കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐ.എസ്.എൽ) വരാനിരിക്കുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഹോം മത്സരങ്ങളെല്ലാം കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് തന്നെ നടക്കും. ക്ലബ്ബ് അധികൃതർ ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ ഈ തീരുമാനം സ്ഥിരീകരിച്ചു. നേരത്തെ മറ്റ് സ്റ്റേഡിയങ്ങളെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നെങ്കിലും, ഹോം ഗ്രൗണ്ടിൽ മാറ്റമുണ്ടാകില്ലെന്ന് ക്ലബ്ബ് അറിയിച്ചു.

ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ വേദികളിലൊന്നായി കൊച്ചി സ്റ്റേഡിയത്തെ മാറ്റുന്നത് തങ്ങളുടെ പ്രിയപ്പെട്ട ആരാധകരാണെന്ന് ക്ലബ്ബ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ആരാധകരോടും പങ്കാളികളോടും സംസ്ഥാനത്തെ ഫുട്ബോൾ സമൂഹത്തോടുമുള്ള ക്ലബ്ബിന്‍റെ പ്രതിബദ്ധതയാണ് ഈ തീരുമാനത്തിലൂടെ വീണ്ടും ഉറപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്‍റെ ഫുട്ബോൾ യാത്രയിലെ മറക്കാനാവാത്ത ഒട്ടേറെ നിമിഷങ്ങൾക്ക് കൊച്ചി സ്റ്റേഡിയം സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ഐ.എസ്.എൽ അധികൃതർ പുറത്തുവിട്ട മത്സരക്രമം അനുസരിച്ച് ഫെബ്രുവരി 22-ന് മുംബൈ സിറ്റി എഫ്‌സിക്കെതിരെ കോഴിക്കോട് ഇ.എം.എസ്. സ്റ്റേഡിയത്തിൽ വെച്ച് ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ ഹോം മത്സരം നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ആരാധകരുടെ സൗകര്യവും കൊച്ചിയിലെ ഗാലറി നൽകുന്ന കരുത്തും പരിഗണിച്ച്, മാനേജ്‌മെന്‍റ് ഈ സീസണിലെ എല്ലാ ഹോം മത്സരങ്ങളും കൊച്ചിയിൽ തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു.

ഫെബ്രുവരി 28, മാർച്ച്‌ 7, 21, ഏപ്രിൽ 15, 18, 23, മെയ് 10, 17 എന്നീ തീയതികളിലും ബ്ലാസ്റ്റേഴ്‌സിന് ഹോം മത്സരങ്ങളുണ്ട്. ഈ മത്സരങ്ങളെല്ലാം കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ തന്നെ നടക്കും.