പാരിസ്: പാരിസ് ഒളിംപിക്സില്‍ ഇന്ത്യ- അര്‍ജന്റീന പുരുഷ ഹോക്കി മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ ഹര്‍മന്‍പ്രീതിന്റെയും സംഘവത്തിന്റെയും മിന്നും പ്രകടനത്തിന് കയ്യടിച്ച് ആ വിഐപി ആരാധകനും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും മുന്‍ കോച്ചുമായ രാഹുല്‍ ദ്രാവിഡാണ് ഒളിംപിക്‌സിലെ ഇന്ത്യയുടെ മത്സരം കാണാന്‍ പാരിസില്‍ എത്തിയത്. സ്‌കൂള്‍ തലത്തില്‍ ഹോക്കി താരമായിരുന്നു രാഹുല്‍ ദ്രാവിഡ്.

ദ്രാവിഡ് ഹോക്കി മത്സരം കാണുന്നതിന്റെ ചിത്രം വാള്‍ വാച്ചിങ് വാള്‍ എന്ന അടിക്കുറിപ്പോടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ദ്രാവിഡിന്റെ ചിത്രം രാജ്യാന്തര ഹോക്കി ഫെഡറേഷനും ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ താരങ്ങളെ പ്രചോദിപ്പിക്കാന്‍ രാഹുല്‍ ദ്രാവിഡ് കഴിഞ്ഞ ദിവസവും മത്സര വേദികളില്‍ എത്തിയിരുന്നു.

പാരിസില്‍ ഇന്ത്യ-അര്‍ജന്റീന പൂള്‍ ബി പുരുഷ ഹോക്കി മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചു. അവസാന വിസിലിന് തൊട്ടുമുമ്പ് പെനാല്‍റ്റി കോര്‍ണറിന്റെ മൂന്നാം റീ-ടേക്കില്‍ നിന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് നേടിയ ഗോളിലാണ് ഇന്ത്യ സമനില എത്തിപ്പിടിച്ചത്. അവസാന മിനുറ്റുകളില്‍ ലഭിച്ച മൂന്ന് പെനാല്‍റ്റി കോര്‍ണറുകളുടെ അവസരം മുതലാക്കിയായിരുന്നു ഹര്‍മന്‍പ്രീതിന്റെ സ്‌കോറിംഗ്.

രണ്ടാം ക്വാര്‍ട്ടറില്‍ മുന്നില്‍ നിന്ന അര്‍ജന്റീനയ്ക്കെതിരേ അവസാന മിനിറ്റുകളില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറിലാണ് ഇന്ത്യ തോല്‍വി ഒഴിവാക്കിയത്. പൂള്‍ ബിയിലെ മത്സരത്തില്‍ 22-ാം മിനിറ്റില്‍ ലുക്കാസ് മാര്‍ട്ടിനസ് അര്‍ജന്റീനക്കായി ആദ്യം വലകുലുക്കി. നാലാം ക്വാര്‍ട്ടറില്‍ കളിയവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം ശേഷിക്കേ ഇന്ത്യയുടെ മറുപടിയെത്തി.

58-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ വഴി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ഇന്ത്യക്കായി സമനില ഗോള്‍ കണ്ടെത്തിയത്. ബെല്‍ജിയം, ഓസ്ട്രേലിയ ടീമുകളെയാണ് ഇന്ത്യക്ക് ഇനി നേരിടേണ്ടത്. 55-ാം മനിറ്റില്‍ ഗോള്‍ക്കീപ്പര്‍ പി.ആര്‍. ശ്രീജേഷിനെ പിന്‍വലിച്ച് മുന്നേറ്റത്തിലേക്ക് താരത്തെയിറക്കിയിരുന്നു.

22ാം മിനിറ്റില്‍ ഓപ്പണ്‍ ഫീല്‍ഡില്‍നിന്നാണ് ലുക്കാസ് മാര്‍ട്ടിനസ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. ഇന്ത്യന്‍ പ്രതിരോധപ്പിഴവിന്റെ ആനുകൂല്യത്തില്‍ ലഭിച്ച അവസരം മലയാളി ഗോള്‍ക്കീപ്പര്‍ പി.ആര്‍. ശ്രീജേഷ് ഡൈവ് ചെയ്ത് തടയിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ശ്രീജേഷിന്റെ സ്റ്റിക്കില്‍ തട്ടിയശേഷം പന്ത് ഗോള്‍ലൈന്‍ കടക്കുകയായിരുന്നു.

തുടര്‍ന്ന് തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ പരമാവധി ശ്രമിച്ചു. കളിയവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം ബാക്കിയിരിക്കേ, 58-ാം മിനിറ്റിലാണ് ഇന്ത്യയുടെ ശ്രമം ഫലം കണ്ടത്. പെനാല്‍റ്റി കോര്‍ണര്‍ വഴിയായിരുന്നു ഗോള്‍. അവസാന മിനിറ്റുകളില്‍ മൂന്ന് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചിരുന്നു. ആദ്യ പെനാല്‍റ്റി കോര്‍ണറില്‍ വാര്‍ പരിശോധനയില്‍ ഫൗള്‍ കണ്ടെത്തി. വീണ്ടും പെനാല്‍റ്റി കോര്‍ണര്‍. ഇത് അര്‍ജന്റൈന്‍ താരത്തിന്റെ ദേഹത്ത് തട്ടിയതോടെ മൂന്നാമതും പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചു. തുടര്‍ന്ന് നാലാമതും പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചതില്‍നിന്നാണ് ഇന്ത്യ ഗോള്‍ നേടിയത്.

കളിയിലുടനീളം, അര്‍ജന്റീന പ്രതിരോധം ഇന്ത്യക്ക് കടുപ്പമായി. നേരത്തെ രണ്ടാം ക്വാര്‍ട്ടറിലെ 22-ാം മിനുറ്റില്‍ ലൂക്കാസ് മാര്‍ട്ടിനസിന്റെ ഫീല്‍ഡ് ഗോളിലൂടെ അര്‍ജന്റീന ലീഡ് നേടിയിരുന്നു. 2004ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ-അര്‍ജന്റീന പുരുഷ ഹോക്കി പോരാട്ടം സമനിലയില്‍ അവസാനിക്കുന്നത്.

ആറ് ടീമുകള്‍ വീതമുള്ള രണ്ട് പൂളുകളായാണ് ഹോക്കി മത്സരങ്ങള്‍ പുരോഗമിക്കുന്നത്. ഒരു പൂളില്‍ നിന്ന് മികച്ച നാല് ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറുക. രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റുള്ള ഇന്ത്യ നിലവില്‍ മൂന്നാമതുണ്ട്. ഇത്ര തന്നെ കളികളില്‍ ആറ് പോയിന്റ് വീതവുമായി ബെല്‍ജിയം, ഓസ്‌ട്രേലിയ ടീമുകളാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ 3-2ന് പരാജയപ്പെടുത്തിയിരുന്നു. അന്ന് 59-ാം മിനുറ്റിലെ വിജയഗോളുമായി ഹര്‍മന്‍പ്രീത് തന്നെയായിരുന്നു ഹീറോ. അടുത്ത കളിയില്‍ അയര്‍ലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. കഴിഞ്ഞ ടോക്കിയോ 2020 ഒളിംപിക്സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയിരുന്നു.