- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്തിഹാദിൽ ബോൺമൗത്തിനെ വീഴ്ത്തിയത് 3-1ന്; പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്ത്; എർലിംഗ് ഹാളണ്ടിന് ഇരട്ട ഗോൾ
മാഞ്ചസ്റ്റർ: പ്രീമിയർ ലീഗിൽ ബോൺമൗത്തിനെ 3-1ന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി. എർലിംഗ് ഹാളണ്ടിന്റെ ഇരട്ട ഗോളുകളുടെ പിൻബലത്തിലാണ് സീസണിൽ മികച്ച ഫോമിലുള്ള ബോൺമൗത്തിനെ സിറ്റി പരാജയപ്പെടുത്തിയത്. ഈ വിജയത്തിലൂടെ സിറ്റി ലീഗ് ടേബിളിൽ രണ്ടാസ്ഥാനത്തേക്ക് മുന്നേറി. നിലവിൽ 19 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി, ഒന്നാം സ്ഥാനത്തുള്ള ആഴ്സനലിനേക്കാൾ 6 പോയിന്റ് പിന്നിലാണ്. ബോൺമൗത്ത് 18 പോയിന്റോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, മിന്നൽ പ്രകടനമാണ് ഹാളണ്ട് പുറത്തെടുത്തത്. ആദ്യ പകുതിയിൽ രണ്ട് ഗോളുകളാണ് ഹാളണ്ട് നേടിയത്. 17-ാം മിനിറ്റിൽ ഹാഫ്‌ലൈനിനടുത്തായി നിന്ന് പന്ത് ലഭിച്ച ഹാളണ്ട്, ബോൺമൗത്ത് പ്രതിരോധത്തെ മറികടന്ന് ഗോളിയുടെ മുന്നിലേക്ക് ഓടിക്കയറി, അനായാസം പന്ത് വലയിലെത്തിച്ചു. പ്രീമിയർ ലീഗിൽ തുടർച്ചയായ നാല് ഹോം മത്സരങ്ങളിൽ രണ്ടോ അതിലധികമോ ഗോളുകൾ നേടുന്ന മൂന്നാമത്തെ കളിക്കാരനെന്ന റെക്കോർഡും ഹാളണ്ട് സ്വന്തം പേരിലാക്കി. റോബി ഫൗളർ, ലൂയിസ് സുവാരസ് എന്നിവരാണ് ഈ നേട്ടം മുമ്പ് കൈവരിച്ച കളിക്കാർ.
25-ാം മിനിറ്റിൽ ബോൺമൗത്ത് തിരിച്ചടിച്ചു. ടൈലർ ആഡംസാണ് ഗോൾ നേടിയത്. എന്നാൽ, ബോൺമൗത്തിന്റെ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. 33-ാം മിനിറ്റിൽ ഹാളണ്ട് വീണ്ടും ലക്ഷ്യം കണ്ടു. ബോൺമൗത്ത് പ്രതിരോധത്തെ വീണ്ടും മറികടന്ന താരം, ബോൺമൗത്ത് ഗോൾകീപ്പർ ജോർജെ പെട്രോവിച്ചിനെ കബളിപ്പിച്ച് ഇടതുകാൽകൊണ്ട് തൊടുത്ത ഷോട്ട് ഗോളാക്കി മാറ്റി.
60-ാം മിനിറ്റിൽ നിക്കോ ഓ'റെയ്ലി മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടി മൂന്നാം ഗോൾ നേടി. ഫിൽ ഫോർഡൻ നൽകിയ പാസ് സ്വീകരിച്ച് ബോക്സിനുള്ളിൽ നിന്ന് ഓ'റെയ്ലി തൊടുത്ത ഷോട്ട്, മാർക്കോസ് സെൻസിക്ക് ഇടയിലൂടെ വലയിലെത്തി. 'ടീം വളരെ മികച്ച പ്രകടനം കാഴ്ചവെച്ചു. പ്രതിരോധത്തിലും പ്രസ്സിങ്ങിലും ഞങ്ങൾ മെച്ചപ്പെടണം. ബോൺമൗത്ത് നന്നായി കളിച്ചു, എർലിംഗിന്റെ പ്രകടനം വീണ്ടും നിർണായകമായി,' സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള പ്രതികരിച്ചു. 10 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളുമായി പ്രീമിയർ ലീഗ് ടോപ് സ്കോറർ സ്ഥാനത്താണ് ഹാളണ്ട് നിലവിൽ.




