- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു; 30 അംഗ ടീമിൽ ഇടം നേടിയത് ഏഴ് മലയാളികൾ; സുനിൽ ഛെത്രിയെ ഉൾപ്പെടുത്തി; സഹൽ അബ്ദുൽസമദും സന്ദേശ് ജിങ്കനും ടീമിലില്ല
ന്യൂഡൽഹി: സിംഗപ്പൂരിനെതിരായ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള 30 അംഗ ഇന്ത്യൻ ഫുട്ബോൾ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് കോച്ച് ഖാലിദ് ജമീൽ. ടീമിൽ ഏഴ് മലയാളികളാണ് ഇടം നേടിയത്. സമീപ കാലത്തൊരു ദേശീയ ടീമിന്റെ സാധ്യതാ പട്ടികയിലുണ്ടായ ഏറ്റവും വലിയ മലയാളി പങ്കാളിത്തമാണ്. വിരമിച്ച ശേഷം തിരിച്ചെത്തിയ മുതിർന്ന താരം സുനിൽ ഛെത്രിയെയും ഇത്തവണ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സെപ്റ്റംബർ 20ന് ബംഗളൂരുവിൽ ടീമിന്റെ തയ്യാറെടുപ്പ് ക്യാമ്പ് ആരംഭിക്കും. അണ്ടർ 23 ഏഷ്യൻ കപ്പിൽ മികച്ച പ്രകടനം നടത്തിയ നാലുപേർ ഉൾപ്പെടെയാണ് മലയാളി താരങ്ങൾ സാധ്യതാ ടീമിലെത്തിയത്. മുഹമ്മദ് ഉവൈസ്, ആഷിഖ് കുരുണിയൻ, ജിതിൻ എം.എസ്, മുഹമ്മദ് ഐമൻ, വിബിൻ മോഹനൻ, മുഹമ്മദ് സുഹൈൽ, മുഹമ്മദ് സനാൻ എന്നിവരാണ് ടീമിൽ ഇടം നേടിയ മലയാളി താരങ്ങൾ.
ഖത്തറിൽ നടന്ന അണ്ടർ 23 ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയ മുഹമ്മദ് സുഹൈൽ, മുഹമ്മദ് സനാൻ, വിബിൻ മോഹനൻ, മുഹമ്മദ് ഐമൻ എന്നിവരാണ് യൂത്ത് ടീമിൽ നിന്ന് ഉയർന്നുവന്നവർ. എ.എഫ്.സി നാഷൻസ് കപ്പിലൂടെ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച മുഹമ്മദ് ഉവൈസിനൊപ്പം കളിച്ച ജിതിനും ആഷിഖും പട്ടികയിൽ ഇടം നേടി.
മോഹൻ ബഗാൻ, എഫ്.സി ഗോവ ടീമുകളുടെ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലെ തിരക്കുമൂലം സഹൽ അബ്ദുൽസമദ്, സന്ദേശ് ജിങ്കൻ തുടങ്ങിയ താരങ്ങൾ 30 അംഗ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. മൂന്ന് സീനിയർ താരങ്ങളും രണ്ട് അണ്ടർ 23 താരങ്ങളും ഉൾപ്പെടെ അഞ്ചുപേരെ സ്റ്റാൻഡ്ബൈ ആയി നിലനിർത്തും. സാധ്യതാ ടീമിൽ നിന്നാണ് സിംഗപ്പൂരിനെതിരായ അന്തിമ ടീമിനെ തിരഞ്ഞെടുക്കുന്നത്.