ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്സില്‍ ഷൂട്ടിങ്ങില്‍ വെങ്കല മെഡല്‍ നേടിയ മനു ഭാക്കറെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. അവിശ്വസനീയമായ നേട്ടമെന്ന് പ്രധാനമന്ത്രിയും നിരവധി കായികതാരങ്ങള്‍ക്ക്, പ്രത്യേകിച്ച് വനിതാ താരങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് രാഷ്ട്രപതിയും പറഞ്ഞു.

'ചരിത്രപരമായ മെഡല്‍ നേട്ടം! വെല്‍ഡണ്‍ മനു ഭാക്കര്‍. പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ നേടിത്തന്നതിന് അഭിനന്ദനങ്ങള്‍. ഇന്ത്യയ്ക്കുവേണ്ടി ആദ്യമായി ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന വനിതയാണ് മനു ഭാക്കര്‍ എന്നത് ഈ നേട്ടത്തെ കൂടുതല്‍ സവിശേഷമാക്കുന്നു. അവിശ്വസനീയമായ നേട്ടം!', പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.

പാരിസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ മെഡല്‍ നേട്ടത്തിന് തന്റെ വെങ്കല മെഡലോടെ തുടക്കംകുറിച്ച മനു ഭാക്കറിന് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍. ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് അവര്‍. മനു ഭാക്കറിന്റെ പേരില്‍ ഇന്ത്യ അഭിമാനിക്കുന്നു. അവരുടെ നേട്ടം നിരവധി കായികതാരങ്ങള്‍ക്ക്, പ്രത്യേകിച്ച് വനിതാ താരങ്ങള്‍ക്ക് പ്രചോദനമാകും. ഭാവിയില്‍ കൂടുതല്‍ ഉന്നതമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ആശംസിക്കുന്നു, രാഷ്ട്രപതി എക്സില്‍ പറഞ്ഞു.