- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
6,6,6,4,6,6....; ഒരോവറില്‍ 34 റണ്‍സ്: വെടിക്കെട്ട് ബാറ്റിങ്ങുമായി ഗുപ്റ്റില്‍
സൂറത്ത്: ലെജന്റ്സ് ലീഗില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ ഞെട്ടിച്ചിരിക്കുകയാണ് മുന്‍ ന്യൂസീലന്‍ഡ് ബാറ്റ്സ്മാനായ മാര്‍ട്ടിന്‍ ഗുപ്റ്റില്‍. ഒരോവറില്‍ 34 റണ്‍സടക്കം പുറത്താവാതെ വെടിക്കെട്ട് സെഞ്ചുറി പ്രകടനത്തോടെയാണ് ഗപ്റ്റില്‍ ഹീറോയായി മാറിയത്. സൗത്തേണ്‍ സൂപ്പര്‍ സ്റ്റാര്‍സ് താരമായ ഗുപ്റ്റില്‍ കൊണാര്‍ക്ക് സൂര്യാസ് ഒഡിഷക്കെതിരേയാണ് തകര്‍ത്തടിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊണാര്‍ക്ക് ടീം 9 വിക്കറ്റിന് 192 റണ്‍സെടുത്തപ്പോള്‍ ഗപ്റ്റിലിന്റെ ബാറ്റിങ് കരുത്തില്‍ 16 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സൗത്തേണ്‍ ടീം വിജയം നേടി.
ന്യൂസീലന്‍ഡ് ടീമിനൊപ്പം കസറിയിരുന്ന ഗുപ്റ്റില്‍ ഇതേ മികവ് ഇപ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ബൗളര്‍മാര്‍ തലങ്ങും വിലങ്ങും പറത്തിയ ഗപ്റ്റില്‍ ഓപ്പണറായാണ് ഇറങ്ങിയത്. 54 പന്ത് നേരിട്ട് 9 ഫോറും 11 സിക്സും ഉള്‍പ്പെടെ 131 റണ്‍സോടെ ഗപ്റ്റില്‍ പുറത്താവാതെ നില്‍ക്കുകയായിരുന്നു. 242.59 സ്ട്രൈക്ക് റേറ്റിലാണ് ഗപ്റ്റിലിന്റെ വെടിക്കെട്ട്. ഇതോടെ അനായാസമായ സൗത്തേണ്‍ ടീം വിജയം നേടുകയായിരുന്നു.
ഓപ്പണറായി ഇറങ്ങിയ മാര്‍ട്ടിന്‍ ഗപ്റ്റില്‍ തുടക്കം മുതല്‍ ഒടുക്കം വരെ തല്ലിത്തകര്‍ക്കുകയായിരുന്നു. നവിന്‍ സ്റ്റീവര്‍ട്ടിന്റെ ഓവറില്‍ അഞ്ച് സിക്സും ഒരു ഫോറുമാണ് ഗപ്റ്റില്‍ പറത്തിയത്. ആദ്യത്തെ മൂന്ന് പന്തുകളും ഗപ്റ്റില്‍ സിക്സര്‍ പറത്തി. നാലാം ബോള്‍ ബൗണ്ടറിയും പറത്തിയപ്പോള്‍ അവസാന രണ്ട് പന്തുകളും വീണ്ടും സിക്സര്‍ പറത്തി. നാലാം പന്ത് മാത്രം ബൗണ്ടറിയായിപ്പോയി. അല്ലാത്ത പക്ഷം ആറ് സിക്സര്‍ എന്ന ചരിത്ര നേട്ടത്തിലേക്കെത്താന്‍ ഗപ്റ്റിലിന് സാധിക്കുമായിരുന്നു.
പവര്‍പ്ലേയുടെ അവസാന ഓവറിലായിരുന്നു ഈ പ്രകടനം. രണ്ട് ഓവര്‍ മാത്രമെറിഞ്ഞ നവിന്‍ സ്റ്റീവര്‍ട്ട് 63 റണ്‍സാണ് വഴങ്ങിയത്. കൊണാര്‍ക്ക് ടീമിന്റെ തോല്‍വിക്ക് പ്രധാന കാരണമായത് ഈ ഓവറാണെന്ന് പറയാം. ശ്രീവത്സ് ഗോസ്വാമി (18) ഹാമില്‍ട്ടന്‍ മസാക്കഡ്സ (20) എന്നിവരുടെ വിക്കറ്റുകളാണ് സൗത്തേണിന് നഷ്ടമായത്. പവന്‍ നേഗി (14) ഗപ്റ്റിലിനൊപ്പം പുറത്താവാതെ നിന്നു.
കൊണാര്‍ക്ക് ടീമിനൊപ്പം ഓപ്പണറും വിക്കറ്റ് കീപ്പറുമായ റിച്ചാര്‍ഡ് ലെവിയും തിളങ്ങി. 21 പന്ത് നേരിട്ട് 63 റണ്‍സാണ് അദ്ദേഹം നേടിയത്. 9 ഫോറും 4 സിക്സും ഉള്‍പ്പെടെയാണ് ലെവി കസറിയത്. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാന്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. 22 പന്തില്‍ 33 റണ്‍സാണ് യൂസുഫ് നേടിയത്. രണ്ട് ഫോറും 3 സിക്സും ഉള്‍പ്പെടെയാണ് യൂസുഫിന്റെ പ്രകടനം. നായകന്‍ ഇര്‍ഫാന്‍ പഠാന് ബാറ്റിങ്ങില്‍ തിളങ്ങാനായില്ല. 10 പന്തില്‍ 10 റണ്‍സാണ് ഇര്‍ഫാന്‍ നേടിയത്.
ജെസി റൈഡര്‍ 18, വിനയ് കുമാര്‍ 13 പന്തില്‍ 18 റണ്‍സോടെ പുറത്താവാതെ നിന്നു. കൊണാര്‍ക്ക് ടീമിനായി ഇര്‍ഫാന്‍ പഠാനും യൂസുഫ് പഠാനും പന്തെറിഞ്ഞില്ലെന്നതാണ് കൗതുക കരമായ കാര്യം. വിനയ് കുമാര്‍ 3 ഓവറില്‍ 20 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തതെങ്കിലും വിക്കറ്റ് നേടാനായില്ല. പ്രവീണ്‍ താംബെ 39 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് നേടിയത്. ഷഹബാസ് നദീം നാല് ഓവറില്‍ 41 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. മാര്‍ട്ടിന്‍ ഗപ്റ്റില്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരങ്ങളിലൊന്നാണ്. ഫോമിലേക്കെത്തിയാല്‍ കടന്നാക്രമിച്ച് കളിക്കാന്‍ കഴിവുള്ള താരമാണ് ഗപ്റ്റില്‍. കിവീസിന്റെ എക്കാലത്തേയും മികച്ച വെടിക്കെട്ട് ബാറ്റ്സ്മാന്‍മാരിലൊരാളാണ് ഗപ്റ്റിലെന്ന് നിസംശയം പറയാം.