- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
17 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; എഫ്1-ൽ ചരിത്രമെഴുതി മക്ലാരൻ; ലാന്‍ഡോ നോറിസ് ഫോര്‍മുല വണ്‍ ലോക ചാമ്പ്യൻ; നേട്ടം മാക്സ് വെർസ്റ്റാപ്പനെയും മറികടന്ന്
അബുദാബി: ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഫോർമുല വൺ ലോക കിരീടം മക്ലാരൻ ഡ്രൈവർ ലാൻഡോ നോറിസിന്. സീസണിലെ അവസാന മത്സരമായ അബുദാബി ഗ്രാൻപ്രീയിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് 2025-ലെ ലോക ചാമ്പ്യൻഷിപ്പ് കിരീടം നോറിസ് സ്വന്തമാക്കിയത്. നിലവിലെ ലോകചാമ്പ്യനായിരുന്ന മാക്സ് വെർസ്റ്റാപ്പന്റെ നാല് വർഷത്തെ ആധിപത്യമാണ് ഈ 26-കാരനായ ബ്രിട്ടീഷ് ഡ്രൈവർ അവസാനിപ്പിച്ചത്.
കന്നിക്കിരീടം ലക്ഷ്യമിട്ട് ലാൻഡോ നോറിസ്, മാക്സ് വെർസ്റ്റാപ്പൻ, ഓസ്കാർ പിയാസ്ട്രി എന്നിവർ തലനാരിഴ വ്യത്യാസത്തിൽ പൊരുതിയ സീസൺ ഫൈനലായിരുന്നു അബൂദബിയിൽ നടന്നത്. നോറിസിന് കിരീടം ഉറപ്പിക്കാൻ പോഡിയം ഫിനിഷ് (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ ഒന്ന്) നിർബന്ധമായിരുന്നു. മത്സരത്തിൽ റെഡ് ബുൾ ഡ്രൈവറായ മാക്സ് വെർസ്റ്റാപ്പൻ വിജയിച്ചെങ്കിലും, നോറിസ് മൂന്നാമത് ഫിനിഷ് ചെയ്തതോടെ രണ്ട് പോയിന്റ് വ്യത്യാസത്തിൽ കിരീടം മക്ലാരൻ താരത്തിന് ലഭിച്ചു.
നോറിസിന്റെ ടീംമേറ്റും കിരീടപ്പോരാളിയുമായിരുന്ന ഓസ്കാർ പിയാസ്ട്രി രണ്ടാമതായി ഫിനിഷ് ചെയ്തു. 423 പോയിന്റുമായി ലാൻഡോ നോറിസ് ഒന്നാമതെത്തിയപ്പോൾ, 421 പോയിന്റുമായി വെർസ്റ്റാപ്പൻ രണ്ടാം സ്ഥാനത്തും പിയാസ്ട്രി മൂന്നാം സ്ഥാനത്തും സീസൺ അവസാനിപ്പിച്ചു. ബ്രിട്ടന്റെ 11-ാമത്തെ എഫ്1 ലോക ചാമ്പ്യനാണ് ലാൻഡോ നോറിസ്. 2008-ൽ ലൂയിസ് ഹാമിൾട്ടൺ കിരീടം നേടിയ ശേഷം മക്ലാരൻ ടീമിന് ലഭിക്കുന്ന ആദ്യ ലോക ചാമ്പ്യൻഷിപ്പ് നേട്ടമാണിത്. കൂടാതെ, ഫോർമുല വൺ ചരിത്രത്തിലെ 35-ാമത് വ്യത്യസ്ത ലോക ചാമ്പ്യൻ കൂടിയാണ് നോറിസ്.
പോഡിയത്തിൽ വിങ്ങിപ്പൊട്ടി കണ്ണീരണിഞ്ഞ നോറിസ്, ഇത് തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നുവെന്ന് പറഞ്ഞു. "ഇത് ഒരു നീണ്ട യാത്രയായിരുന്നു. പിന്തുണച്ച എന്റെ ടീം അംഗങ്ങൾക്കും മാതാപിതാക്കൾക്കും വലിയ നന്ദിയുണ്ട്. ഞാനും മക്ലാരനും വർഷങ്ങളായി ഒരുമിച്ച് കഠിനാധ്വാനം ചെയ്യുകയായിരുന്നു. ഈ നേട്ടം അവർക്ക് വേണ്ടി സമർപ്പിക്കുന്നു," നോറിസ് പ്രതികരിച്ചു. ഈ സീസണിൽ ഉടനീളം ഏഴ് ഗ്രാൻപ്രീ വിജയങ്ങളും 18 പോഡിയം ഫിനിഷുകളുമാണ് ഈ യുവതാരം നേടിയത്. സീസണിന്റെ തുടക്കത്തിൽ പിന്നോട്ട് പോയ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ നോറിസും മക്ലാരനും ടീം പോരാട്ടത്തിലും റെഡ് ബുളിനെ മറികടന്ന് മുന്നിലെത്തിയിരുന്നു.




