കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും നിരാശ. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്സിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ പൊരുതിക്കളിച്ച് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫിനിഷിംഗിലെ പിഴവ് കേരളത്തിന് തിരിച്ചടിയായി.

മത്സരത്തിന്റെ 47-ാം മിനിറ്റില്‍ ഇന്ത്യന്‍ താരം ലാലിയന്‍സുവാല ചാംഗ്‌തെയാണ് മുംബൈയ്ക്കായി വിജയഗോള്‍ നേടിയത്. പന്തടക്കത്തിലും ആക്രമണത്തിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരമായിരുന്നു ഇത്. പലതവണ മുംബൈ ഗോള്‍മുഖം വിറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായെങ്കിലും ലക്ഷ്യം കാണാനായില്ല.

ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന രണ്ടാമത്തെ പരാജയമാണിത്. ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനോടും (20) ടീം തോറ്റിരുന്നു. സീസണിലെ ആദ്യ പോയിന്റിനായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ കാത്തിരിപ്പ് ഇതോടെ നീളുകയാണ്. അടുത്ത മത്സരങ്ങളില്‍ ടീമിന്റെ മുന്നേറ്റ നിര കൂടുതല്‍ മികവ് പുലര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.