ഷെൻഷെൻ: ചൈന മാസ്റ്റേഴ്സ് 2025 സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ താരം പി.വി. സിന്ധുവിന് ക്വാർട്ടറിൽ പുറത്തായി. ലോക ഒന്നാം നമ്പർ താരം ആൻ സെ യംഗിനോട് നേരിട്ടുള്ള ഗെയിമുകളിലാണ് സിന്ധു തോൽവി വഴങ്ങിയത്. വെള്ളിയാഴ്ച ഷെൻഷെൻ അരീനയിൽ നടന്ന മത്സരത്തിൽ 14-21, 13-21 എന്ന സ്കോറിലാണ് സിന്ധു പരാജയപ്പെട്ടത്. എട്ടാം തവണയാണ് സിന്ധു ആൻ സെ യംഗിനോട് തുടർച്ചയായി തോൽവി ഏറ്റുവാങ്ങുന്നത്.

38 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തിൽ 23 കാരിയായ കൊറിയൻ താരത്തിന്റെ മികച്ച പ്രകടനത്തിനു മുന്നിൽ സിന്ധുവിന് പിടിച്ചുനിൽക്കാനായില്ല. ഒന്നാം ഗെയിമിൽ സിന്ധുവിന് തുടക്കം മുതലേ പിഴച്ചിരുന്നു. എങ്കിലും പിന്നീട് ഒപ്പത്തിനൊപ്പം എത്താൻ ശ്രമിച്ചെങ്കിലും ആൻ സെ യംഗിന്റെ സ്മാഷുകൾക്ക് മുന്നിൽ സിന്ധുവിന് പിഴവുകൾ സംഭവിച്ചു. രണ്ടാം ഗെയിമിലും സമാനമായ പ്രകടനം ആവർത്തിച്ചു.

ഇടയ്ക്ക് ചില നല്ല ഷോട്ടുകൾ കളിച്ചെങ്കിലും അൻ സെ യംഗിന്റെ വേഗതയേറിയ നീക്കങ്ങൾക്ക് മുന്നിൽ സിന്ധുവിന് പിഴച്ചതോടെ മത്സരം കൈവിട്ടു പോയി. പാരീസ് ഒളിമ്പിക്സിൽ സ്വർണം നേടിയ താരമാണ് അൻ സെ യംഗ്. ടോപ് സീഡ് ആയ ആൻ സെ യംഗ് സെമിഫൈനലിൽ ജപ്പാന്റെ അകാനെ യമഗൂച്ചിയുമായി ഏറ്റുമുട്ടും.

പുരുഷ ഡബിൾസിൽ സാത്വിക്സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ചൈന മാസ്റ്റേഴ്സിൽ മത്സരിക്കുന്നുണ്ട്. ഇവർ ക്വാർട്ടറിൽ ചൈനയുടെ റെൻ സിയാങ് യൂ-ഷി ഹാവോനാൻ സഖ്യത്തെ നേരിടും. ഈ മത്സരത്തിൽ വിജയിച്ചാൽ ഇവർക്ക് സെമിഫൈനലിൽ ലിയോ റോളി കർണാണ്ടോ-ബഗാസ് മൗലാന അല്ലെങ്കിൽ ആരോൺ ചിയ-സോഹ് വൂയി യീക്ക് എന്നിവരുമായി ഏറ്റുമുട്ടേണ്ടി വരും.