സിംഗപ്പൂര്‍: ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ നിര്‍ണായകമായ 12-ാം റൗണ്ട് മത്സരത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷിനെ പരാജയപ്പെടുത്തി ചൈനയുടെ ഡിങ് ലിറന്‍. ഇതോടെ ഇരുവര്‍ക്കും 6 പോയിന്റു വീതമായി. ഞായറാഴ്ച നടന്ന 11ാം ഗെയിം ജയിച്ച് ഇന്ത്യന്‍ താരം മുന്നിലെത്തിയിരുന്ന ചാംപ്യന്‍ഷിപ്പില്‍ തൊട്ടടുത്ത ദിവസം തന്നെ ചൈനീസ് താരം മറുപടി നല്‍കുകയായിരുന്നു.22 നീക്കങ്ങള്‍ അവസാനിക്കുമ്പോള്‍ തന്നെ മത്സരത്തില്‍ ഡിങ് ലിറന്‍ വ്യക്തമായ മേല്‍ക്കൈ നേടിയിരുന്നു. 39ാം നീക്കത്തോടെ ഗുകേഷ് മത്സരം അവസാനിപ്പിച്ചു.

ചാംപ്യന്‍ഷിപ്പിലെ ഒന്നാം പോരാട്ടം ഡിങ് ലിറന്‍ ജയിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ ഗുകേഷും ജയം കണ്ടിരുന്നു. പിന്നീടു തുടര്‍ച്ചയായ 7 ഗെയിമുകളിലെ സമനിലയിലാണു കലാശിച്ചത്. ഇന്നലെ 11ാം റൗണ്ട് മത്സരത്തില്‍ വിജയം കണ്ട ഗുകേഷ് ചാംപ്യന്‍ഷിപ്പില്‍ ആറു പോയിന്റുമായി മുന്നിലെത്തിയിരുന്നു.

14 പോരാട്ടങ്ങള്‍ അടങ്ങിയ ചാംപ്യന്‍ഷിപ്പില്‍ ഇനി രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. ആദ്യം 7.5 പോയിന്റ് നേടുന്നയാള്‍ ചാമ്പ്യനാകും. ഒരു വിജയത്തിന് ഒരു പോയിന്റും സമനിലയ്ക്ക് 0.5 പോയിന്റുമാണ് ലഭിക്കുക. 14 റൗണ്ടുകള്‍ അവസാനിക്കുമ്പോഴും മത്സരം സമനില ആവുകയാണെങ്കില്‍ അടുത്ത ദിവസം ടൈബ്രേക്ക് നടത്തിയായിരിക്കും വിജയിയെ പ്രഖ്യാപിക്കുക.