- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അയാൾ കുറെ വായ്പകളെടുത്തു, സ്വത്ത് പണയം വെച്ചു, നാട്ടുകാരിൽനിന്ന് പണം കടം വാങ്ങി'; ഇപ്പോൾ എന്നെ മോശമായി ചിത്രീകരിക്കാൻ ടാബ്ലോയിഡുകൾ മത്സരിക്കുന്നു; ആ മനുഷ്യന്റെ യഥാർത്ഥ സ്വഭാവം മനസ്സിലായത് ഞാൻ കിടപ്പിലായപ്പോൾ; വിവാഹമോചന വാർത്തകളോട് പ്രതികരിച്ച് മേരി കോം
ന്യൂഡൽഹി: വിവാഹമോചനത്തെക്കുറിച്ചും ദാമ്പത്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് ഇന്ത്യൻ ബോക്സിങ് ഇതിഹാസം മേരി കോം. സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചാരണങ്ങൾ അതിരു കടന്നതിനാലാണ് കാര്യങ്ങൾ വെളിപ്പെടുത്തുന്നതെന്ന് ആറ് തവണ ലോക ബോക്സിങ് ചാമ്പ്യനും ഒളിമ്പിക് വെങ്കല മെഡൽ ജേതാവുമായ മേരി കോം വ്യക്തമാക്കി. മുൻ ഭർത്താവ് കരുങ് ഓൻഖോലർ തന്നിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നും സ്വന്തം അധ്വാനം കൊണ്ട് വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം പോലും നഷ്ടപ്പെട്ടുവെന്നും പിടിഐക്ക് നൽകിയ അഭിമുഖത്തിൽ മേരി കോം വെളിപ്പെടുത്തി.
2023-ൽ ആയിരുന്നു ഇരുവരും വിവാഹമോചിതരായതെങ്കിലും ഈ വിവരം 43 കാരിയായ മേരി കോം പരസ്യമായി സമ്മതിക്കുന്നത് ഇപ്പോഴാണ്. മുൻ വർഷം മേരി കോം വിവാഹമോചിതയായെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. മറ്റൊരു വ്യക്തിയുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങളെ അവർ നിഷേധിച്ചു. "എന്റെ അവസ്ഥയെ എല്ലാവരും പരിഹാസത്തോടെയാണ് കാണുന്നത്. ഞാൻ എന്താണ് അനുഭവിച്ചതെന്ന് അറിയാത്ത ആളുകൾ എന്നെ അത്യാഗ്രഹിയെന്ന് വിളിക്കുന്നു," മേരി കോം പറഞ്ഞു. സാമ്പത്തിക കാര്യങ്ങളിൽ തനിക്ക് വളരെ കുറഞ്ഞ പങ്കാളിത്തം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, തന്റെ കഠിനാധ്വാനം കൊണ്ട് നേടിയെടുത്ത കോടിക്കണക്കിന് രൂപയും ഭൂമിയും നഷ്ടപ്പെട്ടതായും നിലവിൽ ഫരീദാബാദിൽ താമസിക്കുന്ന അവർ കൂട്ടിച്ചേർത്തു.
'ഞാൻ മത്സരത്തിൽ പങ്കെടുത്തിരുന്നപ്പോൾ എല്ലാം കാര്യങ്ങളും ശരിയായി നടന്നിരുന്നു. എന്റെ സാമ്പത്തിക കാര്യങ്ങളിൽ വളരെ കുറച്ചു മാത്രമേ എനിക്ക് പങ്കുണ്ടായിരുന്നുള്ളൂ. എന്നാൽ 2022ലെ കോമൺവെൽത്ത് ഗെയിംസിന് മുൻപ് എനിക്ക് പരിക്കേറ്റപ്പോൾ, എന്റെ ജീവിതം പൊള്ളയായിരുന്നുവെന്ന് എനിക്കു ബോധ്യമായി. മാസങ്ങളോളം ഞാൻ കിടപ്പിലായിരുന്നു, അതിനുശേഷം ഒരു വാക്കർ പോലും ആവശ്യമായി വന്നു. അപ്പോഴാണ് ഞാൻ വിശ്വസിച്ചിരുന്ന ആ മനുഷ്യൻ യഥാർത്ഥത്തിൽ ഞാൻ കരുതിയതുപോലെയല്ലെന്ന് മനസ്സിലായത്,' മേരി കോം പറഞ്ഞു.
