സിംഗപൂര്‍: ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരം ഡി ഗുകേഷ് തിരിച്ചെത്തി. നിലവിലെ ലോക ചാമ്പ്യന്‍ ഡിങ് ലിറനുമായുള്ള പോരാട്ടത്തിന്റെ രണ്ടാം മത്സരത്തില്‍ ഗുകേഷ് സമനില പിടിച്ചു. 23 നീക്കങ്ങള്‍ക്കൊടുവിലാണ് സമനിലയില്‍ പിരിയാന്‍ ഇരു താരങ്ങളും തീരുമാനിച്ചത്. ആദ്യ കളി ജയിച്ച ഡിങ് ലിറന് ഇപ്പോഴും ലീഡുണ്ട്. 14 ഗെയിമുകളുള്ള ചാംപ്യന്‍ഷിപ്പില്‍ ആദ്യം 7.5 പോയിന്റ് നേടുന്നയാള്‍ക്കാണ് കിരീടം.

കറുത്ത കരുക്കളുമായി കളിച്ചാണ് ഇന്ത്യന്‍ താരം സമനില പിടിച്ചത്. പത്ത് മത്സരങ്ങളാണ് ലോക ചാമ്പ്യന്‍ നിര്‍ണയിക്കാന്‍ അരങ്ങേറുന്നത്. ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയാണ് ഇന്ന് ഗുകേഷ് രണ്ടാം മത്സരത്തിനു ഇരുന്നത്. ആദ്യ കളിയില്‍ ഗുകേഷിനെ 43 നീക്കങ്ങളില്‍ തോല്‍പിച്ച് ചൈനയുടെ ഡിങ് ലിറന്‍ ലീഡ് (10) നേടിയിരുന്നു. ക്ലാസിക്കല്‍ ചെസില്‍ ലോക ചാംപ്യനായ ഡിങ് ലിറന്‍ ജയിക്കുന്നത് 304 ദിവസം നീണ്ട സുദീര്‍ഘമായ ഇടവേളയ്ക്കു ശേഷമായിരുന്നു

ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന അനുപമ നേട്ടവുമായാണ് 18കാരനായ ഗുകേഷ് മത്സരിക്കുന്നത്. ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദിനു ശേഷം ലോക ചാംപ്യനാകുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും താരത്തിനു മുന്നിലുണ്ട്.