ആംസ്റ്റര്‍ഡാം: ചെസ് മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍. വൈശാലിക്ക് ഹസ്തദാനം നല്‍കാന്‍ ഉസ്ബെക്കിസ്താന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ നോദിര്‍ബെക്ക് യാകുബ്ബോവ് വിസമ്മതിച്ചതിനെച്ചൊല്ലി വിവാദം. നെതര്‍ലന്‍ഡ്സിലെ വിക് ആന്‍ സീയില്‍ നടക്കുന്ന ടാറ്റ സ്റ്റീല്‍ മാസ്റ്റേഴ്സ് ചെസ് ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ വിവാദമായിരുന്നു. സംഭവത്തില്‍ വിശദീകരണവുമായി യാകുബ്ബോവ് രംഗത്തെത്തി.

താന്‍ വൈശാലിയോട് അനാദരവ് ഉദ്ദേശിച്ചിട്ടില്ലെന്നും വൈശാലിയോടും അവരുടെ ഇളയ സഹോദരന്‍ ആര്‍. പ്രഗ്നാനന്ദയോടും തനിക്ക് എല്ലാ ബഹുമാനവുമുണ്ടെന്നും മതപരമായ കാരണങ്ങളാലാണ് കൈകൊടുക്കാതിരുന്നതെന്നും യാകുബ്ബോവ് എക്സില്‍ കുറിച്ചു. തന്റെ പ്രവൃത്തി വൈശാലിക്ക് അപമാനകരമായെങ്കില്‍ ക്ഷമ ചോദിക്കുന്നതായും യുകുബ്ബോവ് പറഞ്ഞു.

''വൈശാലിയോടും ഇളയ സഹോദരന്‍ പ്രഗ്‌നാനന്ദയോടും എല്ലാവിധ ബഹുമാനവും ഉണ്ട്. എന്നാല്‍ മതപരമായ കാരണത്താല്‍ അന്യസ്ത്രീകളെ സ്പര്‍ശിക്കാന്‍ കഴിയില്ല. അതിനാലാണ് അങ്ങനെ പെരുമാറിയത്. തന്റെ പെരുമാറ്റം വൈശാലിയെ വിഷമിപ്പിച്ചതിനാല്‍ ക്ഷമ ചോദിക്കുന്നു.'' മത്സരത്തിന് മുന്‍ ഇത് വൈശാലിയെ അറിയിക്കാന്‍ സാഹചര്യം ഉണ്ടായില്ലെന്നും ഉസ്‌ബെക്ക് താരം വിശദീകരിച്ചു.

ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദം ഉടലെടുത്തത്.വൈശാലി ഹസ്തദാനത്തിനായി കൈനീട്ടിയിട്ടും ഉസ്‌ബെക്കിസ്ഥാന്‍ താരം പിന്‍വലിഞ്ഞുനില്‍ക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ഇരുവരും തമ്മിലുള്ള നാലാം റൗണ്ട് മത്സരത്തിന് മുന്നോടിയായാണ് ചെസ് ബോര്‍ഡിനടുത്തെക്കെത്തിയ യാകുബ്ബോവിന് കൈകൊടുക്കാനായി വൈശാലി കൈ നീട്ടിയത്. എന്നാല്‍ അത് നിരസിച്ച് അടുത്തുള്ള കസേരയില്‍ താരം ഇരിക്കുകയായിരുന്നു. അതേസമയം മത്സരത്തില്‍ യാകുബ്ബോവ് തോറ്റു. ഇതിനു ശേഷം യാകുബ്ബോവിന് ഹസ്തദാനം നല്‍കാന്‍ വൈശാലി ശ്രമിച്ചതുമില്ല.

23കാരനായ യാകുബോവ് മുസ്ലിം മതവിശ്വാസിയാണ്. 2019ലാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടിയത്. ടാറ്റ ടൂര്‍ണമെന്റില്‍ നാലാം റൗണ്ട് മത്സരം ആരംഭിക്കുന്നതിന് മുമ്പ് വൈശാലി കൈ നീട്ടുകയും യാകുബോവ് നിരസിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഹസ്തദാനം നല്‍കാത്ത നടപടി വലിയ വിവാദങ്ങളും സൃഷ്ടിച്ചു. മത്സരത്തില്‍ ഉസ്‌ബെക്ക് താരം വൈശാലിയോട് പരാജയപ്പെടുകയായിരുന്നു.