മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലകനായി മോര്‍ണെ മോര്‍ക്കലിനെ നിയമിച്ചു. ബിസിസിഐ സെക്രട്ടറി ജയ്ഷാ വാര്‍ത്താ ഏജന്‍സിയോടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസറാണ് മോര്‍ണെ മോര്‍ക്കല്‍. ഇന്ത്യയില്‍ നടന്ന 2023ലെ ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലകനായിരുന്നു.

ഐപിഎല്‍ ടീമുകളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. സെപ്റ്റംബര്‍ 19 ന് ആരംഭിക്കുന്ന ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരമായിരിക്കും മോര്‍ക്കലിന്റെ ആദ്യത്തെ ദൗത്യം.

ഗൗതം ഗംഭീറിന്റെ താല്‍പര്യപ്രകാരമാണ് 39 കാരനായ മോര്‍ണെ മോര്‍ക്കലിന്റെ വരവ്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ വച്ച് ഒരുമിച്ച് പ്രവര്‍ത്തിച്ച അനുഭവമുണ്ട് ഇരുവര്‍ക്കും. മോര്‍ക്കല്‍ 86 ടെസ്റ്റിലും 117 ഏകദിനത്തിലും, 44 ടി 20യിലും ദക്ഷിണാഫ്രിക്കയ്ക്കും വേണ്ടി കളത്തില്‍ ഇറങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ 544 വിക്കറ്റുകളും സ്വന്തം.

കോച്ചുമാരെന്ന നിലയില്‍ ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് ടീമില്‍ വച്ച് ഗംഭീറും മോര്‍ക്കലും നല്ല ബന്ധം പുലര്‍ത്തിയിരുന്നു. ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിട്ടതിനെ തുടര്‍ന്ന് മോര്‍ക്കല്‍ എല്‍എസ്ജി ബൗളിങ് കോച്ചായി തുടര്‍ന്നു. 2014 ലെ മെഗാ ലേലത്തില്‍ അന്ന് കെകെആര്‍ നായകനായിരുന്ന ഗംഭീര്‍ കളിക്കാരനായി മോര്‍ക്കലിന്റെ സേവനം വേണമെന്ന് നിര്‍ബ്ബന്ധം പിടിച്ചിരുന്നു. താന്‍ ഏറ്റവും ഭയക്കുന്ന ബൗളര്‍ മോര്‍ക്കലാണെന്നും ഗംഭീര്‍ പറഞ്ഞിരുന്നു. അഭിഷേക് നായരും റിയാന്‍ ടെന്‍ ഡോഷേറ്റും നേരത്തെ തന്നെ ഗംഭീറിന്റെ കോച്ചിംഗ് സംഘത്തിലുണ്ടായിരുന്നു. അസിറ്റന്റ് കോച്ചുമാരായിട്ടാണ് അഭിഷേകും റിയാനും ടീമിനൊപ്പമുള്ളത്. ടി ദിലീപ് ഫീല്‍ഡിംഗ് കോച്ചായും ടീമിനൊപ്പമുണ്ട്. നേരത്തെ, തന്റെ സപ്പോര്‍ട്ട് സ്റ്റാഫില്‍ ബൗളിംഗ്, ഫീല്‍ഡിംഗ് പരിശീലകരായി ഗൗതം ഗംഭീര്‍ നിര്‍ദേശിച്ച അഞ്ച് പേരുകളും ബിസിസിഐ തള്ളിയെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

അതേസമയം, മുഖം നോക്കാതെ സംസാരിക്കുന്ന പ്രകൃതം കാരണം ഗംഭീര്‍ അധിക കാലം മുഖ്യകോച്ചായി തുടരില്ലെന്നാണ് മുന്‍ ഇന്ത്യന്‍ ബൗളര്‍ ജോഗീന്ദര്‍ ശര്‍മ്മ അഭിപ്രായപ്പെടുന്നത്. ജൂണില്‍ ടി 20 ലോകകപ്പോടെ, രാഹുല്‍ ദ്രാവിഡ് മുഖ്യപരിശീലക സ്ഥാനം ഒഴിഞ്ഞപ്പോഴാണ് ഗംഭീര്‍ കടന്നുവന്നത്. ശ്രീലങ്കയുമായുള്ള ടി 20 പരമ്പര ഇന്ത്യ നേടുകയും ചെയ്തു.