- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വ്യാഴവട്ട കാലത്തിന്റെ കാത്തിരിപ്പ്; ഫൈനലിലെ കുതിപ്പിന് തുണയായത് എം എസ് ധോണിയുടെ അനുഭവങ്ങള്‍; സ്വപ്നത്തിലേക്ക് കാഞ്ചിവലിച്ച സ്വപ്നലിന്റെ ജീവിതം
പാരീസ്: ഒളിമ്പിക്സിലെ ഷൂട്ടിങ്ങ് റേഞ്ചില്‍ നിന്ന് ഇന്ത്യക്ക് മൂന്നാമത്തെ മെഡലും വന്നിരിക്കുന്നു.തന്റെ സ്വപ്നത്തിലേക്ക് വെടിയുതിര്‍ത്ത് സ്വപ്നില്‍ കുസാലെ വെങ്കലം കഴുത്തിലണിഞ്ഞു.പത്ത് ഷോട്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ആറാം സ്ഥാനത്തായിരുന്ന സ്വപ്നില്‍ സ്വ്പനസമാനമായ കുതിപ്പ് നടത്തിയാണ് വെങ്കലം കഴുത്തിലണിഞ്ഞത്.ഫൈനലിലെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സ്വപ്നിലിന് കരുത്തായത് തന്റെ ആരാധ്യപുരുഷനായ ക്യാപ്റ്റന്‍ കൂള്‍ എം എസ് ധോണിയുടെ ജീവിതം തന്നെയാവണം.കാരണം ജീവിതത്തിലും കരിയറിലും നേരിട്ട പ്രതിസന്ധികളെ ക്യാപ്റ്റന്‍ കൂളിന്റെ ശരീര ഭാഷയതോടെയാണ് സ്വപ്നില്‍ വിജയിച്ചു കയറിയത്.
കരിയറിന്റെ തുടക്കത്തില്‍ തന്നെ പ്രതിഭ തെളിയിച്ചെങ്കിലും ലോകകായിക മാമാങ്കത്തിന്റെ വേദിയിലേക്കെത്താന്‍ ഒരു വ്യാഴവട്ടക്കാലത്തിന്റെ കാത്തിരിപ്പുണ്ടായിരുന്നു സ്വപ്നിലിന്.ഇ സമയങ്ങളിലത്രയും ശാന്തതയും ക്ഷമയും താന്‍ സ്വായത്തമാക്കിയത് ധോണിയുടെ ജീവിതത്തില്‍ നിന്നാണെന്ന് ഒരിക്കല്‍ സ്വപ്നില്‍ തുറന്ന് സമ്മതിക്കുകയുണ്ടായി.2012ലെ ലണ്ടന്‍ ഒളിംപിക്സിലാണ് ഇതിന് മുമ്പ് ഈ ഇനത്തില്‍ ഇന്ത്യന്‍ താരം ഫൈനലിലെത്തിയത്.അന്ന് നഷ്ടമായ മെഡല്‍ ഇന്ന് സ്വപ്നിലിലൂടെ ഇന്ത്യ നേടിയെടുത്തിരിക്കുകയാണ്
സ്വപ്നിലിന്റെ കായിക ജീവിതം
1995 ഓഗസ്റ്റ് 6ന് മഹാരാഷ്ട്രയിലെ കോലാപുരിനടുത്തുള്ള കംബല്‍വാഡി ഗ്രാമത്തിലെ ഒരു കാര്‍ഷിക കുടുംബത്തിലാണ് സ്വപ്നില്‍ കുസാലെയുടെ ജനനം.കുട്ടിക്കാലം തൊട്ടെ കായികരംഗത്തോടുള്ള മകന്റെ അഭിനിവേശം കണ്ട പിതാവ് 2009ല്‍ മഹാരാഷ്ട്രയിലെ കായിക പ്രബോധിനി എന്ന പ്രാഥമിക കായിക പരിപാടിയില്‍ ചേര്‍ത്തതോടെയാണ് സ്വപ്നിലിന്റെ കായിക ജീവിതം തുടങ്ങുന്നത്.അന്ന് ഷൂട്ടിങ്ങിലാണ് അദ്ദേഹം മകനെ ചേര്‍ത്തത്.ഒരു വര്‍ഷത്തെ കഠിന പരിശീലനത്തിന് ശേഷം തന്റെ വഴി ഷൂട്ടിംഗ് തന്നെയാണെന്ന് സ്വപ്നിലും തീരുമാനിക്കുകയായിരുന്നു.
