പാരീസ്: പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യ രണ്ടാം മെഡലും വെടിവെച്ചിടുമ്പോള്‍ മനു ഭകാറിനൊപ്പം മറ്റൊരു പേര് കുടി തിളങ്ങുന്നുണ്ട്..
ഹരിയാനക്കാരന്‍ സരബ്ജോത് സിങ്ങ്.തന്റെ ആദ്യ ഒളിമ്പിക്സില്‍ തന്നെ മെഡല്‍ നേടാനായതിന്റെ ആഹ്ലാദത്തിലാണ് ഈ ഇരുപത്തിരണ്ടുകാരന്‍.വ്യക്തിഗത ഇനത്തില്‍ മെഡല്‍ നഷ്ടപ്പെട്ടെങ്കിലും മിക്സഡ് ഡബിള്‍സിലെ നേട്ടത്തിലൂടെ നിരാശ മാറ്റുന്നതിനൊപ്പം അടുത്ത തവണ വ്യക്തിഗത നേട്ടത്തിനുള്ള ഉര്‍ജ്ജവും കൂടി സ്വായത്തമാക്കുന്നുണ്ട് ഇ യുവതാരം.തങ്ങള്‍ക്ക് അപ്രാപ്യമെന്ന് തോന്നിയ ലക്ഷ്യത്തിലേക്ക് നടന്നടുത്ത ഒരു അച്ഛന്റെയും മകന്റെയും കഥയുണ്ട് ഈ മെഡലിന് പിന്നില്‍..

കുട്ടിക്കാലം തൊട്ട് വേഗതയോട് അടങ്ങാത്ത ഇഷ്ടമാണ് സരബ്‌ജോത് സിങിന്..സത്യത്തില്‍ ആ പ്രണയമാണ് ഒളുമ്പിക്സ് വേദിയിലെത്തിച്ചത് എന്നു പറയാം.ഹരിയാനയിലെ അമ്പാലയിലെ ഒരു കര്‍ഷക കുടുംബത്തിലാണ് സരബ്‌ജോത് സിങിന്റെ ജനനം.സാധാരണ കുടുംബമായതിനാല്‍ തന്നെ മകനെ അതിനനുസരിച്ച് സ്വപ്നം കാണാനാണ് അച്ഛന്‍ പഠിപ്പിച്ചത്.അങ്ങിനെ ഒരു അവധിക്കാലത്ത് തന്റെ സ്‌കുളിലെ കൂട്ടുകാരൊക്കെ സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതും ഷൂട്ട് ചെയ്യുന്നതും സരബ്‌ജോത് സിങ് കാണാനിടയായി.ഗ്രൗണ്ടിന് പുറത്ത് നിന്ന് പരിശീലനം സസൂക്ഷ്മം വീക്ഷിച്ച കുഞ്ഞ് സരബ്‌ജോതിന്റെ ശ്രദ്ധ പതിഞ്ഞത് മത്സരത്തേക്കള്‍ ഏറെ സുഹൃത്തുക്കള്‍ തൊടുക്കുന്ന ബുള്ളറ്റിലായിരുന്നു.

വേഗതയെ സ്നേഹിക്കുന്ന ആ കുഞ്ഞു മനസ്സില്‍ ആഗ്രഹം തുടങ്ങാന്‍ വേറെന്തെങ്കിലും കാരണം വേണോ..അച്ഛന്‍ പറഞ്ഞത് പോലെ ആഗ്രഹങ്ങളെ മറച്ചുപിടിച്ച് ജീവിച്ച സരബ്‌ജോത് സിങിന് ഈ ആഗ്രഹം പക്ഷെ അച്ഛനോട് പറയാതിരിക്കാന്‍ കഴിഞ്ഞില്ല.രണ്ടും കല്‍പ്പിച്ച് അച്ഛനോട് പറഞ്ഞു.പ്രതീക്ഷിച്ചത് പോലെ മകന്റെ ആ ആഗ്രഹത്തോടും മുഖം തിരിക്കാനെ നിര്‍ധനനായ അ അച്ഛന് കഴിഞ്ഞുള്ളു. കാരണം അത്രയേറെ ചെലവേറിയതാണ് ഷൂട്ടിങ്ങ് പരിശീലനം.പക്ഷെ മകന്റെ ആഗ്രഹം കഠിനമാണെന്നു കണ്ടതോടെ അനുമതി ല്‍കാതിരിക്കാന്‍ അച്ഛന് കഴിഞ്ഞില്ല.

