- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണമടയ്ക്കാത്തതിനാൽ ഹോട്ടൽ ബുക്കിങ് റദ്ദാക്കി; പാത്രം കഴുകിയും മുറി വൃത്തിയാക്കിയും പാക് ഹോക്കി താരങ്ങള്; ഓസ്‌ട്രേലിയയിൽ തെരുവിൽ അലഞ്ഞത് മണിക്കൂറുകളോളം; ഫെഡറേഷനെതിരെ രൂക്ഷവിമർശനം

കാൻബറ: ഹോട്ടൽ ബുക്കിങ് റദ്ദാക്കിയതിനെ തുടർന്ന് ഓസ്‌ട്രേലിയയിൽ മത്സരത്തിനെത്തിയ പാകിസ്ഥാൻ പുരുഷ ഹോക്കി ടീം തെരുവിൽ അലഞ്ഞത് മണിക്കൂറുകളോളം. ടീമിന്റെ ക്യാപ്റ്റൻ അമ്മാദ് ഷക്കീൽ ബട്ടാണ് ഈ ദുരനുഭവം വെളിപ്പെടുത്തിയത്. മുൻകൂട്ടി പണമടയ്ക്കാത്തതാണ് ബുക്കിങ് റദ്ദാക്കാൻ കാരണമെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു. ഈ സംഭവം ടീമിന്റെ പ്രകടനത്തെ സാരമായി ബാധിക്കുകയും, കളിച്ച ആറ് മത്സരങ്ങളിലും അവർക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തു.
ലാഹോറിൽ നിന്ന് 24 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷമാണ് പാകിസ്ഥാൻ ഹോക്കി ടീം ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ എത്തിയത്. എന്നാൽ, ഹോട്ടലിൽ എത്തിയപ്പോൾ റൂം ബുക്കിങ് മുൻകൂട്ടി പണമടയ്ക്കാത്തതിനാൽ റദ്ദാക്കിയെന്ന് അറിയച്ചതോടെ ആറ് മണിക്കൂറോളമാണ് താരങ്ങൾക്ക് നഗരത്തിൽ അലയേണ്ടി വന്നത്. ഇതോടെ താരങ്ങൾ സ്വന്തമായി ഭക്ഷണം പാകം ചെയ്യുകയും, മുറികൾ വൃത്തിയാക്കുകയും, പാത്രങ്ങൾ കഴുകേണ്ടിയും വന്നുവെന്ന് ക്യാപ്റ്റൻ അമ്മാദ് ഷക്കീൽ ബട്ട് പറയുന്നു.
കായിക താരങ്ങൾ നേരിട്ട ഈ മാനസിക സമ്മർദം കളിക്കാരെ ബാധിക്കുകയും അത് മോശം പ്രകടനത്തിന് വഴിയൊരുക്കുകയും ചെയ്തതായി ക്യാപ്റ്റൻ കൂട്ടിച്ചേർത്തു. പാകിസ്ഥാൻ ഹോക്കി ഫെഡറേഷന്റെ കെടുകാര്യസ്ഥതയാണ് ഈ ദുരനുഭവങ്ങൾക്ക് കാരണമെന്നാണ് വ്യാപകമായ വിമർശനം ഉയരുന്നത്. സമൂഹമാധ്യമങ്ങളിൽ ഫെഡറേഷനെതിരെ രൂക്ഷമായ പരിഹാസവും വിമർശനവുമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.


