- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പോർട്ടിംഗ് ക്ലബ് ഡൽഹിയെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്; സൂപ്പർ കപ്പ് കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം; ഇരട്ട ഗോളുമായി കോൾഡോ ഒബിയെറ്റ; ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി മഞ്ഞപ്പട
പനാജി: സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയ്ക്ക് തുടർച്ചയായ രണ്ടാം ജയം. ജി.എം.സി ബാംബോലിം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്പോർട്ടിംഗ് ക്ലബ് ഡൽഹിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയത്. സ്പാനിഷ് സ്ട്രൈക്കർ കോൾഡോ ഒബിയെറ്റയുടെ ഇരട്ട ഗോളുകളും കൊറോ സിംഗിൻ്റെ ഒരു ഗോളുമാണ് ഡേവിഡ് കാറ്റലയുടെ ടീമിന് നിർണായക വിജയം സമ്മാനിച്ചത്.
രണ്ട് മാറ്റങ്ങളോടെയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. ഡൂസൻ ലഗേറ്ററും നോഹ സദൂയിയും ആദ്യ ഇലവനിൽ ഇടം നേടി. മത്സരത്തിന്റെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്സ് ആക്രമണ ശൈലി പുറത്തെടുത്തു. ആദ്യ മിനിറ്റുകളിൽ തന്നെ നോഹ സദൂയിയുടെ ഷോട്ട് ഡൽഹി ഗോൾകീപ്പറെ പരീക്ഷിച്ചു. പിന്നാലെ ലഭിച്ച കോർണറിൽ നിന്ന് ജുവാൻ റോഡ്രിഗസ് തൊടുത്ത ഹെഡർ ക്രോസ് ബാറിൽ തട്ടിത്തെറിച്ചു.
തുടർച്ചയായ സമ്മർദ്ദത്തിനൊടുവിൽ 18-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ലക്ഷ്യം കണ്ടു. ഡൽഹിയുടെ പ്രതിരോധ നിരയുടെ പിഴവിൽ നിന്ന് പന്ത് റാഞ്ചിയ കോൾഡോ ഒബിയെറ്റ ശാന്തമായി വലയിലെത്തിച്ച് ടീമിന് ആദ്യ ലീഡ് നൽകി. ബ്ലാസ്റ്റേഴ്സിന്റെ ഉയർന്ന പ്രസ്സിങ്ങും വേഗതയേറിയ മുന്നേറ്റങ്ങളും തുടർന്നു. ആദ്യ ഗോൾ നേടി പത്ത് മിനിറ്റിനുള്ളിൽ, നിഹാൽ സുധീഷിന്റെ മനോഹരമായ നീക്കത്തിനൊടുവിൽ ലഭിച്ച അവസരം മുതലെടുത്ത് കോൾഡോ ഒബിയെറ്റ തന്റെ രണ്ടാം ഗോളും ടീമിന്റെ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു.
ബ്ലാസ്റ്റേഴ്സ് അവിടെയും നിർത്തിയില്ല. 33-ാം മിനിറ്റിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ നൽകിയ കൃത്യതയാർന്ന ലോങ് പാസ് കൊറോ സിംഗിന്റെ കാലുകളിലേക്ക് എത്തുകയായിരുന്നു. യുവതാരം പിഴവുകളില്ലാതെ മികച്ച ഫിനിഷിങ്ങിലൂടെ പന്ത് വലയിലെത്തിച്ച് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ സ്കോർ 3-0 ആക്കി. പൂർണ്ണമായും പ്രതിരോധത്തിലേക്ക് ചുരുങ്ങേണ്ടി വന്ന ഡൽഹിക്ക് ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യത്തിന് മുന്നിൽ മറുപടി നൽകാനായില്ല.
രണ്ടാം പകുതിയിലും കളിയിലെ നിയന്ത്രണം ബ്ലാസ്റ്റേഴ്സ് വിട്ടുകൊടുത്തില്ല. നിഹാലിന്റെ മികച്ച മുന്നേറ്റങ്ങളും നോഹയുടെയും കൊറോയുടെയും ഷോട്ടുകളും ഡൽഹി ഗോൾകീപ്പറെ നിരന്തരം പരീക്ഷിച്ചു. 55-ാം മിനിറ്റിൽ വിബിൻ മോഹനനെയും ഐബാൻ ദോഹ്ലിംഗിനെയും കളത്തിലിറക്കി പരിശീലകൻ കാറ്റല ടീമിന്റെ താളം നിലനിർത്തി. ഡൽഹി ആക്രമിക്കാൻ ശ്രമിച്ചെങ്കിലും, ജുവാൻ റോഡ്രിഗസ്, ബികാഷ് യുമ്നം എന്നിവർ നയിച്ച പ്രതിരോധനിര ശക്തമായി നിലയുറപ്പിച്ചു.




