റബാത്ത്: ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ക്വാർട്ടർ ഫൈനലിൽ കാമറൂണിനെ 2-0 ന് പരാജയപ്പെടുത്തി ആതിഥേയരായ മൊറോക്കോ. ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആതിഥേയരായ മൊറോക്കോയുടെ കിരീട പ്രതീക്ഷകൾക്ക് കരുത്ത് പകരുന്നതാണ് ഈ വിജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ബ്രാഹിം ഡയസും, ഇസ്മായിൽ സൈബാരിയുമാണ് മൊറോക്കോയ്ക്കായി ഗോളുകൾ നേടിയത്.

റബാത്തിലെ പ്രിൻസ് മൗലായ് അബ്ദെല്ല സ്റ്റേഡിയത്തിൽ 64,000ലധികം കാണികളെ സാക്ഷിയാക്കിയായിരുന്നു മത്സരം. റയൽ മാഡ്രിഡ് വിംഗറായ ബ്രാഹിം ഡയസ് 26-ാം മിനിറ്റിൽ അയ്യൂബ് എൽ കാബി ഹെഡറിലൂടെ ആദ്യ ഗോൾ നേടി. ടൂർണമെന്റിലെ ഡയസിന്റെ അഞ്ചാം ഗോളാണിത്. രണ്ടാം പകുതിയിൽ ഇസ്മായിൽ സൈബാരി മൊറോക്കോയുടെ ലീഡ് ഉയർത്തി വിജയമുറപ്പിച്ചു. കഴിഞ്ഞ 16 റൗണ്ടിൽ ടാൻസാനിയയെ 1-0ന് തോൽപ്പിച്ച ടീമിൽ മാറ്റങ്ങളൊന്നും വരുത്താതെയാണ് മൊറോക്കോ കളത്തിലിറങ്ങിയത്.

ആഫ്രിക്കയിലെ ഒന്നാം നമ്പർ ടീമും 2022 ലോകകപ്പ് സെമിഫൈനലിസ്റ്റുകളുമായ മൊറോക്കോയ്ക്ക് സ്വന്തം കാണികൾക്ക് മുന്നിൽ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് കിരീടം നേടാനുള്ള കനത്ത സമ്മർദ്ദത്തിലാണ്. അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ഒരു ഭൂഖണ്ഡ കിരീടം നേടാനാണ് അവർ ലക്ഷ്യമിടുന്നത്. 2004-ൽ തുനീഷ്യയോട് ഫൈനലിൽ തോറ്റതിന് ശേഷം ആദ്യമായാണ് മൊറോക്കോ നേഷൻസ് കപ്പ് സെമിഫൈനലിൽ എത്തുന്നത്.

അഞ്ച് തവണ ആഫ്രിക്കൻ ചാമ്പ്യൻമാരാണ് കാമറൂൺ. മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ബ്രയാൻ എംബ്യൂമോയ്ക്ക് മത്സരത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല. വാലിദ് റെഗ്രാഗുയിയുടെ ടീമിന് സെമിഫൈനലിൽ ശനിയാഴ്ച നടക്കുന്ന അൾജീരിയ-നൈജീരിയ മത്സരത്തിലെ വിജയികലയവും എതിരാളികൾ.