- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാനി കപ്പില്‍ മുത്തമിട്ട് മുംബൈ; 27 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം: 15-ാം കിരീടം, സര്‍ഫറാസ് ഖാന്‍ കളിയിലെ താരം
ലഖ്‌നൗ: 27 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇറാനി കപ്പില്‍ മുത്തമിട്ട് മുംബൈ. 15-ാം തവണയാണ് മുംബൈ ഇറാനി കപ്പ് സ്വന്തമാക്കുന്നത്. അജിങ്ക്യ റഹാനെയുടെ നേതൃത്വത്തില്‍ ഇറങ്ങിയ മുംബൈ തങ്ങളുടെ ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ അടിസ്ഥാനത്തിലാണ് വിജയം ഉറപ്പിച്ചത്. രണ്ടാം ഇന്നിംഗ്‌സ് സമനിലയില്‍ അവസാനിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ മുംബൈക്കായി ഡബിള്‍ സെഞ്ചുറി നേടിയ സര്‍ഫറാസ് ഖാനാണ് കളിയിലെ താരം. സ്‌കോര്‍: മുംബൈ: 537, 329-8, റെസ്റ്റ് ഓഫ് ഇന്ത്യ-416.
ഒന്നാം ഇന്നിങ്സില്‍ മുംബൈ 537 റണ്‍സ്. രണ്ടാം ഇന്നിങ്സില്‍ 8ന് 329 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. റസ്റ്റ് ഓഫ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 416 റണ്‍സിനു പുറത്ത്. മുംബൈക്കായി രണ്ടാം ഇന്നിങ്സില്‍ തനുഷ് കൊടിയാന്‍ (പുറത്താകാതെ 114) സെഞ്ച്വറിയും മോഹിത് അവസ്തി (പുറത്താകാതെ 51) അര്‍ധ സെഞ്ച്വറിയും നേടി.
രണ്ടാം ഇന്നിങ്സില്‍ മുംബൈ ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. ഒരു ഘട്ടത്തില്‍ അവര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയിലും പിന്നീട് 171 റണ്‍സിനിടെ 8 വിക്കറ്റും നഷ്ടപ്പെട്ട നിലയിലെത്തി. എന്നാല്‍ ഒന്‍പതാം വിക്കറ്റില്‍ അപരാജിത കൂട്ടുകെട്ടുമായി തനുഷ് കൊടിയാന്‍, മോഹിത് അവസ്തി സഖ്യം ഐതിഹാസിക ബാറ്റിങുമായി കളം വാണ് ടീം സ്‌കോര്‍ 300 കടത്തി. പിരിയാത്ത 9ാം വിക്കറ്റില്‍ 158 റണ്‍സാണ് സഖ്യം ചേര്‍ത്തത്. സ്‌കോര്‍ 329ല്‍ നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു.
121 റണ്‍സ് ലീഡുമായാണ് മുംബൈ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. ഓപ്പണര്‍ പൃഥ്വി ഷാ അര്‍ധ സെഞ്ച്വറി നേടി (76) പുറത്തായി. എന്നാല്‍ ഒന്നാം ഇന്നിങ്‌സില്‍ തിളങ്ങിയ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (9), ശ്രേയസ് അയ്യര്‍ (8) എന്നിവര്‍ അധികം ചെറുത്തു നില്‍പ്പില്ലാതെ പുറത്തായി. ആയുഷ് മാത്രെ (14), ഹര്‍ദിക് ടമോര്‍ (7), ഷംസ് മുലാനി (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഓപ്പണര്‍ അഭിമന്യു ഈശ്വരന്റെ കിടിലന്‍ സെഞ്ച്വറിയാണ് റസ്റ്റ് ഓഫ് ഇന്ത്യക്ക് കരുത്തായത്. ഒപ്പം ധ്രുവ് ജുറേലിന്റെ ചെറുത്തു നില്‍പ്പും നിര്‍ണായകമായി. അഭിമന്യുവിനു ഇരട്ട സെഞ്ച്വറിയും ധ്രുവ് ജുറേലിനു സെഞ്ച്വറിയും നഷ്ടമായി.
4 വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെന്ന നിലയിലാണ് റസ്റ്റ് നാലാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ചത്. 393ല്‍ നില്‍ക്കെ ധ്രുവും 396ല്‍ നില്‍ക്കെ അഭിനവും മടങ്ങിയതോടെ കടിഞ്ഞാണ്‍ മുംബൈയുടെ കൈയിലായി. അഭിനവ് 191 റണ്‍സുമായി മടങ്ങി. ധ്രുവ് 93 റണ്‍സിലും വീണു. ഇരുവരും പുറത്തായ ശേഷം കാര്യമായ ചെറുത്തു നില്‍പ്പില്ലാതെ റസ്റ്റ് ഓഫ് ഇന്ത്യയുടെ ഇന്നിങ്‌സും അവസാനിച്ചു. സായ് സുദര്‍ശന്‍ (32), ഇഷാന്‍ കിഷന്‍ (38), ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് (9), ദേവ്ദത്ത് പടിക്കല്‍ (16) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. 9 റണ്‍സുമായി സരന്‍ഷ് ജയ്ന്‍ പുറത്താകാതെ നിന്നു. മുംബൈക്കായി ഷംസ് മുലാനി, തനുഷ് കൊടിയാന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മോഹിത് അവസ്തി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് ജുനെദ് ഖാന്‍ ഒരു വിക്കറ്റെടുത്തു.
ഒന്നാം ഇന്നിങ്സില്‍ മുംബൈക്കായി സര്‍ഫറാസ് ഖാന്‍ ഇരട്ട സെഞ്ചറിയുമായി (222) പുറത്താകാതെ നിന്നിരുന്നു. താരത്തിന്റെ കിടയറ്റ ബാറ്റിങാണ് മുംബൈക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (97), തനുഷ് കൊടിയാന്‍ (64), ശ്രേയസ് അയ്യര്‍ (57) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. റസ്റ്റ് ഓഫ് ഇന്ത്യക്കായി മുകേഷ് കുമാര്‍ 5 വിക്കറ്റുകള്‍ വീഴ്ത്തി. യഷ് ദയാല്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടി.