- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെബ്രുവരിയിൽ കിക്കോഫ്, പങ്കാളിത്ത ഫീസായി ക്ലബ്ബുകൾ ഒരു കോടി രൂപ നൽകണം; സ്റ്റേഡിയങ്ങളുടെ എണ്ണം കുറയും; ഐഎസ്എൽ മത്സരക്രമം അടുത്തയാഴ്ച പ്രസിദ്ധീകരിക്കും
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്‌ബോൾ മത്സരക്രമം അടുത്തയാഴ്ച പ്രസിദ്ധീകരിക്കാൻ തീരുമാനം. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്), ഐഎസ്എൽ ഏകോപന സമിതി യോഗത്തിലായിരുന്നു സുപ്രധാന തീരുമാനം. ഫെബ്രുവരിയിൽ ലീഗ് മത്സരങ്ങൾ ആരംഭിക്കാനാണ് ധാരണ. ഈ സീസൺ ഐഎസ്എൽ നടത്തിപ്പിനായി ഓരോ ക്ലബ്ബും ഒരു കോടി രൂപ പങ്കാളിത്ത ഫീ നൽകണമെന്നും എഐഎഫ്എഫ് അറിയിച്ചു.
പുതിയ സ്പോൺസറെ കണ്ടെത്താൻ ടെൻഡർ വിളിച്ചിരുന്നെങ്കിലും ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ രീതിയിൽ ലീഗ് സംഘടിപ്പിക്കാൻ തീരുമാനമായത്. ഐഎസ്എൽ നടത്താൻ ക്ലബ്ബുകൾ തന്നെ പണം കണ്ടെത്തണമെന്ന സൂചന കായിക മന്ത്രാലയവും നൽകിയിരുന്നു. എന്നാൽ, സംപ്രേഷണ, റഫറിയിങ് ചെലവുകൾ എഐഎഫ്എഫ് വഹിക്കും. രണ്ടോ മൂന്നോ വേദികളിലായി മത്സരങ്ങൾ സംഘടിപ്പിക്കാനാണ് നിലവിൽ ധാരണ. ഈ സീസണിൽ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനും ക്ലബ്ബുകളും ചേർന്നായിരിക്കും ലീഗിന്റെ നടത്തിപ്പ് ചുമതല വഹിക്കുക.
ലീഗിനെ സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ 13 ക്ലബ്ബുകൾ എഐഎഫ്എഫിന് കത്ത് നൽകിയിരുന്നുവെങ്കിലും അനുകൂലമായ മറുപടിയായിരുന്നില്ല അന്ന് ലഭിച്ചത്. അതേസമയം, പ്രധാന താരങ്ങളെല്ലാം ക്ലബ്ബുകൾ വിട്ടുപോകുന്നതിൽ ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ നിരാശ നിലനിൽക്കുന്നുണ്ട്. ഇത് ലീഗിന്റെ സ്വീകാര്യതയെ ബാധിക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
ഇതിനിടെ, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി.യുടെ പുതിയ ഹോം കിറ്റ് പ്രകാശനം ചെയ്തു. കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെയും ജനങ്ങളുടെ തളരാത്ത പോരാട്ടവീര്യത്തെയും ആദരിച്ചുകൊണ്ടാണ് ഈ വർഷത്തെ ജേഴ്സി രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേരളത്തിലെ പ്രധാന കലാരൂപങ്ങളിലൊന്നായ തെയ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ധൈര്യത്തിന്റെയും ഉറച്ച വിശ്വാസത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായ തെയ്യത്തിന്റെ സങ്കീർണ്ണമായ മുഖചിത്രങ്ങൾ ക്ലബ്ബിന്റെ ചിഹ്നമായ ആനയുടെ ലോഗോയിൽ സമന്വയിപ്പിച്ചാണ് പുതിയ ജേഴ്സി അവതരിപ്പിച്ചത്.




