മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസ് ക്ലബ്ബിനായി തന്റെ 100-ാം ഗോൾ നേട്ടവും സ്വന്തമാക്കി. ഇരു ടീമുകളിൽ നിന്നും ഓരോ കളിക്കാർ റെഡ് കാർഡ് കണ്ട് പുറത്തായിരുന്നു. ടീമിന്റെ തുടർച്ചയായ പരാജയങ്ങൾ യുണൈറ്റഡ് പരിശീലകൻ റൂബൻ അമോറിമിന് വലിയ സമ്മർദ്ദമാണ് ഉണ്ടാക്കിയത്. എന്നാൽ ചെൽസിക്കെതിരെയുള്ള വിജയം പരിശീലകനും ടീമിനും വെറും മത്സരങ്ങൾക്ക് പ്രചോദനമാകും.

മത്സരം ആരംഭിച്ച് അഞ്ചാം മിനിറ്റിൽ തന്നെ ചെൽസിയുടെ ഗോൾകീപ്പർ റോബർട്ട് സാഞ്ചസ് പുറത്തായതോടെയാണ് കളിയിൽ വഴിത്തിരിവുണ്ടായത്. ബ്രയാൻ എംബ്യൂമോയുടെ ഹെഡ്ഡർ തടയുന്നതിനിടയിൽ താരത്തെ ഫൗൾ ചെയ്തതിനെത്തുടർന്നാണ് റെഫറി താരത്തിന് റെഡ് കാർഡ് നൽകിയത്. ഇതിനു പിന്നാലെ 14-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിലെത്തി.

37-ാം മിനിറ്റിൽ കസെമിറോ ഹെഡ്ഡറിലൂടെ യുണൈറ്റഡിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. എന്നാൽ, ആദ്യ പകുതിയുടെ അവസാനത്തോടെ കസെമിറോയും പുറത്തായി. കളിയുടെ 80-ാം മിനിറ്റിൽ ട്രെവോ ചലോബയിലൂടെ ചെൽസി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും യുണൈറ്റഡിന്റെ വിജയത്തിന് അത് തടസ്സമായില്ല.

ഈ വിജയത്തോടെ റൂബൻ അമോറിമിന്റെ കീഴിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് പട്ടികയിൽ പത്താം സ്ഥാനത്തേക്ക് ഉയർന്നു. ഏഴ് പോയിന്റുള്ള യുണൈറ്റഡ്, ആറാം സ്ഥാനത്തുള്ള ചെൽസിയെക്കാൾ ഒരു പോയിന്റ് മാത്രം പിന്നിലാണ്.