- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സ്വപ്‌നമുണ്ടെങ്കില്‍ അത് സാധ്യമാക്കാനായി പരിശ്രമിക്കുക, പോരാടുക, മറ്റുള്ളവരെന്തു പറയുമെന്ന് കരുതി പാതിവഴിയില്‍ സ്വപ്‌നം ഉപേക്ഷിക്കാതിരിക്കുക; ഖദീജ നിസ എന്ന മലയാളി പെണ്‍കുട്ടിയെ താരമാക്കിയത് ആത്മവിശ്വാസവും പോരാട്ടവീര്യവും
കോഴിക്കോട്: എതിരാളികള്‍ ആരായാലും ആക്രമണത്തിന്റെ എല്ലാ സീമകളും ലംഘിച്ച് പോരാടുക. വിജയത്തിന്റെ അവസാന നിമിഷങ്ങളിലേക്കുള്ള യാത്രവരെ പ്രതീക്ഷകള്‍ കൈവിടാതെ മുന്നേറുക. സൗദിയിലെ ആദ്യ ദേശീയ ഗെയിംസില്‍ ബാഡ്മിന്റ്ണില്‍ വനിത വ്യക്തിഗത ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ കോഴിക്കോട് കൊടുവള്ളിക്കാരി ഖദീജ നിസയുടെ വാക്കുകളാണ് ഇത്. ഈ നേട്ടം വെറുതെ കിട്ടിയതല്ല. അധ്വാനത്തിന്റെ കൂടി ഫലമാണ്. ഒപ്പം തലമുറകളായി കൈമാറിവന്ന പൈത്യകത്തിന്റെ കരുത്തും.
ഖദീജയുടെ ജീവിതം ഇങ്ങനെ മാറിമറിയാന്‍ പ്രധാന പങ്കും സൗദിക്കാണ്. സൗദിയിലെ മുന്‍നിര ക്ലബ്ബായ ഇത്തിഹാദിന്റെ സൂപ്പര്‍ താരമാണ് ഖദീജ. സൗദിയില്‍ ജനിച്ചെന്ന ഒറ്റക്കാരണം ഏറ്റവും മികച്ച അവസരമായി കണ്ട നിസയുടെ ജീവിതത്തില്‍ സൗദി പ്രവാസി കുടുംബങ്ങള്‍ക്കും പാഠങ്ങളുണ്ട്. ഭക്ഷണവും, ഉറക്കവുമെല്ലാം നിയന്ത്രിച്ച് ഈ കോഴിക്കാട്ടുകാരിക്ക് നേടിയ ചിറകുകള്‍ വിടര്‍ത്തുന്നത് ലോകോത്തര വേദിയിലേക്കാണ്. ഓരോ തവണയും രണ്ടേ കാല്‍ കോടിയോളം മൂല്യം വരുന്ന സമ്മാനത്തുകയാണ് ഖദീജ സ്വന്തം പേരില്‍ സ്വന്തമാക്കുന്നത്.
സ്‌കൂള്‍ കാലം മുതല്‍ അസാമാന്യ പ്രകടനത്തിലൂടെ വിജയിച്ചു വന്ന പെണ്‍കുട്ടിയുടെ കായികമികവും പ്രതിഭയും തിരിച്ചറിഞ്ഞ ഇത്തിഹാദ് ക്ലബ്ബ് തങ്ങളുടെ താരമാകുന്നതിനായി ടീമിലേക്ക് ഖദീജ നിസയെ ക്ഷണിക്കുകയായിരുന്നു. ഇത്തിഹാദിന്റെ പ്രതീക്ഷകള്‍ക്കും മുകളിലായിരുന്നു പിന്നീടങ്ങോട്ട് ഈ മലയാളി താരത്തിന്റെ ഒരോ വിജയവും. റിയാദില്‍ പ്രവാസിയായ കോഴിക്കോട് കൊടുവള്ളി സ്വദേശി ഐ.ടി എന്‍ജിനീയര്‍ കൂടത്തിങ്ങല്‍ അബ്ദുല്‍ ലത്തീഫിന്റെയും ഷാനിത ലത്തീഫിന്റെയും മകളാണ് ഖദീജ നിസ.
ഖദീജക്കും സഹോദരങ്ങള്‍ക്കും ആദ്യ പരിശീലകന്‍ പിതാവായ ലത്തീഫ് ആയിരുന്നു. കുട്ടികളുടെ താല്‍പര്യവും പ്രതിഭയും തിരിച്ചറിഞ്ഞതോടെ തനിക്ക് സാധിക്കാതെ പോയ മികച്ച കായിക ജീവിതം മക്കള്‍ക്ക് ലഭിക്കാനായി മികച്ച പരിശീലകരെ കണ്ടെത്തിയതും ലത്തീഫിലെ കായികതാരമാണ്. അവധിക്ക് നാട്ടിലെത്തിയാലും കുട്ടികളുമായി ഷട്ടില്‍ കോര്‍ട്ടുകളിലേക്ക് പരിശീലനത്തിന് മുടങ്ങാതെ പോകുന്ന ശീലവും ഈ കായിക ഇനത്തോടുള്ള അടങ്ങാത്ത ആവേശം കൊണ്ടായിരുന്നു. അത്തരം പരിശീലമാണ് ഖദീജയെ വളര്‍ത്തി ദേശീയതാരമാക്കി മാറ്റിയത്. ഖദീജ വയനാട് ജില്ലാ ചാംപ്യനും സൗദി അറേബ്യയില്‍ നാഷനല്‍ സബ്ജൂനിയര്‍ ചാംപ്യനും ജിസിസി ചാംപ്യനുമായിരുന്നു.
