- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോഴ്സ കൊച്ചിയെ തകർത്ത് എതിരില്ലാത്ത ഒരു ഗോളിന്; സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തോൽവിയറിയാതെ കണ്ണൂർ വാരിയേഴ്സ്; ഗോൾ വല കുലുക്കിയത് പകരക്കാരനായെത്തിയ അഡ്രിയാൻ സെർദിനേറോ
കൊച്ചി: സൂപ്പർ ലീഗ് കേരള സീസണിൽ ഫോഴ്സ കൊച്ചിയെ തകർത്ത് കണ്ണൂർ വാരിയേഴ്സ് എഫ്.സി. ഏകപക്ഷീയമായ ഒരു ഗോളിനാണ് കണ്ണൂർ ടീം കൊച്ചിയെ പരാജയപ്പെടുത്തിയത്. 84-ാം മിനിറ്റിൽ സ്പാനിഷ് താരം അഡ്രിയാൻ സെർഡിനേറോ നേടിയ ഗോളാണ് കണ്ണൂരിന് വിജയം സമ്മാനിച്ചത്. ടൂർണമെന്റിൽ ഇതുവരെ തോൽവി അറിയാതെ മുന്നേറുന്ന കണ്ണൂർ, വെള്ളിയാഴ്ച കൊച്ചിയിൽ നടന്ന മത്സരത്തിലും തങ്ങളുടെ ആധിപത്യം തുടർന്നു.
മൂന്ന് കളികളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റോടെ കണ്ണൂർ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. മറുവശത്ത്, ഫോഴ്സ കൊച്ചിയുടെ ഇത് തുടർച്ചയായ മൂന്നാം തോൽവിയാണ്. നിലവിലെ റണ്ണറപ്പായ ഇവർക്ക് ഇതുവരെ പോയിന്റ് നേടാൻ കഴിഞ്ഞിട്ടില്ല. മത്സരത്തിന്റെ ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടില്ല. 17-ാം മിനിറ്റിൽ കണ്ണൂരിന്റെ ടി. ഷിജിൻ ബോക്സിന് പുറത്തുനിന്നുള്ള മികച്ച ഒരു ഷോട്ട് വലയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും കൊച്ചി ഗോൾകീപ്പർ അത് തടഞ്ഞു.
രണ്ടാം പകുതിയിലും ആക്രമണ ശൈലി തുടർന്നെങ്കിലും 66-ാം മിനിറ്റിൽ ലഭിച്ച അവസരം കണ്ണൂരിന് മുതലാക്കാനായില്ല. വലത് വിങ്ങിൽ നിന്ന് വന്ന ക്രോസ് ഷിജിൻ, പോസ്റ്റിന് സമീപത്തുണ്ടായിരുന്ന നിക്കോളാസിന് ഹെഡ് ചെയ്തു നൽകിയെങ്കിലും താരത്തിന്റെ ഷോട്ട് ഗോൾകീപ്പറുടെ കയ്യിലേക്ക് തന്നെ പതിക്കുകയായിരുന്നു. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ 84-ാം മിനിറ്റിൽ ഇടത് വിങ്ങിൽ നിന്ന് എ. ഗോമസ് നൽകിയ പന്ത് കൃത്യമായി വലയിലെത്തിച്ച് പകരക്കാരനായി വന്ന അഡ്രിയാൻ സെർഡിനേറോയാണ് കണ്ണൂരിന് നിർണ്ണായകമായ ഗോൾ സമ്മാനിച്ചത്.