തുടരാന്‍ അനുമതി നല്‍കി.സമ്മര്‍ ക്യാമ്പില്‍ കുട്ടികളെ പരിശീലിപ്പിച്ചകോച്ച് ശക്തി റാണയുടെ കീഴില്‍ 2014 ല്‍ സരബ്‌ജോത് തന്റെ പരിശീലനം തുടങ്ങി.പക്ഷെ രണ്ട് വര്‍ഷത്തിനിപ്പുറം ആ അക്കാദമി അടച്ചുപൂട്ടി.അത് തുടക്കത്തിലേ സരബ്‌ജോതിന് തിരിച്ചടിയായി.പിന്നെ നാട്ടില്‍ അക്കാദമിയുളളത് വീട്ടില്‍ നിന്നും അകലെ അഭിഷേക് റാണയുടെതാണ്.പിന്മാറാന്‍ സരബ്‌ജോത് തയ്യാറായിരുന്നില്ല.അഭിഷേക് റാണയുടെ അക്കാദമിയില്‍ പരിശീലത്തന് ചേര്‍ന്നു.ഒട്ടേറെ പ്രതിസന്ധികള്‍ ഈ ഘട്ടത്തില്‍ താരത്തിന് നേരിടേണ്ടി വന്നു.തന്റെ ഗ്രാമത്തില്‍ നിന്ന് അക്കാദമി ഉള്ളിടത്തേക്ക് നേരിട്ട് ബസുകളില്ലാത്തതിനാല്‍ സരബ്‌ജോത് മൂന്ന് കിലോമിറ്ററോളം സൈക്കിളില്‍ പോയി തന്റെ സൈക്കിള്‍ ഒരു സുഹൃത്തിന്റെ സ്ഥലത്ത് പാര്‍ക്ക് ചെയ്ത് അവിടുന്നാണ് അക്കാദമിയിലേക്ക് ബസ് പിടിക്കുന്നത്.

അക്കാലത്ത് തനിക്കൊപ്പം പരിശീലിക്കുന്ന കൂട്ടികള്‍ക്കൊക്കെ സ്വന്തമായി പിസ്റ്റള്‍ ഉണ്ടായിരുന്നു.എന്നാല്‍ സരബ്ജോതിന് അതുമുണ്ടായില്ല.അക്കാദമിയിലെ തോക്കും കൂട്ടുകാര്‍ നല്‍കുമ്പോഴുമൊക്കെയാണ് പരിശീലനം നടത്തിയിരുന്നത്.പക്ഷെ ഈ പ്രതിസന്ധികളൊക്കെ താരത്തിന്റെ ലക്ഷ്യത്തിന് തെളിച്ചമേകി.അടുത്ത വര്‍ഷം എല്ലാവരെയും ഞെട്ടിച്ച് ആ ആക്കാദമിയില്‍ നിന്ന് ദേശീയ മത്സരത്തില്‍ സരബ്ജോത് വെങ്കലമെഡല്‍ കരസ്ഥമാക്കി.സന്തോഷത്തോടെ വീട്ടിലെത്തിയ താരം തനിക്കൊരു തോക്ക് വാങ്ങിത്തരുമോ എന്നു അച്ഛനോട് ചോദിച്ചു.മുന്‍പിന്‍ നോക്കാതെ അച്ഛന്‍ സമ്മതം മൂളി.അന്ന് താന്‍ മകനോട് എങ്ങിനെയാണ് സമ്മതം മൂളിയതെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്ന് പിന്നീട് ഒരു അഭിമുഖത്തില്‍ പിതാവ് വ്യക്തമാക്കിയിരുന്നു.

നോട്ട് നിരോധനത്തിന്റെ കാലമായിരുന്നു അത്.കാര്‍ഷിക വരുമാനം പോലും കുറഞ്ഞ സമയം.മകനോട് സമ്മതം മൂളുകയും ചെയ്തു.
പിന്നെ അദ്ദേഹത്തിന് മുന്നില്‍ ഒരു വഴിയെ ഉണ്ടായിരുന്നുള്ളു… മകന് പിസ്റ്റള്‍ സമ്മാനിക്കാന്‍ ഒരു കമ്മീഷന്‍ ഏജന്റില്‍ നിന്ന് 1.70 ലക്ഷം രൂപ കടം വാങ്ങേണ്ടി വന്നു.അധിക സമയം പണിയെടുത്തും മറ്റുള്ളവരുടെ പണി സ്ഥലത്ത് ജോലിയെടുത്തും ആ പണം അച്ഛന്‍ പതിയെ പതിയെ അടച്ചുതീര്‍ത്തു.ആ കഠിനാധ്വാനത്തിലും അച്ഛന് കരുത്തായത് ഷൂട്ടിങ്ങ് റേഞ്ചില്‍ മകന്‍ കാഴ്ച്ചവെച്ച സമാനതകളില്ലാത്ത പോരാട്ടം തന്നെയായിരുന്നു.ഒരോ മെഡലുകളും ട്രോഫികളുമൊക്കെയായി സന്തോഷം ആ വിട്ടിലേക്ക് ഒഴുകിയെത്തി.