തന്റെ വഴി ഇതാണെന്ന് തിരിച്ചറിഞ്ഞതോടെ സര്‍വ്വതും മറന്ന് ഷൂട്ടിങ്ങില്‍ സ്വപ്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി.അങ്ങിനെ അര്‍പ്പണബോധവും കഴിവും കൊണ്ട് തുടക്കകാലത്ത് തന്നെ ധാരാളം അംഗീകാരങ്ങളും താരത്തെ തേടിയെത്തി.2013ല്‍ ലക്ഷ്യ സ്പോര്‍ട്സില്‍ നിന്ന് സ്പോണ്‍സര്‍ഷിപ്പ് ലഭിച്ചു.ആ കാലയളവില്‍ തന്നെ ഗഗന് നാരംഗ്, ചെയിന്‍ സിംഗ് തുടങ്ങിയ പ്രമുഖ ഷൂട്ടര്‍മാരെ മറികടന്ന് തുഗ്ലക്കാബാദില്‍ നടന്ന 59-ാമത് ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അദ്ദേഹം വെന്നിക്കൊടി പാറിച്ചു.തിരുവനന്തപുരത്ത് വച്ച് നടന്ന 61-ാമത് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 50 മീറ്റര്‍ റൈഫിള്‍ 3-പൊസിഷന്‍ ഇനത്തില്‍ സ്വര്‍ണം നേട്ടം ആവര്‍ത്തിച്ച സ്വപ്നില്‍ ഇന്ത്യന്‍ കായിക ലോകത്ത് തന്റെ വരവറയിച്ചു.
പിന്നാലെ 2015ല്‍ കുവൈത്തില്‍ നടന്ന ഏഷ്യന്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ 3 ഇനത്തില്‍ സ്വര്‍ണം നേടി തന്റെ മികവ് അരക്കിട്ടുറപ്പിച്ചു.പിന്നാലെ നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ സ്വപ്നില്‍ ഇന്ത്യയുടെ അഭിമാനമായി.പക്ഷെ അപ്പോഴും ഒളിമ്പിക്സ് എ്ന്ന മോഹം ബാക്കിയായി.പക്ഷെ വിട്ടുകൊടുക്കാന്‍ താരം തയ്യാറായില്ല.2022ല്‍ കെയ്റോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനമായിരുന്നു സ്വപ്നിലിന്. ഈ നേട്ടത്തോടെ പാരീസിലേക്കും സ്വപ്നില്‍ ടിക്കറ്റെടുത്തു.ഇ വിജയം താരത്തിന്റെ കരിയറിന് ഒരു പുത്തനുണര്‍വ് പകര്‍ന്നു.
തുടര്‍ച്ചയായി 2022 ഏഷ്യന്‍ ഗെയിംസില്‍ ടീം ഇനത്തില്‍ സ്വര്‍ണം നേടുകയും 2023 ബാകു ലോകകപ്പില്‍ മിക്സഡ് ടീം ഇനത്തില്‍ സ്വര്‍ണം നേടുകയും ചെയ്തു.കൂടാതെ വ്യക്തിഗത, ടീം ഇനങ്ങളില്‍ രണ്ട് വെള്ളി മെഡലുകള്‍ സ്വന്തമാക്കുകയും ചെയ്തു.2022ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ടീം ഇനത്തില്‍ വെങ്കലവും 2021ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ലോകകപ്പില്‍ ടീം ഇനത്തില്‍ സ്വര്‍ണവും സ്വപ്നില്‍ കുസാലെ സ്വന്തമാക്കിയിരുന്നു.
