ സില സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
വിവിധ രാജ്യങ്ങളില്‍ നിന്ന് ഹിജാബ് ധരിച്ചവരുള്‍പ്പെടെ ആയിരക്കണക്കിന് അത്ലറ്റുകളാണ് പാരീസ് ഒളിമ്പിക്സിനായി എത്തിയിരിക്കുന്നത്. വിദേശ അത്ലറ്റുകളെ മതേതരത്വ നിയമങ്ങള്‍ ബാധിക്കുന്നുമില്ല. മതത്തിന്റെ ഭാഗമായി ശിരോവസ്ത്രം ധരിക്കുന്നതിനെതിരെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) നിയമങ്ങളൊന്നും തന്നെ പാസാക്കിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് സിലയെ വിലക്കിയ തീരുമാനം വിവാദമായത്.
ഫ്രാന്‍സിലെ പൊതുമേഖലാ തൊഴിലാളികള്‍ക്ക് ബാധകമാകുന്ന മതേതര തത്വങ്ങള്‍ ഫ്രഞ്ച് ഒളിമ്പ്യന്മാര്ക്കും ബാധകമാണെന്നും ഇതില്‍ ഹിജാബ് വിലക്കും ഉള്‍പ്പെടുമെന്നും ഫ്രഞ്ച് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഡേവിഡ് ലാപ്പാര്‍ട്ടിന്റ് നിലപാടെടുത്തതാണ് സിലയ്ക്ക് തിരിച്ചടിയായത്.
കായിക മത്സരങ്ങളില്‍ ഫ്രാന്‍സിനെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങള്‍ ശിരോവസ്ത്രം ഉള്‍പ്പെടെയുള്ള മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കുമെന്ന് ഫ്രഞ്ച് കായിക മന്ത്രി കഴിഞ്ഞ സെപ്റ്റംബറില്‍ വ്യക്തമാക്കിയിരുന്നു.