സൗദിയില്‍ ദേശീയ പരിശീലകനായ അമ്മാര്‍ അവാദിന്റെ കീഴിലാണ് പരിശീലിച്ചത്. ഖസാക്കിസ്ഥാനില്‍ നടന്ന ടൂര്‍ണമെന്റില്‍ വനിതാ വിഭാഗത്തില്‍ ഡബിള്‍സില്‍ മല്‍സരിച്ച് രാജ്യാന്തരതലത്തില്‍ ആദ്യമായി സൗദിക്കായി വിജയം നേടിയതും ഖദീജയുടെ ടീമായിരുന്നു. മെക്‌സിക്കന്‍ ചാലഞ്ച്, മാലദീവ്‌സ്, മൌറീഷ്യസ്, ബഹ്‌റൈന്‍, ഈജിപ്റ്റ്, അള്‍ജീരിയ അടക്കം നിരവധി രാജ്യാന്തര ടൂര്‍ണമെന്റുകളിലാണ് സൗദിക്കായി മികച്ച വിജയം നേടിയത്.
കഴിഞ്ഞ വര്‍ഷം ദേശീയ ഗെയിംസില്‍ മല്‍സരിച്ചതോടെയാണ് ഖദീജ ചരിത്ര നേട്ടം കൈവരിച്ചത്. റിയാദ് നജദ് ക്ലബിനു വേണ്ടി റാക്കറ്റേന്തിയ ഖദീജ പുള്‍ തല മല്‍സരങ്ങളിലടക്കം തോല്‍വി അറിയാതെയാണ് ഫൈനലില്‍ വിജയിച്ച് 10 ലക്ഷം റിയാല്‍ സമ്മാനം നേടിയത്. ഒരു സ്വപ്‌നമുണ്ടെങ്കില്‍ അത് സാധ്യമാക്കാനായി പരിശ്രമിക്കുക, പോരാടുക, മറ്റുള്ളവരെന്തു പറയുമെന്ന് കരുതി പാതിവഴിയില്‍ സ്വപ്‌നം ഉപേക്ഷിക്കാതിരിക്കുക അതാണ് തന്റെ കായികജീവിത സ്വപ്‌നങ്ങള്‍ക്ക് കരുത്തു പകരുന്നതെന്ന് ഖദീജ നിസ പറയുന്നു.
ഖദീജ നിസ കായിക പാരമ്പര്യമുള്ള കുടുബത്തില്‍ നിന്നുമാണ് കടന്നു വരുന്നത്. റിയാദില്‍ ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറായ പിതാവ് കൊടുവള്ളി, കൂടത്തിങ്കല്‍ ലത്തീഫ് കോട്ടൂര്‍ നാട്ടിലും സൗദിയിലും ബാഡ്മിന്റണ്‍ കളിക്കുന്നുണ്ട്. ലത്തീഫിന്റെ പിതാവായ കുടത്തിങ്ങല്‍ ഇബ്രാഹീം ഹാജിയും കൊടുവള്ളിയില്‍ പേരെടുത്ത പഴയകാല ബോള്‍ബാഡ്മിന്റണ്‍ പ്ലയറും, വോളിബോള്‍ കളിക്കാരനും കളരിഗുരുക്കളുമായിരുന്നു. പ്രവാസ ലോകത്തും ബാഡ്മിന്റണ്‍ കളിതുടര്‍ന്ന ലത്തീഫ് ഒപ്പം മക്കളെയും കൂടെ കൂട്ടുമായിരുന്നു. റിയാദിലെ സിന്‍മാര്‍ ബാഡ്മിന്റണ്‍ അക്കാദമിയില്‍ പിതാവ് ഷട്ടില്‍ കളിക്കുന്നത് സ്ഥിരം കാഴ്ചയായത് ഖദീജക്കും ഒപ്പം സഹോദരങ്ങള്‍ക്കും റാക്കറ്റ് കൈകളിലേന്താന്‍ പ്രേരണയായി.
ദേവഗിരി സെന്റ് ജോസഫ് കോളജില്‍ ഡിഗ്രി പഠനം നടത്തുന്ന മുതിര്‍ന്ന സഹോദരിയായ റിയ ഫാത്തിമ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബാഡ്മിന്റണ്‍ താരമാണ്. ഇളയ സഹോദരനായ പന്ത്രണ്ട് വയസ്സുകാരന്‍ മുഹമ്മദ് നസ്മി ഓള്‍ ഇന്ത്യ നാഷനല്‍ സബ് ജൂനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കഴിഞ്ഞ വര്‍ഷം കളിച്ചിരുന്നു. കൂടാതെ കേരള സംസ്ഥാന സബ്ജൂനിയര്‍ ടൂര്‍ണ്ണമെന്റില്‍ (അണ്ടര്‍13) ഡബിള്‍സിലും, തിരുവനന്തപുരത്ത് നടന്ന ഓള്‍കേരള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലും ജേതാവാണ്. നിലവില്‍ പ്രകാശ് പദുക്കോണ്‍ അക്കാദമിയില്‍ പരിശീലനം നേടുകയാണ് മുഹമ്മദ് നസ്മി. മറ്റു സഹോദരങ്ങള്‍ നേഹ ലത്തീഫ്, ഹെയ്‌സ് മറിയം എന്നിവരാണ്. മാതാവ് ഷാനിത.