ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ പരാജയങ്ങളിൽ ഉഴലുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പുതിയ പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിന് കീഴിൽ ആദ്യ പോരാട്ടത്തിനിറങ്ങുന്നു. വൈകീട്ട് അഞ്ചിന് ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സ്പോർട്ടിങ് ഡൽഹിയാണ് എതിരാളികൾ. പോയിന്റ് പട്ടികയിൽ 13-ാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സും 12-ാം സ്ഥാനത്തുള്ള ഡൽഹിയും തങ്ങളുടെ ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്.

ഡേവിഡ് കറ്റാലയ്ക്ക് പകരമെത്തിയ ആഷ്‌ലി വെസ്റ്റ്‌വുഡ് ഇന്ത്യൻ ഫുട്ബോളിന് പരിചിതനാണ്. ബെംഗളൂരു എഫ്സിയെ കിരീടനേട്ടങ്ങളിലേക്ക് നയിച്ച തന്ത്രജ്ഞൻ. ആറ് കളിയിൽ അഞ്ചിലും തോറ്റ ബ്ലാസ്റ്റേഴ്സിനെ പോയിന്റ് പട്ടികയുടെ തട്ടിൽ നിന്ന് കരകയറ്റുക എന്ന വലിയ ദൗത്യമാണ് ആഷ്‌ലിക്ക് മുന്നിലുള്ളത്. പ്രതിരോധം ശക്തമാക്കി വിങ്ങർമാരിലൂടെ പ്രത്യാക്രമണം നടത്തുന്ന വെസ്റ്റ്‌വുഡ് ശൈലി ടീമിൽ എന്ത് മാറ്റമുണ്ടാക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ബംഗ്ലാദേശ് ടീമിൽ പരീക്ഷിച്ച 4-4-2 സ്വീപ്പർ ഡയമണ്ട് ശൈലി ഇന്ന് ബ്ലാസ്റ്റേഴ്സിലും കാണുമോ എന്നതാണ് ആകാംക്ഷ.

മുൻ ബ്ലാസ്റ്റേഴ്സ് പരിശീലകൻ തോമാസ് ചോർസ് നയിക്കുന്ന സ്പോർട്ടിങ് ഡൽഹിയിൽ മലയാളി താരങ്ങളുടെയും മുൻ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെയും നിരതന്നെയുണ്ട്. അലക്‌സ് സജി, മനോജ് മുഹമ്മദ്, ജോസഫ് സണ്ണി, അലൻ സജി എന്നീ മലയാളികളും അയ്മൻ, അസ്ഹർ, കരൺജിത്ത് സിങ്, നോറ ഫെർണാണ്ടസ് തുടങ്ങിയ മുൻ ബ്ലാസ്റ്റേഴ്സ് താരങ്ങളും ഡൽഹി നിരയിലുണ്ട്. രണ്ട് പോയിന്റുള്ള ഡൽഹിക്ക് തൊട്ടുപിന്നിൽ ഒരു പോയിന്റുമായാണ് ബ്ലാസ്റ്റേഴ്സ് നിൽക്കുന്നത്.

ടീമിന്റെ മോശം പ്രകടനത്തിലും മാനേജ്‌മെന്റിന്റെ നയങ്ങളിലും പ്രതിഷേധിച്ച് വരാനിരിക്കുന്ന ഹോം മാച്ചുകൾ ബഹിഷ്‌കരിക്കുമെന്ന് ആരാധകക്കൂട്ടായ്മയായ 'മഞ്ഞപ്പട' പ്രഖ്യാപിച്ചു. ടീമിനെ ഉടച്ചുവാർക്കണമെന്നും ഉത്തരവാദിത്തപ്പെട്ടവരെ മാറ്റണമെന്നുമാണ് അവരുടെ ആവശ്യം. ഗാലറിയിലെ ആവേശമായിരുന്ന മഞ്ഞപ്പടയുടെ ഈ തീരുമാനം മാനേജ്‌മെന്റിന് വലിയ തിരിച്ചടിയാണ്. പരിഹാരമുണ്ടായാൽ മാത്രമേ പിന്തുണ തുടരൂ എന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.