കണ്ണൂർ : ജാർഖണ്ഡ് റാഞ്ചിയിൽ നടക്കുന്ന 29 മത് നാഷണൽ താങ്ത ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ആദ്യ സ്വർണം സമ്മാനിച്ച് കണ്ണൂർ സ്വദേശിയായ ആദിത്യൻ. ഏച്ചൂർ മാച്ചേരി സ്വദേശിയായ പി ആദിത്യൻ മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയാണ്.

കുടുക്കിമൊട്ടയിലെ കാരുണ്യം ആയുർവേദ ചികിത്സാലയത്തിലെ വൈദ്യൻ ഏച്ചൂർ മാച്ചേരിയിലെ കാരുണ്യത്തിൽ പി ഗിരീശൻ പെരുവണ്ണാന്റെയും കണ്ണൂർ തെക്കി ബസാറിൽ പ്രവർത്തിക്കുന്ന കണ്ണൂർ സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി പ്രസീതയൂടെയും മകനാണ്.

ആറാം വയസ്സിൽ തെയ്യം കലയിൽ അരങ്ങേറ്റം കുറിച്ച ആദിത്യൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഇതര സംസ്ഥാനങ്ങളിലുമായി 100 കണക്കിന് സ്ഥലങ്ങളിൽ തെയ്യ കോലം കെട്ടിയാടിയിട്ടുണ്ട്. മുത്തപ്പൻ തിരുവപ്പന, വയനാട്ട് കുലവൻ, മണത്തണ പോതി, പടവീരൻ തുടങ്ങിയ നിരവധി തെയ്യക്കോലങ്ങൾക്ക് ജീവൻ പകർന്ന ആദിത്യൻ കായിക മേഖലയിലും തന്റെ മികവ് പ്രകടിപ്പിച്ചിരിക്കുകയാണ്.

28 വർഷത്തിനിടയിൽ മത്സരിച്ചു പരിചയമുള്ള വിവിധ സംസ്ഥാന ടീമുകളോട് ഏറ്റുമുട്ടിയാണ് ആദ്യമായി മത്സരിക്കാനെത്തിയ കേരളം സ്വർണ മെഡൽ നേടിയത്. 80 കിലോഗ്രാം സീനിയർ വിഭാഗത്തിലാണ് ആദിത്യൻ സ്വർണം നേടിയത്. ആദ്യമായാണ് താങ്ത ചാമ്പ്യൻഷിപ്പിൽ ആദിത്യൻ പങ്കെടുക്കുന്നത്. കാടാച്ചിറ കോട്ടൂർ ജ്യോതിസ് കളരി സംഘത്തിലെ കോട്ടൂർ പ്രകാശൻ ഗുരുക്കളുടെ കീഴിൽ കളരി അഭ്യസിച്ച് വരികയാണ്. അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും കോച്ചുമായ മട്ടന്നൂർ സ്വദേശി ജീവരാജന്റെ നേതൃത്വത്തിലുള്ള കഠിന പരിശ്രമമാണ് മെഡൽ നേട്ടത്തിൽ എത്തിയത്.