- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ കളിക്കും; വിട്ടുനില്‍ക്കില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ്; വിദേശ താരങ്ങൾ ടീം വിട്ടതിൽ ആരാധകരിൽ നിരാശ; ഫെബ്രുവരി 14-ന് കിക്കോഫ്

കൊച്ചി: വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പങ്കെടുക്കും. 2026 ഫെബ്രുവരി 14-ന് കിക്കോഫ് ചെയ്യുമെന്നും മെയ് 17 വരെ മത്സരങ്ങൾ നീണ്ടുനിൽക്കുമെന്നും ക്ലബ്ബ് അറിയിച്ചു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനുമായും (എഐഎഫ്എഫ്) മറ്റ് അധികൃതരുമായും നടത്തിയ ചർച്ചകൾക്കൊടുവിലാണ് ക്ലബ്ബ് പങ്കാളിത്തം ഉറപ്പാക്കിയത്. ഈ വിഷയത്തിൽ കൃത്യസമയത്ത് ഇടപെടുകയും ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുകയും ചെയ്ത കേന്ദ്ര കായിക മന്ത്രാലയത്തിന് കേരള ബ്ലാസ്റ്റേഴ്സ് നന്ദി രേഖപ്പെടുത്തി.
നിലവിലെ സാഹചര്യങ്ങളിൽ ആരാധകർക്കുള്ള ആശങ്കകൾ ക്ലബ്ബ് തിരിച്ചറിയുന്നുണ്ടെന്നും, ചില പ്രധാന വിഷയങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കാനുണ്ടെന്നും ക്ലബ്ബ് വ്യക്തമാക്കി. ബന്ധപ്പെട്ട കാര്യങ്ങൾ ക്ലബ്ബ് സജീവമായി പരിശോധിച്ചുവരികയാണ്. ഇന്ത്യൻ ഫുട്ബോൾ വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ, കായികരംഗത്തിന്റെ ഭാവി മുൻനിർത്തി എല്ലാവരുമായും സഹകരിച്ച് മുന്നോട്ട് പോകാനാണ് ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം.
ക്ലബ്ബിന് നൽകുന്ന പിന്തുണയ്ക്കും കാണിക്കുന്ന ക്ഷമയ്ക്കും ആരാധകരോടും മറ്റ് പങ്കാളികളോടും ബ്ലാസ്റ്റേഴ്സ് നന്ദി അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ 14 ടീമുകളും ലീഗിൽ കളിക്കാൻ സമ്മതം അറിയിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ ആരംഭിക്കേണ്ടിയിരുന്ന സീസണിന്റെ കിക്കോഫ് 2026 ഫെബ്രുവരി 14-ന് നടക്കും. മെയ് 17 വരെ മത്സരങ്ങൾ നീണ്ടുനിൽക്കും. ഓരോ ആഴ്ചയിലും വ്യാഴം മുതൽ ഞായർ വരെയായിരിക്കും മത്സരങ്ങൾ.
രാത്രി 7:30-നാണ് മത്സരങ്ങൾ ആരംഭിക്കുക. ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 5 മണിക്കും രാത്രി 7:30-നുമായി രണ്ട് മത്സരങ്ങൾ വീതം നടക്കും. ഒരു ടീമിന് സീസണിൽ 13 മത്സരങ്ങളുണ്ടാകും. ഇതിൽ ആറോ ഏഴോ ഹോം മത്സരങ്ങളായിരിക്കും. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ്, ഇന്റർ കാശി എന്നീ ടീമുകൾ കൊൽക്കത്തയാണ് ഹോം ഗ്രൗണ്ടായി തിരഞ്ഞെടുത്തത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൊച്ചിയായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. വിഷയങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുന്ന മുറയ്ക്ക് വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടുമെന്നും ക്ലബ്ബ് അറിയിച്ചു.


