- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെസ്‌ലിങ് റിങിലെ യുഗാന്ത്യം; ഡബ്ല്യു.ഡബ്ല്യു.ഇ ഇതിഹാസം ജോൺ സീന വിരമിച്ചു; വിടവാങ്ങൽ മത്സരത്തിൽ തോൽവി; 23 വർഷത്തെ ഐതിഹാസിക കരിയറിനു വിരാമം
വാഷിങ്ടൺ ഡി.സി: ലോകമെമ്പാടുമുള്ള റെസ്‌ലിങ് ആരാധകരെ കണ്ണീരിലാഴ്ത്തി, വേൾഡ് റെസ്‌ലിങ് എന്റർടെയ്ൻമെന്റ് ഇതിഹാസ താരം ജോൺ സീന പ്രൊഫഷണൽ റെസ്‌ലിങ് റിങിൽ നിന്ന് വിരമിച്ചു. കഴിഞ്ഞ ദിവസം വാഷിങ്ടൺ ഡി.സി.യിൽ നടന്ന 'സാറ്റർഡേ നൈറ്റ്‌സ് മെയിൻ ഇവന്റ്' ടൂർണമെന്റിലെ ഗുന്തറുമായുള്ള മത്സരത്തോടെയാണ് 23 വർഷം നീണ്ട അദ്ദേഹത്തിന്റെ ഐതിഹാസിക കരിയറിന് വിരാമമായത്.
റെക്കോർഡ് നേട്ടമായ 17 തവണ ലോക ചാമ്പ്യൻ പട്ടം നേടിയ സീന, വിടവാങ്ങൽ മത്സരത്തിൽ പരാജയപ്പെട്ടത് ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചത്. കഴിഞ്ഞ വർഷം തന്നെ 2025-ൽ സജീവ റെസ്‌ലിങ് കരിയർ അവസാനിപ്പിക്കുമെന്ന് സീന പ്രഖ്യാപിച്ചിരുന്നു. അവസാന മത്സരത്തിന് ശേഷം, റിങ് സൈഡിൽ ഒത്തുകൂടിയ സഹതാരങ്ങളും ആരാധകരും അദ്ദേഹത്തിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി. ഡബ്ല്യു.ഡബ്ല്യു.ഇ. ലോക്കർ റൂമിലെ നിരവധി താരങ്ങൾ സീനയ്ക്ക് ആദരവ് അർപ്പിക്കാനെത്തി.
അവസാനമായി റിങ് വിടുന്നതിനുമുമ്പ്, വിരമിക്കലിന്റെ പ്രതീകമായി തന്റെ ഷൂസും ആംബാൻഡുകളും റിങിൽ ഉപേക്ഷിച്ച സീന, കാണികളെ നോക്കി അഭിവാദ്യം ചെയ്തു. നിറഞ്ഞ മനസ്സോടെ 'താങ്ക് യു സീന' എന്ന് ആരാധകർ വിളിച്ചുപറഞ്ഞപ്പോൾ വിതുമ്പലടക്കാനാവാതെയാണ് താരം റിങ് വിട്ടത്. ഹാൾ ഓഫ് ഫെയിം താരങ്ങളായ കർട്ട് ആംഗിൾ, ട്രിഷ് സ്ട്രാറ്റസ്, മിഷേൽ മക്കൂൾ തുടങ്ങി സീനയുടെ മുൻ താരങ്ങളും എത്തിയിരുന്നു. ലോകമെമ്പാടുമുള്ള പ്രമുഖ താരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ സീനയ്ക്ക് ആശംസകൾ അറിയിച്ചു.
"ഇത്രയും വർഷം നിങ്ങളെ സന്തോഷിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, നന്ദി," വിടവാങ്ങൽ പ്രസംഗത്തിൽ ജോൺ സീന പറഞ്ഞു. 17 തവണ ലോക ചാമ്പ്യൻ (ഡബ്ല്യു.ഡബ്ല്യു.ഇ ചരിത്രത്തിലെ റെക്കോർഡ്), 5 തവണ യുണൈറ്റഡ് സ്റ്റേറ്റ്സ് ചാമ്പ്യൻ, 2 തവണ റോയൽ റംബിൾ വിജയി, തുടങ്ങി നിരവധി റെക്കോർഡുകൾ താരത്തിന്റെ പേരിലുണ്ട്.
The GOAT.
— WWE (@WWE) December 14, 2025
There will never be another John Cena! 🥹 pic.twitter.com/8dT8jUQjma
'നെവർ ഗിവ് അപ്പ്', 'ഹസ്സ്‌ൽ, ലോയൽറ്റി, റെസ്‌പെക്റ്റ്' എന്നീ മുദ്രാവാക്യങ്ങളിലൂടെ റെസ്‌ലിങ് ആരാധകരുടെ മാത്രമല്ല, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികളുടെയും പ്രചോദനമായി മാറിയ ജോൺ സീന, റെസ്‌ലിങ് റിങ് വിട്ടെങ്കിലും ഡബ്ല്യു.ഡബ്ല്യു.ഇയുടെ അംബാസഡറായും ഹോളിവുഡ് താരമായും തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.




