ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരെ 46 റണ്‍സിന് ഔട്ടായതിന് ശേഷം നാണക്കേടിന്റെ റെക്കേഡുകളുടെ പെരുമഴയാണ് ഇന്ത്യന്‍ ടീമിന്. ആദ്യ ഇന്നിങ്‌സ് രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ അഞ്ച് പേരാണ് വട്ട പൂജ്യത്തിന് പുറത്തായത്. പൂജ്യത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പുറത്താകുന്ന താരമെന്ന് റെക്കോഡാണ് കോഹ്‌ലി സ്വന്തമാക്കിയത്. 46 എന്നത് ഇന്ത്യന്‍ ടീമിന്റെ ഏറ്റവും കുറഞ്ഞ റണ്‍സെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. ഈ നാണക്കേട് മാറുന്നതിന് മുന്‍പ് മറ്റൊരു നാണക്കേടിന്റെ റെക്കോഡ് കൂടി വന്നിരിക്കുകയാണ് ഇന്ത്യന്‍ ടീമിന്.

രചിന്‍ രവീന്ദ്രയും ടിം സൗത്തിയും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ 356 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ന്യൂസിലന്‍ഡ് നേടിയത്. ഇന്ത്യയില്‍ ഒരു സന്ദര്‍ശക ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന അഞ്ചാമത്തെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണിത്. 2012നുശേഷം ആദ്യമായാണ് ഒരു സന്ദര്‍ശക ടീം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ 200 റണ്‍സിന് മുകളില്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടുന്നത്. 1958ല്‍ കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്ക 490 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയതാണ് സന്ദര്‍ശക ടീമിന്റെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ഒന്നാം ഇന്നിംഗ്‌സ് ലീഡ്.

2008ലും ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ 418 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയിട്ടുണ്ട്. 1985ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ട്(385).1948ല്‍ ബ്രാബോണില്‍ വെസ്റ്റ് ഇന്‍ഡീസ്(356) എന്നിവയ്ക്ക് പിന്നിലാണ് കിവീസ് നേടിയ 356 റണ്‍സ് ലീഡുള്ളത്. 2012ല്‍ ഇംഗ്ലണ്ടാണ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യക്കെതിരെ 200 റണ്‍സിന് മുകളില്‍ ലീഡ് നേടിയ അവസാനത്തെ സന്ദര്‍ശക ടീം. ആ ടെസ്റ്റില്‍ ഇന്ത്യ തോറ്റെങ്കിലും 2009ല്‍ അഹമ്മദാബാദില്‍ ശ്രീലങ്ക ഇന്ത്യക്കെതിരെ 334 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയപ്പോള്‍ ടെസ്റ്റ് സമനിലയാക്കാന്‍ ഇന്ത്യക്കായിരുന്നു.

180-3 എന്ന സ്‌കോറില്‍ മൂന്നാം ദിനം ബാറ്റിംഗ് തുടര്‍ന്ന ന്യൂസിലന്‍ഡിന് തുടക്കത്തിലെ ഡാരില്‍ മിച്ചലിനെ നഷ്ടമായി. സിറാജിന്റെ പന്തില്‍ മിച്ചലിനെ(18) ഗള്ളിയില്‍ യശസ്വി ജയ്‌സ്വാള്‍ കൈയിലൊതുക്കി. ടോം ബ്ലണ്ടലിനെ(5) ജസ്പ്രീത് ബുമ്രയും പിന്നാലെ മടക്കിയതോടെ ഇന്ത്യക്ക് പ്രതീക്ഷയായി. ഗ്ലെന്‍ ഫിലിപ്‌സ് (14) തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും ജഡേജയുടെ പന്തില്‍ അടിതെറ്റി വീണു.

മാറ്റ് ഹെന്റിയെ(8) കൂടി ജഡേജ മടക്കിയതോടെ 233-7ലേക്ക് വീണ ന്യൂസിലന്‍ഡ് എളുപ്പം പുറത്താവുമെന്ന് കരുതിയെങ്കിലും പിന്നീട് തകര്‍ത്തടിച്ച രചിന്‍ രവീന്ദ്രയും ടിം സൗത്തിയും ഇന്ത്യയുടെ പ്രതീക്ഷ കെടുത്തി. എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ ന്യൂസിലന്‍ഡ് 3050ന് മുകളില്‍ ലീഡുറപ്പാക്കി.രചിന്‍ രവീന്ദ്ര 134 റണ്‍സടിച്ചപ്പോള്‍ ടിം സൗത്തി 65 റണ്‍സെടുത്തു.