ലോകത്തിന് ഒരു കാഴ്ചവസ്തുവാകാൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്നും അതിനാൽ തങ്ങൾക്കിടയിൽ തന്നെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒട്ടേറെ ശ്രമങ്ങൾ നടത്തിയെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ അത് സാധിക്കാതെ വന്നതിനാലാണ് വിവാഹമോചനം തേടിയത്. ബന്ധം തുടരാനാവില്ലെന്ന് തന്റെ കുടുംബത്തെയും മുൻ ഭർത്താവിന്റെ കുടുംബത്തെയും അറിയിച്ചപ്പോൾ അവർക്ക് അത് മനസ്സിലായെന്നും മേരി കോം വ്യക്തമാക്കി. ആളുകൾ തന്റെ അവസ്ഥയെ പരിഹാസത്തോടെയാണ് കാണുന്നതെന്നും താൻ അനുഭവിച്ചത് അറിയാത്ത ആളുകൾ തന്നെ അത്യാഗ്രഹിയെന്ന് വിളിക്കുന്നുവെന്നും മേരി കോം പറഞ്ഞു.
'അയാൾ കുറേ വായ്പകളെടുത്തിട്ടുണ്ട്. എന്റെ സ്വത്ത് പണയം വെച്ചു. അത് അദ്ദേഹത്തിന്റെ പേരിലാക്ക് മാറ്റി. ചുരാചന്ദ്പുരിലെ നാട്ടുകാരിൽനിന്ന് അദ്ദേഹം പണം കടം വാങ്ങി. അത് തിരിച്ചുപിടിക്കാൻ അവർ പ്രാദേശിക ഗ്രൂപ്പുകൾ വഴി ഭൂമി പിടിച്ചെടുത്തു. അദ്ദേഹത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർബന്ധിച്ചത് ഞാനാണ്. എന്നെ വില്ലനായി ചിത്രീകരിക്കാൻ ടാബ്ലോയിഡുകൾ മത്സരിക്കുന്നു. എന്റെ സ്വഭാവം ചോദ്യം ചെയ്യപ്പെടുന്നു. ഇതെല്ലാം കണ്ട് ഞാൻ ആകെ തകർന്നുപോയി. ഞാൻ സ്വന്തമാക്കിയ നേട്ടങ്ങളുടെ അർത്ഥമെന്തെന്ന് സ്വയം ചോദിച്ചു. പക്ഷേ എനിക്ക് സങ്കടപ്പെടാൻപോലും കഴിയില്ല. എന്റെ നാല് കുട്ടികളെ നോക്കണം. എന്നെ ആശ്രയിക്കുന്ന മാതാപിതാക്കളേയും. പോലീസിനെ സമീപിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇനിയെങ്കിലും എന്നെ വെറുതെ വിടണം.' മേരി കോം വ്യക്തമാക്കി.
തന്റെ കുട്ടികൾക്ക് വേണ്ടിയാണ് താൻ ജീവിക്കുന്നതെന്നും പരസ്യചിത്രങ്ങളിൽ ഉൾപ്പെടെ അഭിനയിച്ചാണ് വരുമാനം കണ്ടെത്തുന്നതെന്നും അവർ പറയുന്നു. 'എന്റെ മക്കൾക്കായി ഞാൻ കഠിനധ്വാനം ചെയ്യുന്നു. ഞാൻ എത്രമാത്രം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് ദൈവത്തിന് അറിയാം. പക്ഷേ കുട്ടികളുള്ളപ്പോൾ എനിക്ക് തളരാനാകില്ല. നമ്മൾ സ്വയം മുന്നോട്ട് പോകണം. ഞാൻ ഇപ്പോൾ പോരാടുകയാണ്. എന്റെ ജീവിതം ഒരു നീണ്ട ബോക്‌സിങ് മത്സരമാണെന്ന് തോന്നുന്നു. ദൈവം എന്റെ കൂടെയുണ്ട്. അതെനിക്ക് ശക്തി പകരും'-മേരി കോം പറയുന്നു. മുൻ രാജ്യസഭാംഗവും നിലവിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ (ഐഒഎ) അത്‌ലറ്റ്സ് കമ്മീഷൻ അധ്യക്ഷയുമാണ് മേരി കോം.




