ബാക്കു: ഇരുകളിക്കാരും, തീവ്രമായ മനക്കരുത്ത് പ്രകടിപ്പിച്ച ഗെയിമിൽ ലോക ഒന്നാം നമ്പർ ഗ്രാന്റ് മാസ്റ്റർ മാഗ്നസ് കാൾസണ് എതിരെ സമനില പിടിച്ച് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ പ്രജ്ഞാനന്ദ. ഇനി മത്സരം രണ്ടാം ഗെയിമിലേക്ക് നീങ്ങുന്നു. രണ്ടാമത്തെ ഗെയിമിലും തീരുമാനമായില്ലെങ്കിൽ, ടൈ ബ്രേക്കറുകൾ വരും. മുഖാമുഖം ഉള്ള ഏറ്റുമുട്ടലിൽ, കാൾസന് പ്രജ്ഞാനന്ദയ്ക്ക് എതിരെ നേരിയ മുൻതൂക്കമുണ്ട്. ഇത് 20 ാം തവണയാണ് പ്രജ്ഞാനന്ദ കാൾസനെതിരെ കളിക്കുന്നത്.

സെമിയിൽ യുഎസിന്റെ ഫാബിയോ കരുവാനോയ്ക്ക് എതിരെ ടൈബ്രേക്ക് ജയത്തോടെയാണ് 18 കാരൻ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ഫൈനലിസ്റ്റ് ആയി മാറിയത്. ഇതിന് മുമ്പ് 2000ത്തിലും, 2002 ലും വിശ്വനാഥൻ ആനന്ദ് ആണ് ലോകകപ്പ് ഫൈനലിൽ കയറിയതും കപ്പടിച്ചതും.

രമേശ്ബാബു പ്രജ്ഞാനന്ദയെ ആനന്ദ് പ്രശംസ കൊണ്ട് പൊതിഞ്ഞു. 18 കാരന്റെ മത്സരബുദ്ധിയും, സ്ഥിരതയും, യുക്തിപൂർവം തീരുമാനം എടുക്കാനുള്ള കഴിവും, മറ്റുള്ള കളിക്കാരെ അപേക്ഷിച്ച് സവിശേഷം തന്നെയെന്ന് ആനന്ദ് പറഞ്ഞു.

ഫൈനലിൽ 35 നീക്കങ്ങൾക്ക് ശേഷമാണ് ഗെയിം സമനിലയിലായത്. വെള്ളകരുക്കളുമായി കളിച്ച ഇന്ത്യയുടെ പ്രജ്ഞാനന്ദയും കറുപ്പ് കരുക്കളുമായി മത്സരിച്ച ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണും വാശിയേറിയ പോരാട്ടമാണ് കാഴ്ച വച്ചത്. തുടക്കത്തിൽ ഉണ്ടായിരുന്ന മുൻതൂക്കം പ്രജ്ഞാനന്ദക്ക് തുടരാനായില്ല. മാഗ്നസ് കാൾസന് നാളെ വെള്ളക്കരുകൾ ലഭിക്കും. ആദ്യ 40 നീക്കങ്ങൾക്കുമായി ഇരുവർക്കും 90 മിനിട്ട് ലഭിക്കും

ചൊവ്വാഴ്ചത്തെ കളിയിൽ കാൾസനെ സമ്മർദ്ദത്തിലാക്കാനുള്ള അവസരം പ്രജ്ഞാനന്ദ നഷ്ടപ്പെടുത്തിയെന്ന് ആനന്ദ് വിലയിരുത്തി. ബുധനാഴ്ച വെള്ള കരുക്കളിൽ കളിക്കുന്ന ലോക ഒന്നാം നമ്പറിന് എതിരെ ആക്രമണാത്മക ഗെയിമിന് വേണം പ്രജ്ഞാനന്ദ തയ്യാറെടുക്കാൻ.

എന്നിരുന്നാലും, 18 കാരന്റെ പോരാട്ട മികവിനെ പ്രശംസിക്കാതിരിക്കാനാവില്ല. ' ഇത് ഇന്ത്യൻ ചെസിലെ വലിയൊരു നിമിഷമാണ്. പ്രാഗിനും വലിയൊരു നിമിഷമാണ്. ഞാൻ രണ്ടുലോക കപ്പിൽ ജയിച്ചിട്ടുണ്ട്. എനിക്ക് ശേഷം ലോകകപ്പ് ഫൈനലിൽ കളിക്കുന്ന ആദ്യ ഇന്ത്യാക്കാരനാണ് പ്രാഗ്. എന്നാൽ കാൾസന്റെ ടൂർണമെന്റ് റെക്കോഡിൽ വലിയൊരു വിടവുണ്ട്. കാൾസൺ ഒരിക്കലും ലോക കപ്പിൽ ജയിച്ചിട്ടില്ല. ഇതാദ്യമായാണ് കാൾസനും ലോക കപ്പ് ഫൈനലിൽ എത്തുന്നത്. രണ്ടുപേരും ഇതാദ്യമായി ജയത്തിന് വേണ്ടി കളിക്കുന്നു. അത് വളരെ കൗതുകകരമാണ്' ആനന്ദ് പറഞ്ഞു.