- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പിനരികിൽ അസൂറികൾ; പ്ലേ ഓഫ് സെമിയിൽ അയർലൻഡിനെ തകർത്ത് ഇറ്റലി; സ്വന്തം തട്ടകത്തിൽ ജയിച്ചു കയറിയത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്

ബെർഗാമോ: തുടർച്ചയായ രണ്ട് ലോകകപ്പുകൾ നഷ്ടമായതിന്റെ നാണക്കേട് കഴുകിക്കളയാൻ ഇറ്റലി ഒരുങ്ങുന്നു. ലോകകപ്പ് യൂറോപ്യൻ പ്ലേ ഓഫ് സെമിഫൈനലിൽ വടക്കൻ അയർലൻഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് മുൻ ലോകചാമ്പ്യന്മാർ യോഗ്യതയുടെ പടിക്കലെത്തി. മറ്റൊരു പോരാട്ടത്തിൽ വിക്ടർ ഗ്യോക്കറസിന്റെ ഹാട്രിക് മികവിൽ യുക്രെയ്നെ 3-1ന് വീഴ്ത്തി സ്വീഡനും പ്ലേ ഓഫ് ഫൈനലിൽ കടന്നു.
സ്വന്തം തട്ടകമായ ബെർഗാമോയിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിലായിരുന്നു ഇറ്റലിയുടെ ഗോളുകളെല്ലാം. ആദ്യ പകുതിയിൽ അയർലൻഡ് പ്രതിരോധം ഉറച്ചുനിന്നെങ്കിലും 56-ാം മിനിറ്റിൽ സാൻഡ്രോ ടൊണാലിയിലൂടെ അസൂറികൾ ലീഡെടുത്തു. മനോഹരമായൊരു ഹാഫ് വോളിയിലൂടെയായിരുന്നു ടൊണാലിയുടെ ഗോൾ. 80-ാം മിനിറ്റിൽ മോയിസ് കീൻ രണ്ടാം ഗോളും വിജയവും ഉറപ്പിച്ചു. ടൊണാലിയുടെ കൃത്യതയാർന്ന പാസാണ് കീനിന് വഴിയൊരുക്കിയത്.
പരിശീലകൻ ജെന്നെരോ ഗാട്ടുസോയ്ക്ക് കീഴിൽ അണിനിരന്ന ഇറ്റലിക്ക് പ്ലേ ഓഫ് ഫൈനലിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയാണ് എതിരാളികൾ. ഈ കടമ്പ കൂടി കടന്നാൽ 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറ്റലിക്ക് ലോകകപ്പ് വേദിയിലെത്താം.
സ്വീഡന്റെ വിജയശില്പി സ്ട്രൈക്കർ വിക്ടർ ഗ്യോക്കറസായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾവേട്ട തുടങ്ങിയ താരം രണ്ടാം പകുതിയിലും ആധിപത്യം തുടർന്നു. ഒടുവിൽ പെനാൽറ്റിയിലൂടെ ഹാട്രിക് പൂർത്തിയാക്കിയാണ് ഗ്യോക്കറസ് സ്വീഡന് ആധികാരിക ജയം സമ്മാനിച്ചത്. പ്ലേ ഓഫ് ഫൈനലിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെ പോളണ്ടാണ് സ്വീഡന്റെ എതിരാളികൾ.


