കോപ്പൻഹേഗൻ: ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ എച്ച് എസ് പ്രണോയ്ക്ക് വെങ്കലം. സെമിയിൽ തായ്ലൻഡിന്റെ വിറ്റിഡ്സനോടാണ് പരാജയപ്പെട്ടത്. സ്‌കോർ 21- 18, 13-21, 14-21. ലോക ബാഡ്മിന്റനിൽ മെഡൽ നേടുന്ന ആദ്യ മലയാളിയാണ് എച്ച് എസ് പ്രണോയ്. ആദ്യ ഗെയിം സ്വന്തമാക്കി ലീഡ് നേടിയ പ്രണോയ് തുടർന്നുള്ള ഗെയിമിൽ വിജയിച്ച് ഫൈനലിൽ കയറുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ വിറ്റിഡ്സ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. രണ്ടാമത്തെ ഗെയിം നേടിയ തായ്ലൻഡ് താരം അവസാന ഗെയിമിലും വിജയിച്ച് ഫൈനലിൽ പ്രവേശിക്കുകയായിരുന്നു. ലോക മൂന്നാം നമ്പർ താരമാണ് വിറ്റിഡ്സൻ.

മൂന്ന് ഗെയിമുകൾ നീണ്ട മത്സരത്തിൽ ആദ്യം ഗെയിം നേടി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും രണ്ടും മൂന്നും ഗെയിമുകളിൽ വിറ്റിഡ്‌സന് വെല്ലുവിളി ഉയർത്താൻ പ്രണോയിക്കായില്ല.സെമിയിലെത്തിയതോടെ പ്രണോയ് നേരത്തെ തന്നെ വെങ്കലമെഡൽ ഉറപ്പിച്ചിരുന്നു.

ക്വാർട്ടറിൽ ലോക ഒന്നാം നമ്പർ താരം ഡെന്മാർക്കിന്റെ വിക്ടർ അക്‌സെൽസനെ അട്ടിമറിച്ചാണ് പ്രണോയ് സെമിയിലെത്തിയത്. ലോകചാമ്പ്യൻഷിപ്പിൽ പ്രണോയിയുട ആദ്യമെഡലാണിത്. ജപ്പാന്റെ കൊടായ് നരോക്ക,ഡാവിഷ് താരം ആന്റൺസെൻ സെമി പോരാട്ടത്തിലെ വിജയിയെയാകും ഫൈനലിൽ വിറ്റിഡ്‌സൻ നേരിടുക.