ധാക്ക: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ മുന്നൂറ് വിക്കറ്റ് തികയ്ക്കുന്ന താരമായി ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ. ധാക്കയില്‍ നടക്കുന്ന ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് താരം അപൂര്‍വ്വ നേട്ടത്തിലേക്കെത്തിയത്. മുഷ്ഫിഖുര്‍ റഹീമിനെ ക്ലീന്‍ ബൗള്‍ഡാക്കിയായിരുന്നു നേട്ടം. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ദക്ഷിണാഫ്രിക്കന്‍ താരമാണ് റബാഡ. ഡെയ്ല്‍ സ്റ്റെയ്ന്‍, ഷോണ്‍ പൊള്ളോക്ക്, മഖായ എന്റിനി, അലന്‍ ഡൊണാള്‍ഡ്, മോര്‍ണി മോര്‍ക്കല്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. അടുത്തിടെ രവീന്ദ്ര ജഡേജയും ഈ നേട്ടം കൈവരിച്ചിരുന്നു.

11,817 പന്തുകളാണ് 300 വിക്കറ്റുകള്‍ നേടാന്‍ റബാഡയെറിഞ്ഞത്. ഈ നേട്ടത്തില്‍ ഒരു താരം എറിയുന്ന് ഏറ്റവും കുറഞ്ഞ പന്തുകളാണ് ഇത്. 12602 പന്തുകളില്‍ നിന്ന് 300 വിക്കറ്റെടുത്തിരുന്ന പാക്‌സിതാന്റെ വഖാര്‍ യൂനുസായിരുന്നു ഇത് വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. 12605 പന്തില്‍ നിന്ന് 300 വിക്കറ്റ് നേടിയ ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റൈയ്ന്‍, 13672 പന്തുകളുമായി അലന്‍ ഡൊണാള്‍ഡ്, 13728 പന്തുമായി മാല്‍ക്കം മാര്‍ഷല്‍ എന്നിവരാണ് ആദ്യ അഞ്ചുപേരുടെ ലിസ്റ്റിലുള്ളത്.

40ല്‍ താഴെ സ്‌ട്രൈക്ക് റേറ്റില്‍ 50 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ബൗളര്‍കൂടിയാണ് റബാഡ. 300 വിക്കറ്റ് തികക്കുന്ന ഏതൊരു ബൗളറുടെയും മികച്ച് സ്‌ട്രൈക്ക് റേറ്റും റബാഡയ്ക്ക് സ്വന്തം. ഏറ്റവും കുറഞ്ഞ ബൗളില്‍ ഈ നേട്ടം കൈവരിച്ച താരം റബാഡ ആണെങ്കിലും മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 300 തികച്ച താരം ഇന്ത്യന്‍ ബൗളര്‍ അശ്വിനാണ്. 54 മത്സരങ്ങളില്‍ നിന്നാണ് അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കിയതെങ്കില്‍ 65-ാം മത്സരത്തിലാണ് റബാഡയുടെ ഈ നേട്ടം.

അതേസമയം ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ ബംഗ്ലാദേശ് ഓള്‍ ഔട്ടായി. വെറും 40 ഓവറില്‍ 106 റണ്‍സിനായിരുന്നു ഓള്‍ ഔട്ടായത്. 97 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത മഹ്‌മൂദല്‍ ഹസന്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനമെങ്കിലും കാഴ്ച്ച വെച്ചത്. കഗിസോ റബാഡ,വിയാന്‍ മാള്‍ഡര്‍, കേശവ മഹാരാജ് എന്നിവര്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതം നേടി.