2019ലെ ജൂനിയര്‍ ലോകകപ്പിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടി സരബ്ജോത് വരവറിയിച്ചു.പാരതോഷികമായി ഹരിയാന സര്‍ക്കാറിന്റെ സാമ്പത്തിക സഹായവും ലഭിച്ചു.രണ്ട് വര്‍ഷം മുന്‍പ് ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ സ്വര്‍ണവും മിക്‌സഡ് വിഭാഗത്തില്‍ വെള്ളിയും നേട്ടം.കഴിഞ്ഞ വര്‍ഷം ഷൂട്ടിങ് ലോകകപ്പ് ഭോപ്പാല്‍ എഡിഷനില്‍ ഇതേ ഇനത്തില്‍ പുരുഷ സിംഗിള്‍സില്‍ സ്വര്‍ണം.ലോകകപ്പിന്റെ ബകു എഡിഷനില്‍ ഇതേ ഇനത്തില്‍ മിക്‌സഡ് ടീം ഇനത്തിലും സുവര്‍ണ നേട്ടം.. ഇങ്ങനെ നീളുന്നു സരബ്ജോതിന്റെ മികവുകള്‍.ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലത്തോടെ ഇന്ത്യക്കായി പാരീസിലേക്കുള്ള ക്വാട്ടയും സരബ്ജോത് നേടിയെടുത്തു.ഒളിമ്പിക്സ് ട്രയല്‍സിലും സരബ്ജോത് മികച്ച ഫോമിലായിരുന്നു.

മനുവിനൊപ്പം മിക്സഡ് ഡബിള്‍സ് പോരാട്ടത്തിനിറങ്ങിയപ്പോള്‍ ആ കൂട്ടുകെട്ടിനും ഉണ്ടായിരുന്നു ഒരു കൗതുകം.രണ്ടും പേരും ഒരേ കോളേജിലെ വിദ്യാര്‍ത്ഥികളാണ്.മനു 2022-ല്‍ കോളേജില്‍ പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റേഴ്സിന് ചേര്‍ന്നിരുന്നു.അതേ വര്‍ഷം തന്നെയാണ് സിങ്ങും കോളേജില്‍ ചേര്‍ന്നത്.പാരീസ് ഒളിമ്പിക്‌സ് കാരണം ഇരുവരും ബിരുദാനന്തര ബിരുദത്തിനുള്ള രണ്ടാം വര്‍ഷ അവസാന പരീക്ഷയില്‍ ഇതുവരെ ഹാജരായിട്ടില്ല.കോളേജിന്റെ അഭിമാനമായ രണ്ടുപേര്‍ക്കും ഒരു വലിയ സ്വീകരണം ഒരുക്കാനുളള തയ്യാറെടുപ്പിലാണ് കോളേജ്.

"ഞാന്‍ അവനെ ആദ്യമായി കണ്ടപ്പോള്‍ ശാരീരികമായി അവന്‍ നല്ല ശക്തനായിരുന്നു.ഫാമില്‍ പിതാവിനെ സഹായിച്ചുള്ള അനുഭവമാണ് ഈ കരുത്തിന് പിന്നില്‍.ഇത് അവന് ഷൂട്ടിങ്ങ് റേഞ്ചില്‍ കൂടുതല്‍ നേരം നില്‍ക്കുന്നതിനെ ചെറുതായിട്ടൊന്നുമല്ല സഹായിച്ചത്.പിസ്റ്റള്‍ പിടിക്കുന്നതിന് അവന് അവന്റെതായ ഒരു രീതിയുണ്ട്.അത് മത്സരത്തിന് അനുയോജ്യമായ രീതിയില്‍ മാറ്റിയേടുക്കേണ്ട ഒരു ജോലിയെ തനിക്കുണ്ടായിരുന്നുള്ളുവെന്നാണ് കോച്ച് അഭിഷേക് റാണ സരബ്ജോതിനെക്കുറിച്ച് പറയുന്നത്.

വേഗതയെ പ്രണയിച്ചത് കൊണ്ട് തന്നെ വാഹനത്തോടും താരത്തിന് വലിയ കമ്പമുണ്ട്.ക്യാഷ് പ്രൈസുകള്‍ കിട്ടുമ്പോള്‍ ഒരു ഭാഗം അതിനായി മാറ്റിവെക്കും.മറ്റൊരു ഭാഗം അച്ഛനെ ഏല്‍പ്പിക്കും എന്നിട്ട് കൃഷിസ്ഥലം വാങ്ങാന്‍ പറയും.അവന്റെ വിജയത്തിന് പിന്നില്‍ ആ കൃഷിസ്ഥലത്തിന്റെ കരുത്താണെന്ന് അവന് നന്നായി അറിയാം.. അതിനാല്‍ തന്നെ മറ്റൊരുതരത്തിലും അവന് ചിന്തിക്കാന്‍ കഴിയില്ലെന്നാണ് അച്ഛന്‍ ജതീന്ദര്‍ സിങ്ങ് പറഞ്ഞുവെക്കുന്നത്.