തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി സംഘടിപ്പിക്കുന്ന വോളിബോൾ ചാമ്പ്യൻഷിപ്പുകൾക്ക് അംഗീകാരമില്ലെന്നു സംസ്ഥാന സ്പോർട്സ് കൗൺസിൽ അറിയിച്ചു. ദേശീയ മത്സരങ്ങളിലും മറ്റും പങ്കെടുക്കുന്നതിനായുള്ള ഔദ്യോഗിക വോളിബോൾ ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുന്നതിനും ടീമിനെ തെരഞ്ഞെടുക്കുന്നതിനുമായി ടെക്‌നിക്കൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്കു ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ മാത്രമേ ഉന്നത പഠനത്തിനും തൊഴിലിനുമായി ഗ്രേസ് മാർക്ക് അടക്കമുള്ള ആനുകൂല്യങ്ങൾക്കു പരിഗണിക്കൂ. അനധികൃത ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തു വഞ്ചിതരാകാതിരിക്കാൻ കായികതാരങ്ങൾ ശ്രദ്ധിക്കണമെന്നും സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു.