- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളം നിറഞ്ഞ് ലയണൽ മെസ്സി; ഇന്റർ മയാമിക്ക് ആദ്യ മേജര്‍ ലീഗ് സോക്കര്‍ കിരീടം; തോമസ് മുള്ളര്‍ നയിച്ച വാന്‍കൂവര്‍ വൈറ്റ്കേപ്സിനെ പരാജയപ്പെടുത്തിയത് 3-1ന്
ഫ്‌ളോറിഡ: ചരിത്രത്തിലാദ്യമായി മേജർ ലീഗ് സോക്കർ (എംഎൽഎസ്) കിരീടം സ്വന്തമാക്കി ഇന്റർ മയാമി. ഫൈനലിൽ വാൻകൂവർ വൈറ്റ്‌കേപ്‌സ് എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് മെസിയും സംഘവും കന്നി കിരീടം ഉയർത്തിയത്. ഇതോടെ, മെസിയുടെ വരവോടെ അടിമുടി മാറിയ ഇന്റർ മയാമിക്ക് വലിയൊരു നേട്ടമാണ് കൈവരിക്കാനായത്.
വെറ്ററൻ ജർമൻ ഇതിഹാസം തോമസ് മുള്ളർ നയിക്കുന്ന വാൻകൂവറിനെതിരെ കളിയുടെ തുടക്കത്തിൽ സർവാധിപത്യം അവർക്കായിരുന്നു. എന്നാൽ, അവസാന 20 മിനിറ്റിനിടെ നിർണായക നീക്കങ്ങളുമായി മെസി കളം വാണതോടെ മത്സരത്തിന്റെ ഗതി പൂർണ്ണമായും ഇന്റർ മയാമിക്ക് അനുകൂലമായി മാറി. മൂന്ന് ഗോളുകളിലും മെസിയുടെ സ്പർശമുണ്ടായിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ വാൻകൂവർ പ്രതിരോധ താരം എഡിയർ ഒക്കംപോയുടെ സെൽഫ് ഗോളിലൂടെ ഇന്റർ മയാമി മുന്നിലെത്തി. ഈ നീക്കങ്ങൾക്കും തുടക്കം കുറിച്ചത് മെസി തന്നെയായിരുന്നു. 60-ാം മിനിറ്റിൽ അലി അഹമ്മദിലൂടെ വാൻകൂവർ സമനില പിടിച്ചു. എന്നാൽ, 71-ാം മിനിറ്റിൽ റോഡ്രിഗോ ഡി പോൾ ഇന്റർ മയാമിയെ വീണ്ടും മുന്നിലെത്തിച്ചു. വാൻകൂവർ താരത്തിൽ നിന്ന് പന്ത് റാഞ്ചി മെസി നൽകിയ പാസ് ഡി പോൾ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.
ഇഞ്ച്വറി ടൈമിൽ മെസിയുടെ മറ്റൊരു പാസിൽ നിന്ന് ടഡേയോ അല്ലെൻഡ് മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു. മെസി മയാമിയിൽ എത്തിയ ശേഷം പഴയ ബാഴ്‌സലോണ സഹതാരങ്ങളായ ജോർഡി ആൽബ, സെർജിയോ ബുസ്‌ക്വറ്റ്‌സ് എന്നിവരും ടീമിൽ ചേർന്നിരുന്നു. ഈ ഫൈനൽ ഇരുവരുടെയും ഇന്റർ മയാമിക്ക് വേണ്ടിയുള്ള അവസാന മത്സരം കൂടിയായിരുന്നു.




