തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കൃതിപ്പ് തുടങ്ങി ആതിഥേയര്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 652 പോയിന്റുമായി തിരുവനന്തപുരം ജില്ല ഒന്നാം സ്ഥാനത്താണ്. 380 പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 308 പോയിന്റുമായി കോഴിക്കോട് ജില്ല മൂന്നാം സ്ഥാനത്തുമാണ്.

നാളെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തയ്ക്കൊണ്ടോ, ഖോ ഖോ, ജൂഡോ, ബാസ്‌ക്കറ്റ് ബോള്‍, കബഡി, തുടങ്ങിയ മത്സരങ്ങള്‍ നടക്കും. ജി.വി. രാജയില്‍ ഹോക്കി, വോളിബോള്‍, ഫുട്ബോള്‍ എന്നിവയും ഗവണ്‍മെന്റ് എച്ച്.എസ്. കാലടിയില്‍ വോളിബോളും, വെള്ളായണി കാര്‍ഷിക കോളേജില്‍ ഹാന്റ് ബോളും തുമ്പ സെന്റ് സേവിയേഴ്സില്‍ ക്രിക്കറ്റും പിരപ്പന്‍കോട് ഡോക്ടര്‍.ബി.ആര്‍. അംബേദ്കര്‍ അക്വാട്ടിക് കോംപ്ലക്സില്‍ സ്വിമ്മിംഗും, വാട്ടര്‍ പോളോയും, ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാഡ്മിന്റണും, ടേബിള്‍ ടെന്നീസും, ഷൂട്ടിംഗ് റെയിഞ്ച് വട്ടിയൂര്‍ക്കാവില്‍ ഷൂട്ടിംഗും നടക്കും.

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഗ്ലാമര്‍ ഇനമായ അത്ലറ്റിക്സ് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കും. കേരളാ സ്‌കൂള്‍ കായികമേളയുടെ ഭാഗമായി പന്ത്രണ്ട് വേദികളിലായി ആകെ അഞ്ഞൂറ്റി പതിമൂന്ന് ഇനങ്ങളാണ് പൂര്‍ത്തിയാക്കേണ്ടത്. ഇന്‍ക്ലൂസീവ് സ്പോര്‍ട്സിലെ ഇരുപത് ഇനങ്ങള്‍ ഉള്‍പ്പെടെയാണ് അഞ്ഞൂറ്റി പതിമൂന്ന് മത്സരങ്ങള്‍.

കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന ചടങ്ങിന് ശേഷം ഇന്ന് മുതലാണ് മത്സരം തുടങ്ങിയത്. ഒളിമ്പിക്സ് മാതൃകയില്‍ നടക്കുന്ന ആദ്യത്തെ മേള കൂടിയാണിത്. അറുപത്തി ഏഴാമത് കേരള സ്‌കൂള്‍ കായികമേള സുഗമമായി മുന്നോട്ടു പോകുന്നതായി വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

എല്ലാ കമ്മിറ്റികളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ജില്ലകളിലെയും ടീം മാനേജര്‍മാരുടെ സഹകരണത്തോടെയും ഐ.ടി. വിഭാഗത്തിന്റെ സാങ്കേതിക പിന്തുണയോടെയും രജിസ്ട്രേഷന്‍ നടപടികള്‍ക്ക് വിജയകരമായ തുടക്കം കുറിച്ചു. പ്രത്യേക മൊബൈല്‍ ആപ്പ് മുഖേന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സ്‌കാന്‍ ചെയ്ത് സെര്‍വറിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്ന സംവിധാനം പ്രാവര്‍ത്തികമാക്കി.

സവിശേഷ പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷന്‍ ഇന്നലെ ആരംഭിച്ച് രണ്ടായിരത്തോളം മത്സരാര്‍ത്ഥികളുടെ രേഖകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി.

രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്തുടനീളമുള്ള നൂറിലധികം അധ്യാപകര്‍ സേവനം അനുഷ്ഠിച്ചു. തുടക്കത്തില്‍ ചില വേദികളില്‍ നേരിട്ട സാങ്കേതിക പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിച്ച് പ്രവര്‍ത്തനം തുടരുകയാണ്. ഡാറ്റാ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക ബാക്ക്അപ്പ് സംവിധാനങ്ങളും പാസ്വേഡ് പ്രൊട്ടക്ഷനും ഏര്‍പ്പെടുത്തി. അധ്യാപകരുടെയും കോര്‍ഡിനേറ്റര്‍മാരുടെയും ഏകോപിതമായ പരിശ്രമം മൂലം രജിസ്ട്രേഷന്‍ ഘട്ടം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഇന്നലെ ഉച്ചഭക്ഷണത്തോടെ ഭക്ഷണ വിതരണം ആരംഭിച്ചു. ഇന്ന്, ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കുട്ടികളോടൊപ്പം ഭക്ഷണം കഴിച്ച് കൊണ്ട് ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. ഇന്ന് പ്രഭാത ഭക്ഷണം എണ്ണായിരം പേര്‍ക്ക് നല്‍കി. ഉച്ചഭക്ഷണം ഏതാണ്ട് പതിനാറായിരം പേര്‍ക്ക് നല്‍കി. വളരെ ഭംഗിയായി ഭക്ഷണ വിതരണം നടക്കുന്നു. ഒരേ സമയം രണ്ടായിരത്തി അഞ്ഞൂറ് പേര്‍ക്കാണ് ഭക്ഷണം കഴിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്.

അധ്യാപകര്‍, അധ്യാപക വിദ്യാര്‍ത്ഥികള്‍, ഭാരത് സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, സന്നദ്ധ സേവകര്‍ തുടങ്ങിയവര്‍ ഭക്ഷണ വിതരണം നടത്തുന്നു. പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയിട്ടുള്ള കായിക പ്രദര്‍ശനവും ധനമന്ത്രി ഉദ്ഘാടനം ചെയ്തു. രണ്ടായിരത്തി പതിനാറ് മുതല്‍ രണ്ടായിരത്തി ഇരുപത്തിയഞ്ച് വരെയുള്ള കായികമേഖലയിലെ നേട്ടങ്ങളുടെ പ്രദര്‍ശനം ആണ് ഒരുക്കിയിട്ടുള്ളത്.

വിദ്യാര്‍ഥികളെയെല്ലാം യഥാസമയത്ത് തന്നെ മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

റെയില്‍വേ സ്റ്റേഷനിലും സ്റ്റേഡിയങ്ങളിലും ഹെല്‍പ്പ് ഡെസ്‌കുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. വളരെ മികച്ച പ്രവര്‍ത്തനമാണ് അക്കോമഡേഷന്‍ കമ്മിറ്റി ചെയ്തുകൊണ്ടിരിക്കുന്നത്. അറുപത്തിയഞ്ച് സ്‌കൂളുകളില്‍ കുട്ടികള്‍ താമസിക്കുന്നുണ്ട്.

കുട്ടികളെ സ്വീകരിക്കുന്നതിനും സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സ്‌കൂളുകള്‍ വളരെ ആവേശപൂര്‍വമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.

മധുരം കൊടുത്തും കവാടങ്ങള്‍ ഒരുക്കിയും എല്ലാ സ്‌കൂളുകളിലും അതിഥികളായ കായിക താരങ്ങളെ ജനപ്രതിനിധികളും പി.ടിഎ ,എസ്.എം.സി , ഭാരവാഹികളും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് സ്വീകരിച്ചു .അക്കോമഡേഷന്‍ കമ്മിറ്റിയുടെ ആപ്പ് പുറത്തിറക്കി. ഈ ആപ്പിലൂടെ അക്കോമഡേഷന്‍ സെന്ററിനെക്കുറിച്ച് എല്ലാ വിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

ട്രോഫി കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു. ഇന്‍ക്ലൂസീവ് ഇനങ്ങള്‍ അവസാനിക്കുന്നതിനുസരിച്ച് ആ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് സ്റ്റേഡിയങ്ങളില്‍ മൊമന്റോ നല്‍കി. അവരിലെ വിജയികള്‍ക്കുള്ള ട്രോഫികള്‍ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. കായികമേളയില്‍ പങ്കെടുക്കാനെത്തിയ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്‍കി. സംസ്ഥാനത്തു നിന്നുള്ള ആദ്യ ബാച്ചിന് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. ഇന്ന് ഇതുവരെ ഇരുന്നൂറ്റി അറുപതോളം മത്സരങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.