- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലബ് നേതൃത്വവുമായുള്ള ബന്ധം വഷളായി; പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതിൽ തർക്കം; റുബൻ അമോറിമിനെ പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്
ലണ്ടൻ: പരിശീലകൻ റുബൻ അമോറിമിനെ പുറത്താക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. 14 മാസം മാത്രം പരിശീലകനായിരുന്ന ശേഷമാണ് ക്ലബ്ബിന്റെ ഈ അപ്രതീക്ഷിത തീരുമാനം. കഴിഞ്ഞ ദിവസം ലീഡ്‌സ് യുനൈറ്റഡുമായുള്ള മത്സരം 1-1ന് സമനിലയിൽ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ക്ലബ് അധികൃതർ ഈ നീക്കം നടത്തിയത്. ക്ലബ് നേതൃത്വവുമായുള്ള ബന്ധം വഷളായതും പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളുമാണ് അമോറിമിന്റെ പുറത്താക്കലിലേക്ക് നയിച്ച പ്രധാന കാരണങ്ങളെന്നാണ് സൂചന.
അടുത്തിടെയായി ക്ലബിന്റെ തലപ്പത്തുള്ളവരും അമോറിമും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായിരുന്നു. താൻ ടീമിന്റെ മാനേജർ ആണെന്നും വെറുമൊരു ഹെഡ് കോച്ച് മാത്രമല്ലെന്നും അമോറിം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന ഒരു നിർണായക യോഗത്തിൽ ക്ലബ് ഡയറക്ടർ ഓഫ് ഫുട്‌ബോൾ ജാസൻ വിൽകോക്‌സുമായി അമോറിം തർക്കത്തിലേർപ്പെട്ടിരുന്നു. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പുതിയ താരങ്ങളെ ടീമിലെത്തിച്ച് പ്രകടനം മെച്ചപ്പെടുത്താനുള്ള അമോറിമിന്റെ ശ്രമങ്ങൾക്ക് ക്ലബ് അധികൃതർ പിന്തുണ നൽകാത്തതാണ് ബന്ധം വഷളാക്കിയത്.
കരാർ തീരുന്നതുവരെ താൻ യുനൈറ്റഡിൽ തുടരുമെന്നും, ക്ലബ് പുതിയൊരു പരിശീലകനെ കണ്ടെത്തിയാൽ മാറിനിൽക്കാമെന്നും അല്ലാതെ സ്വയം പുറത്തുപോകില്ലെന്നുമായിരുന്നു അമോറിമിന്റെ മുൻ നിലപാട്. എന്നാൽ ക്ലബ് അധികൃതർ അദ്ദേഹത്തെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രീമിയർ ലീഗിൽ നിലവിൽ ആറാം സ്ഥാനത്താണ് ടീം. "മാറ്റത്തിനുള്ള ഉചിതമായ സമയമാണിത്" എന്ന് വ്യക്തമാക്കിയാണ് ക്ലബ് അധികൃതർ അമോറിമിനെ പുറത്താക്കിയ വിവരം സ്ഥിരീകരിച്ചത്. ക്ലബ്ബിന്റെ മുൻ താരവും അണ്ടർ 18 ടീം പരിശീലകനുമായ ഡാരൻ ഫ്‌ളെച്ചറിനാണ് ടീമിന്റെ താത്കാലിക ചുമതല. പുതിയ പരിശീലകനെ കണ്ടെത്തുന്നതുവരെ അദ്ദേഹം ഈ പദവിയിൽ തുടരും.
എറിക് ടെൻ ഹാഗിന്റെ പകരക്കാരനായാണ് സ്പോർടിങ് സിപിയുടെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ അമോറിം ഓൾഡ് ട്രാഫോർഡിൽ എത്തിയത്. ആദ്യ സീസണിൽ പ്രതീക്ഷിച്ച പ്രകടനം നടത്താൻ ടീമിന് കഴിഞ്ഞില്ലെങ്കിലും, നടപ്പ് സീസണിൽ അമോറിമിന്റെ കീഴിൽ ടീം ചില മികച്ച വിജയങ്ങൾ നേടിയിട്ടുണ്ട്. ടീം നിലവിൽ ലീഗിൽ ആറാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും, പ്രകടനത്തിലെ അസ്ഥിരത ഒരു മാറ്റവുമില്ലാതെ തുടർന്നു. 2027 വരെ കരാർ നിലനിൽക്കുകയും പ്രകടനമികവിന്റെ അടിസ്ഥാനത്തിൽ ഒരു വർഷം നീട്ടാനുള്ള വ്യവസ്ഥകൾ കരാറിലുണ്ടായിരിക്കുകയും ചെയ്യവെയാണ് ഈ പോർച്ചുഗീസ് പരിശീലകൻ ക്ലബ് വിടുന്നത്.




