ന്യൂയോർക്ക്: സൂപ്പർ താരം ലയണൽ മെസ്സിയുടെ ഹാട്രിക് മികവിൽ നാഷ്‌വില്ലെ എസ്‌സിക്കെതിരെ നടന്ന മത്സരത്തിൽ ഇന്റർ മയാമിക്ക് തകർപ്പൻ ജയം. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് മയാമി നാഷ്‌വില്ലെയെ പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ മേജർ ലീഗ് സോക്കറിന്റെ (എം‌എൽ‌എസ്) ഗോൾഡൻ ബൂട്ട് പുരസ്കാരം മെസ്സിയുടെ പേരിലായി. ആദ്യ പകുതിയിൽ ഒരു ഗോളും രണ്ടാം പകുതിയിൽ രണ്ട് ഗോളുകളുമാണ് മെസ്സി നേടിയത്.

മത്സരത്തിന്റെ 34-ാം മിനിറ്റിൽ ലഭിച്ച അവസരം മുതലെടുത്ത് പെനാൽട്ടി ബോക്സിന് പുറത്ത് നിന്നുനിന്നുള്ള കിടിലൻ ഷോട്ടിലൂടെ മെസ്സി മയാമിയെ മുന്നിലെത്തിച്ചു. ജോർഡി ആൽബയിൽ നിന്ന് പാസ് സ്വീകരിച്ചതിന് ശേഷം, വെട്ടിമാറി ഇടം കാൽ കൊണ്ട് തൊടുത്ത ഷോട്ട് ഗോൾ വല കുലുക്കി. എന്നാൽ, നാഷ്‌വില്ലെയും ശക്തമായി തിരിച്ചടിച്ചു. 43-ാം മിനിറ്റിൽ സാം സറിഡ്ജ് സമനില ഗോൾ നേടി. ഇന്‍ജുറി ടൈമില്‍ മയാമിയെ ഞെട്ടിച്ചുകൊണ്ട് നാഷ്‌വില്ല വീണ്ടും സ്‌കോര്‍ ചെയ്തു.

ഹാനി മുക്താറിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയെങ്കിലും റീബൗണ്ട് വന്ന പന്ത് ജേക്കബ് ഷാഫല്‍ബര്‍ഗ് വലയിലാക്കി ടീമിന് ലേഡി നേടിക്കൊടുത്തു. 63-ാം മിനിറ്റിൽ പെനാൽട്ടിയിലൂടെ മെസ്സി മയാമിയെ ഒപ്പമെത്തിച്ചു. ബോക്സിൽ ലൂയിസ് സുവാരസിന്റെ കാലിൽ തട്ടിത്തെറിച്ച പന്ത് മുക്താറിന്റെ കൈയിൽ തട്ടിയതിനെ തുടർന്നാണ് പെനാൽട്ടി ലഭിച്ചത്. 67-ാം മിനിറ്റിൽ ബൽത്താസർ റോഡ്രിഗസ് മയാമിയെ മുന്നിലെത്തിച്ചു. 81-ാം മിനിറ്റിൽ കളിക്കാർക്കിടയിലൂടെ തൊടുത്ത ഷോട്ടിലൂടെ മെസ്സി തന്റെ ഹാട്രിക് പൂർത്തിയാക്കി. പിന്നീട് ടെലാസ്‌കോ സെഗോവിയയും ഗോൾ നേടിയതോടെ മയാമിയുടെ വിജയം ഉറപ്പിച്ചു.