ധോണിയെപ്പോലൊരു സ്വപ്നില്‍..ധോണി ആരാധകനായത് ഇങ്ങനെ
2012 മുതല്‍ ഷൂട്ടിങ്ങ് രംഗത്തുണ്ടെങ്കിലും ഒളിമ്പിക്സ് എന്ന തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സ്വപ്നിലിന് ഒരു വ്യാഴവട്ടക്കാലമാണ് കാത്തിരിക്കേണ്ടി വന്നത്.വിഴ്ച്ചകളിലും പ്രതിസന്ധികളും തളരാതെയും ഒരോ അവസ്ഥയെയും സമചിത്തതയോടെ നേരിട്ടുമാണ് സ്വപ്നില്‍ തന്റെ യാത്ര തുടര്‍ന്നത്.ഇതില്‍ തനിക്ക് പ്രചോദനമായത് ധോണിയുടെ ജീവിതമാണെന്നാണ് സ്വപ്നില്‍ പറയുന്നത്.ശാന്തതയും ക്ഷമയും ഒരു ഷൂട്ടറിന് അത്യന്താപേക്ഷിതമാണ്.ഈ രണ്ട് സ്വഭാവങ്ങളും ധോനിയുടെ വ്യക്തിത്വത്തിന്റെ ഭാഗവും. അതുകൊണ്ടുതന്നെയാണ് താന്‍ ധോനിയുടെ ആരാധകനാകുന്നതെന്നും സ്വപ്നില്‍ പറയുന്നുണ്ട്.
"ഷൂട്ടിങ്ങില്‍ ലോകത്ത് ഞാന്‍ പ്രത്യേകിച്ച് ആരെയും പിന്തുടരാറില്ല. അതിന് പുറത്ത്, ധോനിയെ ഞാന്‍ ആരാധിക്കുന്നു. കളിക്കളത്തിലെ അദ്ദേഹത്തെ പോലെ ശാന്തനും ക്ഷമയും ഉള്ളവനായിരിക്കണമെന്നതാണ് എന്റെ കായികവിനോദം ആവശ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ കഥയുമായി എനിക്ക് ബന്ധമുണ്ട്. ഞാന്‍ അദ്ദേഹത്തെപ്പോലെ ഒരു ടിക്കറ്റ് കളക്ടറാണ്." എന്നതാണ് സ്വപ്നിലിന്റെ വാക്കുകള്‍.
ധോണിയെപ്പോലെ തന്നെ റെയില്‍വേയിലെ ടിക്കറ്റ് കലക്ടറാണ് സ്വപ്നിലും. 2015 മുതല്‍ സെന്‍ട്രല്‍ റെയില്‍വേയില്‍ ജോലി ചെയ്യുകയാണ് താരം.ധോനിയുടെ ജീവിതകഥ പറഞ്ഞ 'എം.എസ് ധോനി ദ അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന ചിത്രം എത്ര തവണ കണ്ടുവെന്ന് സ്വപ്നിലിന് തന്നെ അറിയില്ല.കളിക്കളത്തില്‍ ധോണി പുലര്‍ത്തിയ ശാന്തതയും ഏകാഗ്രതയുമാണ് ഫൈനലിലെ പിന്നില്‍ നിന്നുള്ള കുതിപ്പിന് താരത്തിന് പ്രചോദനമായത്.
ആറില്‍ നിന്ന് മൂന്നിലേക്ക് .. മെഡല്‍ പോരാട്ടത്തിലെ കുതിപ്പ്
ശക്തമായ പോരാട്ടത്തിനൊടുവില്‍ 451.4 പോയിന്റോടെയാണ് സ്വപ്നില്‍ അഭിമാന മെഡലിലേക്കെത്തിയത്.ആദ്യ സീരിസില്‍ 50.8 പോയിന്റോടെ സ്വപ്നില്‍ കുസാലെ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 9.6, 10.4, 10.3, 10.5, 10 എന്നിങ്ങനെയാണ് ആദ്യ സീരിസിലെ കുസാലിന്റെ പ്രകടനം.രണ്ടാം സീരിസിലും മികവ് തുടരാന്‍ സ്വപ്നിലിനായി.50.9 പോയിന്റോടെ സ്വപ്നില്‍ പ്രതീക്ഷ നിലനിര്‍ത്തി. 10.1, 9.9, 10.3, 10.5, 10.1 എന്നിങ്ങനെയായിരുന്നു സ്വപ്നിലിന്റെ ഷൂട്ടുകള്‍. മൂന്നാം സീരിസില്‍ 10.5, 10.4, 10.3, 10.2, 10.2 ഷൂട്ടുകളോടെ 51.6 പോയിന്റുകളാണ് സ്വപ്നില്‍ നേടിയത്.
