മുംബൈ: വരുന്ന ഐപിഎല്‍ സീസണില്‍ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ ഇതിഹാസ ശ്രീലങ്കന്‍ ബാറ്റര്‍ മഹേല ജയവര്‍ധനെ പരിശീലിപ്പിക്കും. ടീമിന്റെ മുഖ്യ പരിശീലകനായി ജയവര്‍ധനെയെ നിയമിച്ചു. മുന്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാര്‍ക്ക് ബൗച്ചര്‍ക്ക് പകരമാണ് ജയവര്‍ധനെ സ്ഥാനമേല്‍ക്കുന്നത്. ബൗച്ചറിന് കീഴില്‍ കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ് ഫിനിഷ് ചെയ്തത്.

2017 മുതല്‍ 2022 വരെ ജയവര്‍ധനയായിരുന്നു മുംബൈയുടെ മുഖ്യ പരിശീലകന്‍. 2022 ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഗേ്‌ളാബല്‍ ഹെഡ് ഓഫ് പെര്‍ഫോമന്‍സ് എന്ന ചുമതല ജയവര്‍ധന ഏറ്റെടുക്കുകയായിരുന്നു. ജയവര്‍ധനയ്ക്ക് കീഴില്‍ മൂന്ന് ഐപിഎല്‍ കിരീടങ്ങളാണ് മുംബൈ സ്വന്തമാക്കിയത്. 2017 ലെ ആദ്യ വരവില്‍ തന്നെ ടീമിനെ കിരീട നേട്ടത്തിലേക്ക് നയിക്കാന്‍ ജയവര്‍ധനയ്ക്ക് സാധിച്ചിരുന്നു. പിന്നീട് 2019, 2020 വര്‍ഷങ്ങളില്‍ നേട്ടം ആവര്‍ത്തിച്ചു.

കഴിഞ്ഞ രണ്ട് സീസണിലായി ബൗച്ചറിന് കീഴിലാണ് മുംബൈ ഇറങ്ങിയത്. 2023 ല്‍ പ്ലേ ഓഫില്‍ എത്തി. രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് പുറത്താവുകയായിരുന്നു. എന്നാല്‍ 2024 ല്‍ മുംബൈ ഇന്ത്യന്‍സ് ദുരന്തമാവുകയായിരുന്നു. 14 മത്സരങ്ങളില്‍ നിന്ന് ജയിച്ചത് നാല് എണ്ണം മാത്രം.

ഐപിഎല്‍ താര ലേലത്തിന് മുന്‍പ് ഏതെല്ലാം കളിക്കാരെ ടീമില്‍ നിലനിര്‍ത്തണം എന്ന് തീരുമാനിക്കുകയാണ് ജയവര്‍ധനെയ്ക്ക് മുന്‍പിലെ ആദ്യ വെല്ലുവിളി. ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 31 ആണ്. നായകന്‍ ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ, ജയ്പ്രീത് ബുമ്ര എന്നിവരെ മുംബൈ നിലനിര്‍ത്താനാണ് സാധ്യത. എന്നാല്‍ അതേസമയം രോഹിത് ശര്‍മ്മ ടീം വിടുമെന്ന സംസാരങ്ങളും ശക്തമാണ്. ജയവര്‍ധനെയുടെ വരവോടെ ഇക്കാര്യത്തില്‍ സമന്വയമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.