ഇതോടെ ആദ്യ റൗണ്ടില്‍ 153.3 പോയിന്റോടെ ആറാം സ്ഥാനത്താണ് സ്വപ്നില്‍ ഫിനിഷ് ചെയ്തത്. രണ്ടാം റൗണ്ടായ പ്രോണ്‍ റൗണ്ടില്‍ മൂന്ന് സീരിസുകളിലായി 15 ഷൂട്ടുകളാണ് ഉണ്ടാവുക.പ്രോണ്‍ റൗണ്ടിന്റെ ആദ്യ സീരിസില്‍ സ്വപ്നില്‍ കുശാലെ 52.7 പോയിന്റാണ് നേടിയത്.അഞ്ചാം സ്ഥാനത്തായിരുന്നു അപ്പോള്‍ അദ്ദേഹം. 10.5, 10.6, 10.5, 10.6, 10.5 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്കോര്‍. രണ്ടാം സീരിസില്‍ 52.2 പോയിന്റ് നേടിയ സ്വപ്നില്‍ അഞ്ചാം സ്ഥാനത്ത് തന്നെ തുടര്‍ന്ന്. 10.8, 10.2, 10.5, 10.4, 10.3 എന്നിങ്ങനെയാണ് സ്കോര്‍.
മൂന്നാം സീരിസില്‍ സ്വപ്നിലിന് 51.9 പോയിന്റാണ് നേടാനായത്. 10.5, 10.4, 10.4, 10.2, 10.4 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്കോര്‍.പക്ഷെ സ്ഥാനമുന്നേറ്റം സ്പ്നിലിന് ഇവിടെയും ഉണ്ടായില്ല.നിര്‍ണ്ണായകമായ സ്റ്റാന്റിങ് സ്റ്റേജിലേക്ക് മത്സരം എത്തിയതോടെയാണ് സ്വപ്നിലിന്റെ കുതിപ്പ് തുടങ്ങുന്നത്.
മൂന്നാം റൗണ്ടില്‍ ആദ്യ സീരിസിലൂടെ നാലാം സ്ഥാനത്തേക്കുയര്‍ന്ന സ്വപ്നില്‍ 51.1 പോയിന്റാണ് നേടിയത്. 9.5, 10.7, 10.3, 10.6, 10 എന്നിങ്ങനെയായിരുന്നു സ്കോറുകള്‍.രണ്ടാം സീരിസീലൂടെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന താരം 50.4 പോയിന്റുമായി മെഡല്‍ പ്രതീക്ഷ സജീവമാക്കി.10.6, 10.3, 9.1, 10.1, 10.3 പോയിന്റുകളാണ് രണ്ടാം സീരിസില്‍ താരം നേടിയത്.ഇങ്ങനെ എലിമിനേഷന് റൗണ്ടിലേക്ക് പ്രവേശിച്ച സ്വപ്നില്‍ അവസാന ആറുപേരില്‍ നിന്ന് അവസാന ഷുട്ടുകളിലും കൃത്യത പാലിച്ച് വെങ്കല മെഡല്‍ നേടിയെടുക്കുകയായിരുന്നു.
പൂനെയില്‍ നിന്നുള്ള ഈ 28കാരന്റെ ഒളിമ്പിക് ഫൈനല്‍ പ്രവേശനം കേവലമൊരു ദിവസം കൊണ്ടുണ്ടായ അത്ഭുതമല്ല എന്നത് തീര്‍ച്ചയാണ്.കഴിഞ്ഞ കുറച്ചധികം വര്‍ഷങ്ങളായി സ്വപ്നില്‍ നടത്തിയ അര്‍പ്പണ മനോഭാവത്തിന്റെയും കഠിനാധ്വാനത്തിന്റെയും പൂര്‍ണ്ണതയാണ് പാരീസിലെ വെങ്കലം.